ന്യൂഡല്‍ഹി:കോൺഗ്രസിന് കനത്ത പ്രഹരം നൽകിക്കൊണ്ട് പൌരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിപക്ഷം വിളിച്ച യോഗത്തില്‍ മമതാ ബാനര്‍ജി പങ്കെടുക്കില്ല. സി.എ.എക്കെതിരെ ശബ്ദമുയര്‍ത്തുയര്‍ത്തുമെങ്കിലും സോണിയ ഗാന്ധി വിളിച്ചുകൂട്ടിയ പ്രതിപക്ഷ യോഗത്തില്‍ തൃണമുല്‍ കോണ്‍ഗ്രസ് പങ്കെടുക്കില്ലെന്നും മമത അറിയിച്ചു. ട്രേഡ് യൂണിയന്‍ ദേശീയ പണിമുടക്കിനിടെ ഇടതുമുന്നണി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അക്രമം നടത്തിയെന്നും ഇതില്‍ പ്രതിഷേധിച്ചാണ് തീരുമാനമെന്നും മമതാ ബാനര്‍ജി അറിയിച്ചു.
ഹെറാൾഡ് ന്യൂസ് ടിവി യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ഇടതുമുന്നണിയുടെയും കോണ്‍ഗ്രസിന്റെയും ഈ ഇരട്ടത്താപ്പ് അംഗീകരിക്കാനാവില്ലെന്നും മമത ബാനര്‍ജി വ്യക്തമാക്കി. ദേശീയപണിമുടക്കിനിടെ നടന്ന അക്രമസംഭവങ്ങളെ രൂക്ഷമായ ഭാഷയിലാണ് മമത വിമര്‍ശിച്ചത്. ഒരു തരത്തിലുള്ള അക്രമസംഭവങ്ങളെയും അംഗീകരിക്കാനാവില്ലെന്നും മമതാ ബാനര്‍ജി സംസ്ഥാന നിയമസഭയില്‍ ചൂണ്ടിക്കാട്ടി.
‘പശ്ചിമ ബംഗാളില്‍ ഇന്നലെ ഇടതുപക്ഷവും കോണ്‍ഗ്രസും അഴിച്ചുവിട്ട അക്രമത്തില്‍ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തുന്നു. ഇക്കാരണം കൊണ്ടുതന്നെ ജനുവരി 13 ന് ന്യൂഡല്‍ഹിയില്‍ സോണിയ ഗാന്ധി വിളിച്ച യോഗം ബഹിഷ്‌കരിക്കാന്‍ ഞാന്‍ തീരുമാനിച്ചു,’ ഇതായിരുന്നു മമത സംസ്ഥാന നിയമസഭയില്‍ പറഞ്ഞത്.
പശ്ചിമ ബംഗാളില്‍ കേന്ദ്ര ട്രേഡ് യൂണിയനുകള്‍ ബുധനാഴ്ച നടത്തിയ 24 മണിക്കൂര്‍ പണിമുടക്കില്‍ വ്യാപകമായ അക്രമാണ് നടന്നത്. റെയില്‍വേ ട്രാക്കുകളും റോഡുകളും പ്രതിഷേധക്കാര്‍ തടഞ്ഞു. കടകള്‍ നിര്‍ബന്ധമായി അടച്ചുപൂട്ടിക്കുകയും ചെയ്തു. വലിയ രീതിയിലുള്ള അക്രമവും തീവെയ്പും നടന്നതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് മമത വിയോജിപ്പ് അറിയിച്ചിരിക്കുന്നത്.
എന്നാല്‍ മമതയുടെ തീരുമാനം പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യത്തിന് വിള്ളലേല്‍പ്പിക്കും.പ്രതിപക്ഷ പാര്‍ട്ടികളെ ഒന്നിപ്പിക്കാനുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ശ്രമത്തിന് മമതയുടെ ഈതീരുമാനം വലിയ തീരിച്ചടിയാകുമെന്നാണ് സൂചന.