കോട്ടയം: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനുണ്ടായ തിരിച്ചടിയെ വിമര്‍ശിച്ച് മന്ത്രി കെ.എം. മാണി. മുന്നണിയെ വിമര്‍ശിക്കുമ്പോഴും മുന്നണി സീറ്റില്‍ വിജയിച്ച കേരള കോണ്‍ഗ്രസിനെ വാനോളം പുകഴ്ത്താനും മാണി മറന്നില്ല. ബാര്‍ കോഴക്കേസ് തനിക്കെതിരായി കെട്ടിച്ചമച്ച ആരോപണങ്ങളാണെന്നും വ്യക്തിപരമായി തന്നെ തേജോവധം ചെയ്ത് കേരളകോണ്‍ഗ്രസ്സിനെ രാഷ്ട്രീയമായി തളര്‍ത്താന്‍ ശ്രമിച്ചവര്‍ക്കുള്ള ചുട്ടമറുപടിയും തിരിച്ചടിയും കൂടിയാണി തെരഞ്ഞെടുപ്പ് ഫലമെന്ന് മന്ത്രി മാണി പറഞ്ഞു.
കേരളാ കോണ്‍ഗ്രസ്സി(എം)ന്റെ ജനസ്വാധീന മേഖലകളിലെല്ലാം യു.ഡി.എഫിന് മികച്ച വിജയമാണ് നേടിയതെങ്കിലും കേരളത്തിലാകെ യു.ഡി.എഫിന് ആഗ്രഹിച്ച വിജയം നേടാന്‍ കഴിഞ്ഞിട്ടില്ലെന്ന് അദേഹം പറഞ്ഞു. വിമതശല്യം നിയന്ത്രിക്കുന്നതില്‍ പിഴവുകളുണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കണം. തെരഞ്ഞെടുപ്പില്‍ മൊത്തത്തില്‍ പ്രതീക്ഷിച്ച വിജയം കൈവരിക്കാന്‍ യു.ഡി.എഫിന് കഴിയാത്തതിന്റെ കാരണങ്ങള്‍ ആഴത്തില്‍ പരിശോധിച്ച് മുന്നണി മുന്നോട്ടുപോകണമെന്നും അദേഹം പറഞ്ഞു. കേരളമാകെ പ്രതിഫലിച്ച രാഷ്ട്രീയ അടിയൊഴുക്കുകള്‍ക്കിടയിലും കേരള കോണ്‍ഗ്രസിന്റെ രാഷ്ട്രീയ അടിത്തറ കൂടുതല്‍ ശക്തവും ഭദ്രവുമാകുന്നുവെന്ന് തെളിയിക്കുന്നതാണ് ഈ തിരഞ്ഞെടുപ്പ് ഫലമെന്നും അദേഹം കൂട്ടച്ചേര്‍ത്തു.