മലയാള സിനിമയില്‍ പുതിയ കൂട്ടായ്മയുണ്ടാക്കാനൊരുങ്ങി രാജീവ് രവിയും ആഷിഖ് അബുവും; താരകേന്ദ്രീകൃത സിനിമകള്‍ വേണ്ടെന്ന് തീരുമാനം

മലയാളസിനിമയില്‍ പുതിയൊരു കൂട്ടായ്മ ഉണ്ടാക്കാനൊരുങ്ങി ആഷിഖ് അബുവും രാജീവ് രവിയും. ഇതിന്റെ ആദ്യഘട്ടമായാണ് ദിലീപിനെ തിരിച്ചെടുത്ത തീരുമാനത്തില്‍ പ്രതിഷേധിച്ചും വുമണ്‍ ഇന്‍ സിനിമ കളക്ടീവിനെ പിന്തുണച്ചും നൂറുപേര്‍ ഒരുമിച്ച് പ്രസ്താവനയിറക്കിയത്. വിദേശത്തുള്ള ആഷിഖ് തിരിച്ചെത്തിയാലുടന്‍ തുടര്‍ നീക്കങ്ങളുണ്ടാകും. ഇവര്‍ മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ക്കാണാനും ഉദ്ദേശിക്കുന്നു. താരകേന്ദ്രീകൃതം എന്ന നിലയില്‍നിന്ന് സിനിമയെ മോചിപ്പിക്കുകയാണ് പുതിയ നീക്കത്തിനുപിന്നില്‍.

സമാനമനസ്‌കരായ എല്ലാവരെയും ഒരുമിച്ച് ചേര്‍ക്കുകയാണ് ലക്ഷ്യം. അമ്മയിലും ഫെഫ്കയിലും ശ്വാസംമുട്ടിക്കഴിയുന്നവര്‍ ഒപ്പം ചേരുമെന്ന പ്രതീക്ഷയുമുണ്ട്. ബദല്‍ സംഘടനയല്ല, ഡബ്ല്യു.സി.സി. മാതൃകയില്‍ എല്ലാ മേഖലകളിലുമുള്ളവരുടെ ഒത്തുചേരലായിരിക്കും ഇത്. സിനിമയെ സ്‌നേഹിക്കുന്നവര്‍ക്കും പങ്കാളിത്തമുണ്ടാകും.”ഫെഫ്കയുടെ ഒരു ഉന്നത നേതാവ് സംഘടനകള്‍ക്കും സര്‍ക്കാരിനുമിടയിലുള്ള ഇടനിലക്കാരന്റെ വേഷം സ്വയം അണിഞ്ഞിരിക്കുകയാണ്.

അദ്ദേഹത്തിന്റെ ഇടപെടലുകളാണ് പലപ്പോഴും പ്രശ്‌നങ്ങള്‍ യഥാര്‍ഥരീതിയില്‍ സര്‍ക്കാരിനുമുന്നില്‍ എത്താതിരിക്കാന്‍ കാരണം”പുതിയ കൂട്ടായ്മയ്ക്കുപിന്നിലുള്ള ഒരു സിനിമാപ്രവര്‍ത്തകന്‍ വെളിപ്പെടുത്തി. ആഷിഖിനെ ലക്ഷ്യമിട്ട് ഫെഫ്ക നടത്തിയ കടന്നാക്രമണവും അദ്ദേഹത്തോട് അടുപ്പമുള്ളവരെ പ്രകോപിപ്പിച്ചിട്ടുണ്ട്.

Top