
കൊച്ചി: മമ്മൂട്ടിയുടേയും ദുൽഖറിന്റേയും ആരാധകരുടെ സ്വപ്നമാണ് ഇരുവരും ഒരുമിച്ച് ഒരു സിനിമ.മമ്മൂട്ടിയുടെ നാനൂറാം ചിത്രത്തിൽ ദുൽഖർ വേഷമിടുന്നു എന്നതാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ.യുവതാരങ്ങളിൽ മുൻനിരയിൽതന്നെയുള്ള ദുൽഖർ ഇതുവരെ പിതാവിനൊപ്പം ഒരു ചിത്രത്തിൽ വേഷമിട്ടിട്ടില്ല. ഇതിനായി ഏറെക്കാലമായി ആരാധകരുടെ ആവശ്യങ്ങൾ സോഷ്യൽ മീഡിയയിലും പ്രകടമാണ്.ഇതാണ് ഇപ്പോൾ യാഥാർത്ഥ്യമാകാൻ പോകുന്നത്. മമ്മുട്ടിയുടെ നാന്നൂറാം ചിത്രമെന്ന നാഴികക്കല്ലിന് ഒന്നുകൂടി മിഴിവേകി മകൻ ദുൽഖർ ഇതിൽ വേഷമിടുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ.
മമ്മൂട്ടിയേയും ദുൽഖറിനേയും ഒരുമിപ്പിക്കുന്ന ചിത്രത്തിന് പിന്നിൽ അൻവർ റഷീദ് അഞ്ജലി മേനോൻ ടീം ആണ് അണിയറ പ്രവർത്തനങ്ങൾ നടത്തുന്നത്. അഞ്ജിലി മേനോൻ തിരക്കഥ രചിക്കുന്ന ചിത്രം അൻവർ റഷീദാണ് നിർമ്മിക്കുന്നത്. ഇതേ ടീം ഒരുക്കിയ ബാംഗ്‌ളൂർ ഡേയ്‌സ് വൻ ഹിറ്റായിരുന്നു. ദുൽഖറും നിവിനും ഫഹദും ഒന്നിച്ച ചിത്രം പോലെ മഹാനടന്റെ നാന്നൂറാം ചിത്രവും വൻ ഹിറ്റാക്കാനുള്ള ഒരുക്കത്തിലാണ് അണിയറ പ്രവർത്തകർ ദുൽഖറിന്റെ കരിയറിൽ ബ്രേക്ക് നൽകിയ ഉസ്താദ് ഹോട്ടലിന്റെ തിരക്കഥ അഞ്ജലി മേനോനായിരുന്നു. അൻവർ റഷീദായിരുന്നു ചിത്രം സംവിധാനം ചെയ്തത്. ഇതെല്ലാം ആണ് പുതിയ ചിത്രത്തിന്റെ സാധ്യതകളും തെളിയിക്കുന്നത്.
മമ്മൂട്ടിയെ നായകനാക്കി ബിഗ് ബി, ദുൽഖറിനെ നായകനാക്കി സിഐഎ എന്നീ ചിത്രങ്ങൾ അമൽ നീരദ് സംവിധാനം ചെയ്തിട്ടുണ്ട്. അമൽനീരദ് ആയിരിക്കുമോ അതോ അൻവർ റഷീദ് ആയിരിക്കുമോ സംവിധാനം എന്ന കാര്യത്തിൽ അന്തിമ തീരുമാനം ആയിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
മമ്മൂട്ടിയും ദുൽഖറും ഒന്നിക്കുമ്പോഴുള്ള ബോക്സ് ഓഫീസ് നേട്ടം മുന്നിൽ കണ്ട് നേരത്തേ തന്നെ പലരും ഇവരുവരേയും ഒന്നിപ്പിക്കാൻ ശ്രമം നടത്തിയെങ്കിലും അതൊന്നും ഫലപ്രാപ്തിയിലെത്തിയില്ല. മികച്ച തിരക്കഥയക്ക് വേണ്ടി ഇരുവരും കാത്തിരിക്കുകയായിരുന്നുവെന്നും ഇരുവരുടേയും ജീവിതത്തിൽ നാഴികക്കല്ലാവുന്ന വിധം ഒരു ചിത്രത്തിൽ ഒരുമിച്ച് അഭിനയിക്കാമെന്നായിരുന്നു തീരുമാനമെന്നും ആണ് സൂചനകൾ.
മമ്മുട്ടിയുടെ നാന്നൂറാം ചിത്രം ആഘോഷമാക്കാൻ കാത്തിരിക്കുകയാണ് ആരാധകർ. അവർക്ക് ഇരട്ടി മധുരമാകുകയാണ് ചിത്രത്തേക്കുറിച്ചുള്ള പുതിയ വാർത്തകൾ. ഗ്രേറ്റ് ഫാദറിന്റെ ഗംഭീര വിജയം മമ്മൂട്ടി ആരാധകരെ കൂടുതൽ ഊർജ്ജസ്വലരാക്കുന്നുണ്ട്.
മമ്മൂട്ടിയും മകനും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിൽ ദുൽഖറിന്റെ അച്ഛന്റെ വേഷത്തിലാണോ മമ്മുട്ടി എന്ന നിലയിൽ വരെ ആരാധകർക്കിടയിൽ ചർച്ചകളും തുടങ്ങിക്കഴിഞ്ഞു. എന്നാൽ ചിത്രത്തെ കുറിച്ചോ കഥയെക്കുറിച്ചോ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. ദുൽഖറിനെ നായകനാക്കി അഞ്ജലി മേനോൻ തന്റെ അടുത്ത ചിത്രം പ്രഖ്യാപിച്ചിരുന്നുവെങ്കിലും അതിലേക്ക് പൃത്ഥ്വീരാജിനെ നായകനാക്കുകയും ചെയ്തു. പുതിയ മമ്മുട്ടി-ദുൽഖർ ചിത്രം വരുന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ മാറ്റം വന്നതെന്നാണ് റിപ്പോർട്ടുകൾ.