ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളുടെ പേരില്‍ പോലീസ് പീഡിപ്പിക്കുന്നതായി മലയരയ വിഭാഗത്തിലെ സ്ത്രീകള്‍. നിലയ്ക്കല്‍ സംഘര്‍ഷത്തിന്റെ പേരില്‍ പോലീസ് അറസ്റ്റ് ചെയ്ത് പീഡിപ്പിക്കുന്നതായാണ് സ്ത്രീകളുടെ പരാതി. പൊലീസ് അറസ്റ്റ് ചെയ്ത മലയരയ വിഭാഗത്തിലെ യുവാക്കളുടെ കുടുംബാംഗങ്ങളായ സ്ത്രീകള്‍ പരാതിയുമായി പന്തളം കൊട്ടാരത്തിലെത്തി. ശബരിമലയുമായി ബന്ധപ്പെട്ട തലപ്പാറ വേലന്റെ അനന്തരാവകാശികളെ അറസ്റ്റു ചെയ്തു പീഡിപ്പിക്കുന്നതായാണ് സ്ത്രീകളുടെ ആക്ഷേപം.
നിലയ്ക്കലില്‍ നാമജപയജ്ഞം നടത്തിയതിന് പൊലീസ് കസ്റ്റഡിയിലെടുത്തരണ്ടു മലയരയ യുവാക്കളുടെ അമ്മമാരാണ് പന്തളം രാജപ്രതിനിധിയെ കണ്ടത്. ചിറ്റാര്‍ പാമ്പിനി പുതുപ്പറമ്പില്‍ ജയരാജ് (30), പാമ്പിനി മാമ്മൂട്ടില്‍ അഭിലാഷ് (32) എന്നിവരെയാണ് പത്തനംതിട്ട പൊലീസ് ചീഫിന്റെ സ്പെഷ്യല്‍ സ്‌ക്വാഡ് പിടികൂടിയത്. ഇവരെ റാന്നി കോടതിയില്‍ ഹാജരാക്കിയ ശേഷം പൂജപ്പുര ജയിലില്‍ റിമാന്‍ഡു ചെയ്തു. യുവാക്കളെ കാണാതായതിനെത്തുടര്‍ന്നു ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് പൊലീസ് അറസ്റ്റ് ചെയ്തതറിഞ്ഞത്.
ജയരാജിന്റെ അമ്മ തുളസീരാജും അഭിലാഷിന്റെ അമ്മ തങ്കമ്മയും ബന്ധുക്കളുമാണ് പന്തളം കൊട്ടാരത്തിലെത്തിയത്. കൊട്ടാരം നിര്‍വാഹക സംഘം പ്രസിഡന്റ് പി.ജി. ശശികുമാര്‍ വര്‍മ്മ, സെക്രട്ടറി പി.എന്‍. നാരായണ വര്‍മ്മ എന്നിവരെ കണ്ടു. തിരുവിതാംകൂര്‍ മഹാറാണി അശ്വതി തിരുനാള്‍ ഗൗരിലക്ഷ്മിഭായിയും ശബരിമല കര്‍മ്മസമിതി സംസ്ഥാന സംയോജകന്‍ കെ. കൃഷ്ണന്‍കുട്ടിയും ഈ സമയം കൊട്ടാരത്തിലുണ്ടായിരുന്നു. ആവശ്യമായ സഹായങ്ങള്‍ ചെയ്യാമെന്ന് കൊട്ടാരം ഭാരവാഹികള്‍ അറിയിച്ചു.