ജൂഡ് ആന്റണി ജോസഫിന്റെ പുതിയ ചിത്രമായ 2018 ന്റെ ടീസർ ലോഞ്ച് പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് മമ്മൂട്ടി പറഞ്ഞ വാക്കുകളാണ് ആരോപണങ്ങള്‍ക്കിടയാക്കിയിരിക്കുന്നത്. ടീസർ ലോഞ്ച് ചെയ്ത മമ്മൂട്ടി സംവിധായകനെ വളരെയധികം അഭിനന്ദിക്കുകയും ചെയ്തു. കാവ്യഫിലിംസിന്റെ മൂന്ന് ചിത്രങ്ങളുടെ ലോഞ്ചിങ് നടന്ന ചടങ്ങിലായിരുന്നു വേണു കുന്നപ്പിള്ളി, സി.കെ പത്മകുമാര്‍, ആന്റോ ജോസഫ് എന്നിവര്‍ ചേര്‍ന്ന് നിർമ്മിക്കുന്ന 2018ന്റെ ടീസറും പുറത്ത് വിട്ടത്.
പത്രത്തില്‍ വായിച്ചറിഞ്ഞ ഒരുപാട് നായകന്മാരെ ഈ സിനിമയിലൂടെ കാണുമ്പോള്‍ കുറച്ചുകൂടി ഊർജ്ജവും ആവേശവും നമ്മളിലേക്ക് എത്തും. ഒരു പ്രേക്ഷകന്‍ എന്ന നിലയില്‍ ഈ സിനിമ എന്നെ തികച്ചും അദ്ഭുതപ്പെടുത്തിയിട്ടുണ്ട്. നമ്മള്‍ ഇങ്ങനെ വെറുതെ ഹോളിവുഡ് ആണ് ബോളിവുഡ് ആണ് എന്നൊക്കെ പറയും.
എന്നാല്‍ ഈ സിനിമയില്‍ വെറുതെ പറയുന്നതല്ല, അത്രത്തോളം വിശ്വസനീയമായ രീതിയിലാണ് ഇതിന്റെ ഓരോ ഷോട്ടുകളും ജൂഡ് ഒരുക്കിയിരിക്കുന്നത്. ജൂഡ് ആന്തണിയുടെ തലയില്‍ കുറച്ചു മുടി കുറവുണ്ടെന്നെയുള്ളൂ തലയില്‍ ബുദ്ധിയുണ്ടെന്നും മമ്മൂട്ടി പറഞ്ഞു. മമ്മൂട്ടിയുടെ പ്രസംഗത്തിലെ അവസാന ഭാഗം ബോഡിഷെയിമിങ് ആണെന്ന ആരോപണമാണ് ചിലർ ഇപ്പോള്‍ ഉയർത്തുന്നത്. മന്ത്രി വിഎന്‍ വാസവന്‍ നടത്തിയത് പോലുള്ള ബോഡിഷെയിമിങ് പരാമർശമാണ് മമ്മൂട്ടി നടത്തിയതെന്നാണ് ഇവർ ഉയർത്തുന്ന വാദം.
എന്നാല്‍ ഇന്ദ്രൻസിന്റെ കേസും ഇതും കൂടി താരതമ്യം ചെയ്യാന്‍ പറ്റില്ലെന്നാണ് മമ്മൂട്ടിയെ അനുകൂലിക്കുന്നവർ പറയുന്നത്. ജ്യൂഡിനെ ഇവിടെ മമ്മൂട്ടി അപഹസിക്കുന്നില്ലെന്നും അവർ വ്യക്തമാക്കുന്നു.അതേസമയം സിനിമ ഗ്രൂപ്പുകളില്‍ ചർച്ച മുറുകിയതോടെ സംഭവത്തില്‍ മറുപടിയുമായി ജൂഡ് ആന്റണി തന്നെ രംഗത്ത് എത്തിയിട്ടുണ്ട്.
ഞാൻ ഏറെ ബഹുമാനിക്കുന്ന ആ മനുഷ്യൻ ഏറ്റവും സ്നേഹത്തോടെ പറഞ്ഞ വാക്കുകളെ ദയവു ചെയ്തു വളച്ചൊടിക്കരുതെന്നായിരുന്നു ജൂഡ് ആന്റ്ണി ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്. ‘മമ്മൂക്ക എന്റെ മുടിയെക്കുറിച്ചു പറഞ്ഞത് ബോഡി ഷെമിങ് ആണെന്ന് പൊക്കിപ്പിടിച്ചുക്കൊണ്ടു വരുന്നവരോട് . എനിക്ക് മുടി ഇല്ലാത്തതിൽ ഉള്ള വിഷമം എനിക്കോ എന്റെ കുടുംബത്തിനോ ഇല്ല .
ഇനി അത്രേം ആശങ്ക ഉള്ളവർ മമ്മൂക്കയെ ചൊറിയാൻ നിക്കാതെ എന്റെ മുടി പോയതിന്റെ കാരണക്കാരായ ബാംഗ്ലൂർ കോര്പറേഷൻ വാട്ടർ , വിവിധ ഷാംപൂ കമ്പനികൾ ഇവർക്കെതിരെ ശബ്ദമുയർത്തുവിൻ . ഞാൻ ഏറെ ബഹുമാനിക്കുന്ന ആ മനുഷ്യൻ ഏറ്റവും സ്നേഹത്തോടെ പറഞ്ഞ വാക്കുകളെ ദയവു ചെയ്തു വളച്ചൊടിക്കരുത് . എന്ന് മുടിയില്ലാത്തതിൽ അഹങ്കരിക്കുന്ന ഒരുവൻ’- ജൂഡ് ആന്റണി ഫേസ്ബുക്കില്‍ കുറിച്ചു