തിരുവനന്തപുരം: ബാര്‍ കോഴക്കേസിലെ കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മന്ത്രി കെ.എം. മാണിയുടെ രാജി സമ്മര്‍ദം ശക്തമാകുമ്പോള്‍ മുന്നണിയെ പ്രതിരോധത്തിലാക്കാനുള്ള അടവുനയവുമായി മാണിയെത്തുമെന്ന് വിലയിരുത്തപ്പെടുന്നത്. ക്ലിഫ് ഹൗസില്‍ ഇന്ന് യുഡിഎഫ് യോഗം നടക്കും. അതിന് മുമ്പ് കേരള കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേരുമെന്ന് മാണി അറിയിച്ചിട്ടുണ്ട്. യുഡിഎഫ് യോഗത്തില്‍ എന്ത് നിലപാട് എടുക്കണമെന്നകാര്യം ആ യോഗത്തിലാണ് സ്വീകരിക്കുക. നാല് വഴികളാണ് മാണിയും പാര്‍ട്ടി നേതൃത്വവും ആലോചിക്കുന്നത്. എല്ലാ സമ്മര്‍ദങ്ങള്‍ക്കും വഴങ്ങി, കോടതി വിധി അംഗീകരിച്ച് മന്ത്രിസ്ഥാനം രാജിവെക്കുക എല്ലങ്കില്‍ പിജെ ജോസഫിനെയും തോമസ് ഉണ്ണിയാടനെയും രാജിവെപ്പിച്ച് മന്ത്രിസഭയില്‍നിന്ന് പാര്‍ട്ടി പിന്‍വാങ്ങുക അതുമല്ലങ്കില്‍ ഹൈക്കോടതി വധിയുടെ സാങ്കേതികത്വം ചോദ്യം ചെയ്ത് മന്ത്രിസ്ഥാനത്ത് വീണ്ടും തുടരുക. ഇവയോന്നുമല്ലെങ്കില്‍ കോണ്‍ഗ്രസും ഉമ്മന്‍ചാണ്ടിയും നടത്തിയ രാഷ്ട്രീയ ഗൂഢാലോചന തുറന്നുപറഞ്ഞ് യുഡിഎഫിന് പറത്തുപോവുക. പാര്‍ട്ടിക്കുള്ളില്‍ ഏതിനാണ് കൂടുതല്‍ പിന്തുണയെന്ന് പറയാറായില്ല. മാണിയുടെ ഇത്തരം പ്രതിരോധം യുഡിഎഫിന്റെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിടുമെന്ന കാര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനും ഘടകക്ഷി നേതാക്കള്‍ക്കും രണ്ടഭിപ്രായമില്ല. സര്‍ക്കാരിന്റെ മുഖം രക്ഷിക്കാന്‍ മാണി മാറിനില്‍ക്കുകയെന്ന തീരുമാനത്തിലേക്ക കോണ്‍ഗ്രസ് സമ്മര്‍ദം ശക്തമാക്കുന്നതും അതുകൊണ്ടാണ്. മാണിയെ ഇനിയും ചുമക്കേണ്ടതില്ലെന്ന വാദമാണ് കോണ്‍ഗ്രസില്‍ ശക്തിപ്പെടുന്നത്.
മന്ത്രിസഭയില്‍നിന്ന് പിന്മാറുന്നതിനോട് പിജെ ജോസഫിന് താല്‍പര്യമില്ല. മാണി കോഴവാങ്ങുകയും കോടതി തെളിവുണ്ടെന്ന് പറയുകയും ചെയ്തതിന് താന്‍ എന്തിന് രാജിവെക്കണം എന്നാണ് ജോസഫിന്റെ ചോദ്യം. മാണിക്ക് പകരം മറ്റൊരാളെ മന്ത്രിയാക്കുകയെന്ന നിര്‍ദേശം ജോസഫ് ഗ്രൂപ്പിന്റെ ഭാഗത്തുനിന്നുണ്ടാകും. എന്നാല്‍, അതാരെന്ന കാര്യത്തില്‍ പാര്‍ട്ടിയില്‍ തര്‍ക്കമാണ്.
