ഒല്ലൂര്‍: മാന്ദാമംഗലം സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ യാക്കോബായ- ഓര്‍ത്തഡോക്‌സ് വിഭാഗക്കാര്‍ ഏറ്റുമുട്ടിയതിനെതുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ.. വ്യാഴാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം. കല്ലേറില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. പള്ളിയുടെ ജനല്‍ ചില്ലുകളും തകര്‍ന്നിട്ടുണ്ട്. അഞ്ചു വൈദികര്‍ ഉള്‍പ്പെടെ 28 പേരെ അറസ്റ്റ് ചെയ്തു.
മാന്ദാമംഗലം സെന്റ് മേരീസ് പള്ളി കവാടത്തില്‍ രണ്ടു ദിവസമായി ഓര്‍ത്തോഡ്ക്‌സ് വിഭാഗം സമരത്തിലായിരുന്നു. യാക്കോബായ വിഭാഗം പള്ളിക്കുള്ളിലും. രാത്രി പതിനൊന്നു മണിയോടെ ഇരുകൂട്ടരും തമ്മില്‍ സംഘര്‍ഷമായി. കവാടത്തിലിരുന്ന ഓര്‍ത്തഡോക്ട്‌സ് വിഭാഗം ഗേയ്റ്റ് പൊളിച്ച് പള്ളിക്കുള്ളില്‍ കയറിയെന്ന് യാക്കോബായ വിഭാഗം ആരോപിച്ചു. എന്നാല്‍, പള്ളിക്കുള്ളില്‍ നിന്ന് കല്ലേറു തുടങ്ങിയപ്പോഴാണ് അകത്തു കയറിയതെന്ന് ഓര്‍ത്തഡോക്‌സ് വിഭാഗവും പറയുന്നു.
പരസ്പരം കല്ലെറിഞ്ഞതോടെ നിരവധി പേര്‍ക്കു പരുക്കേറ്റു. ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ പതിനാലു പേര്‍ക്ക് പരുക്കേറ്റു. സമരത്തിന് നേതൃത്വം കൊടുത്തിരുന്ന ഓര്‍ത്തഡോക്‌സ് തൃശൂര്‍ ഭദ്രാസനാധിപന്‍ യൂഹന്നാനോന്‍ മാര്‍ മിലിത്തിയോസിനും പരുക്കേറ്റു. കല്ലേറില്‍ പരുക്കേറ്റവരെ കുന്നംകുളം മലങ്കര ആശുപത്രിയിലും തൃശൂര്‍ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കോടതി ഉത്തരവുണ്ടായിട്ടും സുരക്ഷ നല്‍കാതിരുന്ന പൊലീസാണ് ഈ സംഘര്‍ഷത്തിന്റെ ഉത്തരവാദിയെന്ന് യൂഹന്നാന്‍മാര്‍ മിലിത്തിയോസ് ആരോപിച്ചു.
സംഘര്‍ഷത്തെ തുടര്‍ന്ന് സ്ഥലത്ത് എത്തിയ പൊലീസ് ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ അഞ്ചു വൈദികര്‍ ഉള്‍പ്പെടെ 28 പേരെ അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തു. ഇന്നു കോടതിയില്‍ ഹാജരാക്കും. യാക്കോബായ വിഭാഗത്തിന്റെ നിരവധി പേരും പൊലീസിന്റെ കസ്റ്റഡിയിലുണ്ട്. പള്ളി പരിസരത്ത് കെട്ടി സമരപന്തല്‍ പൊളിച്ചു. സമരക്കാരുടെ കട്ടിലും കിടക്കയും കസേരകളും പൊലീസ് കസ്റ്റഡിയിലെടുത്തു. സെന്റ് മേരീസ് പള്ളിയില്‍ നിലയുറപ്പിച്ച യാക്കോബായ വിശ്വാസികളില്‍ ഭൂരിഭാഗം പേരെയും പൊലീസ് പിരിച്ചുവിട്ടു. സമരം തുടരുമെന്ന് ഇരുപക്ഷവും വ്യക്തമാക്കിയിട്ടുണ്ട്.