
മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതിനെതിരെ ശിവസേന രംഗത്തെത്തി. രാഷ്ട്രപതി ഭരണം സംസ്ഥാനത്ത് കുതിരക്കച്ചവടത്തിന് വഴിതെളിക്കുമെന്നാണ് സേനയുടെ ആരോപണം. ശിവസേന മുഖ്യപത്രമായ സാമ്‌നയുടെ മുഖപ്രസംഗത്തിലാണ് ഈ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്.
സംസ്ഥാനത്ത് രാഷ്ട്രതി ഭരണം ഏര്‍പ്പെടുത്താനുള്ള ഗവര്‍ണറുടെ തീരുമാനം ഭരണഘടാനാ വിരുദ്ധവും നീതികരിക്കാനാകാത്തതും വഞ്ചനയാണെന്നും ശിവസേന പറയുന്നു. മഹാരാഷ്ട്രയില്‍ ഇതുവരെ കുതിരക്കച്ചവടം തുടങ്ങിയിട്ടില്ല. എന്നാല്‍ രാഷ്ട്രപതി ഭരണം ഇതിലേക്ക് വഴിതെളിക്കും. മഹാരാഷ്ട്ര ഗവര്‍ണര്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നില്ലെന്നും മുഖപത്രത്തിൽ വിമര്‍ശനം ഉന്നയിക്കുന്നു.
അതിനിടെ മഹാരാഷ്ട്രയിൽ സ്ഥിരതയുള്ള സർക്കാരുണ്ടാക്കാൻ സാധിക്കുമെന്ന പ്രതീക്ഷ മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പങ്കുവച്ചു. മഹാരാഷ്ട്രയിൽ സർക്കാരുണ്ടാക്കാൻ ശ്രമം നടത്തുമെന്ന് ബിജെപി എംപി നാരായണ റാണെയും പറഞ്ഞു. കോൺഗ്രസും എൻസിപിയും ശിവസേനയും ചേർന്ന് സർക്കാർ രൂപീകരിക്കാൻ സാധിക്കുമെന്ന് കരുതുന്നില്ലെന്നും നാരയണ റാണെ പറഞ്ഞു.
കോൺഗ്രസും എൻസിപിയും ചേർന്ന് ശിവസേനയെ വിഡ്ഢിയാക്കുകയാണ്. ബിജെപിയെ അധികാരത്തിലെത്തിക്കാനുള്ള ശ്രമമാണ് ദേവേന്ദ്ര ഫഡ്‌നാവിസ് നടത്തുന്നതെന്നും റാണെ കൂട്ടിച്ചേർത്തു. അതിനിടെ സർക്കാർ രൂപീകരിക്കാനുള്ള സാധ്യത മങ്ങിട്ടിയില്ലെന്ന് വ്യക്തമാക്കി ശിവസേന നേതാവ് ഉദ്ദവ് താക്കറെ രംഗത്തെത്തി. കോൺഗ്രസുമായി സഖ്യത്തിലേർപ്പെടുന്നതിൽ തെറ്റില്ലെന്നും ജമ്മു കശ്മീരിൽ പിഡിപ്പിക്കൊപ്പം ബിജെപി സഖ്യത്തിലേർപ്പെട്ടിട്ടുണ്ടെന്നും താക്കറെ പറഞ്ഞു.
മഹാരാഷ്ട്രയിൽ ഇന്ന് വൈകിട്ടോടെയാണ് രാഷ്ട്രപതി ഭരണം നിലവിൽ വന്നത്. ഗവർണർ ഭഗത് സിംഗ് ഉച്ചയോടെ രാഷ്ട്രപതി ഭരണത്തിനുള്ള റിപ്പോർട്ട് ആഭ്യന്തര മന്ത്രാലയത്തിന് കൈമാറിയിരുന്നു. മഹാരാഷ്ട്രയിൽ ഭരണഘടനാ പ്രതിസന്ധിയുണ്ടായെന്ന് ഗവർണർ നൽകിയ റിപ്പോർട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ശുപാർശ ചെയ്തതിന്റെ പശ്ചാത്തലത്തിലായിരുന്നു നടപടി.
മൂന്നാഴ്ചയായി തുടരുന്ന രാഷ്ട്രീയ നാടകത്തിനൊടുവില്‍ രാഷ്ട്രപതി ഭരണത്തിലായി പോയ മഹാരാഷ്ട്രയില്‍ ഗവര്‍ണര്‍ക്കെതിരേ ശിവസേന നല്‍കിയ കേസ് സുപ്രീംകോടതി ഇന്നു പരിഗണിക്കും. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള പിന്തുണ ഉറപ്പുവരുത്താന്‍ ന്യായമായ സമയം നല്‍കിയില്ലെന്നാരോപിച്ചാണു ഗവര്‍ണര്‍ക്കെതിരേ ശിവസേന കോടതിയെ സമീപിച്ചത്. പൊതു മിനിമം പരിപാടിയില്‍ കോണ്‍ഗ്രസും എന്‍സിപിയുമായി ചേര്‍ന്ന സര്‍ക്കാരുണ്ടാക്കാന്‍ നോക്കുകയാണ് ശിവസേന.
ഗവര്‍ണര്‍ക്കെതിരേ ശിവസേന സുപ്രീംകോടതിയെ സമീപിച്ചതോടെ ഇനിയെല്ലാം കോടതിയുടെ തീര്‍പ്പിലാകും. ഗവര്‍ണര്‍ക്കെതിരായ ഹര്‍ജി സുപ്രീം കോടതി ഇന്നു പരിഗണിക്കുമ്പോള്‍ ശിവസേന-എന്‍.സി.പി-കോണ്‍ഗ്രസ് സഖ്യത്തിനു സര്‍ക്കാരുണ്ടാക്കാന്‍ കഴിയുമെന്നു ബോധ്യപ്പെടുത്താനും ശ്രമം നടക്കുന്നു. ഊഴമിട്ട് മുഖ്യമന്ത്രിപദം, ഒന്നിലധികം ഉപമുഖ്യമന്ത്രിമാര്‍, മന്ത്രിസ്ഥാനം പങ്കിടല്‍… തുടങ്ങി നിര്‍ദിഷ്ട സര്‍ക്കാരിന്റെ പൊതു മിനിമം പരിപാടിയടക്കം ചര്‍ച്ചയിലാണ്.