പുറത്തുവിടാത്ത രാഷ്ട്രീയ ഗൂഢാലോചനയെന്ന ആയുധം വീണ്ടും പുറത്തെടുത്ത് കെ എം മാണി കോണ്‍ഗ്രസ് നേതൃത്വത്തെ വെല്ലുവിളിക്കുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യമായി ആവശ്യപ്പെടുകയും മുഖ്യമന്ത്രി രാജിയാവശ്യപ്പെട്ടുവെന്ന വാര്‍ത്തകള്‍ പ്രചരിക്കുകയും ചെയ്തതിന് പിന്നാലെയാണ് കോണ്‍ഗ്രസ് നേതൃത്വത്തെ ഒരിക്കല്‍ കൂടി വിറപ്പിക്കാനുള്ള മാണിയുടെ നീക്കം. മുഖ്യമന്ത്രിക്കും കോണ്‍ഗ്രസിനുമെതിരെ ബാര്‍ കോഴയില്‍ രാഷ്ട്രീയ വെളിപ്പെടുത്തല്‍ നടത്തുകയെന്നതാണ് മാണി ഉയര്‍ത്തിയ ഭീഷണി. മാണി മാത്രമല്ല കോഴ വാങ്ങിയത്. എക്‌സൈസ് മന്ത്രി കെ ബാബു, ഐ ഗ്രൂപ്പുകാരനായ മന്ത്രി വിഎസ് ശിവകുമാര്‍ എന്നിവരും കോഴവാങ്ങിയതായി ബാര്‍ ഉടമകളുടെ സംഭാഷണ ശബ്ദരേഖയിലുണ്ട്. ബാബുവിനും ശിവകുമാറിനും ലഭിക്കുന്ന സംരക്ഷണം തനിക്കെന്തുകൊണ്ടില്ല എന്ന ചോദ്യമാണ് കോണ്‍ഗ്രസ് നേതൃത്വത്തോട് മാണി ചോദിക്കുന്നത്. വിജിലന്‍സിന്റെ ക്വിക് വെരിഫിക്കേഷനില്‍ തനിക്കെതിരെ കേസ് എടുത്തപ്പോള്‍ ബാബുവിനെതിരെ കേസ് എടുക്കാഞ്ഞത് എന്തുകൊണ്ടെന്ന ചോദ്യത്തിനും മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും ഉത്തരം പറയേണ്ടിവരും. അതുകൊണ്ട് തന്നെമാത്രം ബലിയാടാക്കി സര്‍ക്കാരും യുഡിഎഫ് നേതൃത്വവും മുഖം രക്ഷിക്കേണ്ടെന്ന നിലപാടിലാണ് മാണി.
മാണി രാജിവെക്കുകയാണ് പ്രതിസന്ധി ഉടന്‍ പരിഹരിക്കാനുള്ള മാര്‍ഗമെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാട്. കെപിസിസി അധ്യക്ഷന്‍ വി എം സുധീരനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ഇക്കാര്യം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അറിയിച്ചു. മുഖം രക്ഷിക്കാന്‍ മാണിയില്‍നിന്ന് രാജിയാവശ്യപ്പെടുക മാത്രമാണ് ഉമ്മന്‍ചാണ്ടിക്ക് മുന്നിലുള്ള വഴിയും. മുസ്ലീം ലീഗ് ഉള്‍പ്പടെയുള്ള മറ്റ് ഘടകകക്ഷികള്‍കൂടി ഈ സമ്മര്‍ദത്തിന്റെ ഭാഗമാകുമ്പോഴാണ് മാണി രാഷ്ട്രീയ ഗൂഢാലോചനയെന്ന തുടക്കം മുതല്‍ ഉയര്‍ത്തുന്ന പ്രതിരോധം മാണി വീണ്ടും പ്രയോഗിക്കുന്നത്.
കെ എം മാണി മുന്നണി വിട്ട് ഇടതുമുന്നണിക്കൊപ്പം പോയി മുഖ്യമന്ത്രിയാകുമെന്ന ഘട്ടത്തിലാണ് ബാര്‍ കോഴ ആരോപണം പുറത്തുവന്നത്. മുഖ്യമന്ത്രിയുടെ അറിവോടെയാണ് ബിജു രമേശ് ആരോപണം മാണിക്കെതിരെ അന്ന് വെളിപ്പെടുത്തല്‍ നടത്തിയതെന്നാണ് കേരള കോണ്‍ഗ്രസിന്റെ നിഗമനം. സംഭവത്തില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് മാണിയും പാര്‍ട്ടിയും തുടക്കം മുതല്‍ ആരോപിച്ചത് ഈ പശ്ചാത്തലത്തിലാണ്. ഇത് അന്വേഷിക്കാനായി കേരള കോണ്‍ഗ്രസ് പാര്‍ട്ടി തല സമിതിയുണ്ടാക്കിയെങ്കിലും ആ സമിതിയുടെ കണ്ടെത്തലുകളോ ശേഖരിച്ച വിവരങ്ങളോ ഇതുവരെ പുറത്തുവിട്ടിട്ടില്ല. രാജിയാവശ്യത്തോടുള്ള കെഎം മാണിയുടെ പ്രതികരണത്തിലും ഉയര്‍ന്നത് ഗൂഢാലോചന ഇന്നല്ലെങ്കില്‍ നാളെ പുറത്തുവരുമെന്നാണ്. യുഡിഎഫ് യോഗത്തില്‍ മുഖ്യമന്ത്രിയുടെ ഈ നീക്കങ്ങള്‍ ഉയര്‍ത്തി മാണി അവസാന പ്രതിരോധത്തിന് ശ്രമിക്കുമോ എന്നതാണ് നിര്‍ണായകം. പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ നല്‍കിയ കത്തില്‍ വിജലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തതും ഈ ഗൂഢാലോനയുടെ ഭാഗമെന്നാണ് കേരള കോണ്‍ഗ്രസിന്റെ ആരോപണം.