ശബരിമലയില്‍ ഇതുവരെ കയറിയത് 10 യുവതികള്‍!! പോലീസ് റിപ്പോര്‍ട്ട് സുപ്രീം കോടതിയിലേയ്ക്ക്

ശബരിമല സ്ത്രീ പ്രവേശന വിധിക്ക് ശേഷം ഇതുവരെ 10 യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയതായി പോലീസ്. 40നും 50നും ഇടയില്‍ പ്രായമുള്ളവരാണ് ദര്‍ശനം നടത്തിയതെന്ന് ഉന്നത പോലീസ് വൃത്തങ്ങള്‍ സ്ഥിരീകരിക്കുന്നു. വിദേശത്തുനിന്നെത്തിയ സംഘത്തിലുള്‍പ്പെട്ട യുവതികള്‍ ഉള്‍പ്പെടെ ശബരിമല ദര്‍ശനം നടത്തിയതായാണ് വിവരം.

ശബരിമലയില്‍ ദര്‍ശനം നടത്തിയവരുടെയെല്ലാം പ്രായവും മലകയറിയ തീയതിയും സമയവും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സുപ്രീംകോടതിയില്‍ നല്‍കുന്ന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുമെന്നും ഉന്നതവൃത്തങ്ങള്‍ അറിയിച്ചു. സംസ്ഥാനത്ത് വനിതാമതില്‍ അരങ്ങേറുന്നതിനു മുമ്പും പിമ്പുമായി യുവതികള്‍ മലചവിട്ടിയെന്ന വിവരമാണ് പോലീസ് നല്‍കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മൂന്നു ദിവസംമുമ്പ് ശബരിമലയിലെത്തിയ 25 അംഗ മലേഷ്യന്‍ സംഘത്തില്‍ മൂന്നു യുവതികള്‍ ദര്‍ശനം നടത്തിയെന്ന് പോലീസ് വ്യക്തമാക്കി. വ്യാഴാഴ്ച മലചവിട്ടിയ ശ്രീലങ്കന്‍ യുവതി ഉള്‍പ്പെടെ പത്തുപേര്‍ ദര്‍ശനം നടത്തി. അതേസമയം, ഇക്കാര്യങ്ങളില്‍ ഔദ്യോഗിക സ്ഥിരീകരണത്തിന് ഇവര്‍ ഇതുവരെ തയ്യാറായിട്ടില്ല.

യുവതികള്‍ മലചവിട്ടിയ വിവരം രഹസ്യമായി സൂക്ഷിക്കാനായിരുന്നു തീരുമാനം. സര്‍ക്കാരിനും പോലീസിലെ ഉന്നതര്‍ക്കും ഇതുസംബന്ധിച്ച് അറിവുണ്ടായിരുന്നു. വിദേശത്തുനിന്നെത്തിയവര്‍ക്കു പുറമേ ഇതരസംസ്ഥാനങ്ങളില്‍നിന്നെത്തിയ സംഘങ്ങള്‍ക്കൊപ്പവും 50 വയസ്സില്‍ താഴെയുള്ള വനിതകള്‍ ഉണ്ടായിരുന്നതായും പോലീസ് പറയുന്നു.

ശബരിമലയിലെ യുവതീപ്രവേശവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടുകളില്‍ ഇതുവരെയുണ്ടായ യുവതീപ്രവേശം സംബന്ധിച്ച വിശദവിവരങ്ങളും സുരക്ഷനല്‍കിയത് സംബന്ധിച്ച വിവരങ്ങളും വ്യക്തമാക്കും.

സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ യുവതികളെ കയറ്റിയെന്ന് കോടതിയെ അറിയിക്കുന്നതിന്റെ ഭാഗമായാണ് കൂടുതല്‍ യുവതികളെ എത്തിക്കുന്നതെന്നാണ് സൂചന. മുഖ്യമന്ത്രി ആറ്റിങ്ങലില്‍ നടത്തിയ പ്രസംഗത്തിലുള്‍പ്പെടെ ശ്രീലങ്കന്‍ യുവതി ശബരിമല ദര്‍ശനം നടത്തിയത് സ്ഥിരീകരിച്ചിരുന്നു. ഹര്‍ത്താലനുകൂലികളെ പരിഹസിച്ച് കൂടുതല്‍ സ്ത്രീകള്‍ ശബരിമല കയറുന്നതിനെ സര്‍ക്കാര്‍ അനുകൂലിക്കുന്നുവെന്ന് വ്യക്തമാക്കുന്നു.

ബിന്ദുവും കനകദുര്‍ഗയും ശബരിമല ദര്‍ശനം നടത്തിയശേഷമാണ് കൂടുതല്‍ യുവതികളെ എത്തിക്കുന്ന പദ്ധതിയുമായി പോലീസും സര്‍ക്കാരും മുന്നോട്ടുപോകുന്നതെന്നാണ് വിവരം. വരുംദിവസങ്ങളിലും കൂടുതല്‍ യുവതികള്‍ ദര്‍ശനത്തിനെത്തുമെന്നും പോലീസ് വൃത്തങ്ങള്‍ പറയുന്നു.

Top