മാണി രാജിവയ്ക്കണമെന്ന് കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം

കോട്ടയം: ബാര്‍ കോഴ പ്രശ്‌നത്തില്‍ മന്ത്രി കെ എം മാണിയുടെ രാജി അനിവാര്യമായ കാര്യമാണെന്ന് കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം. മന്ത്രി കെ.എം. മാണിയുടെ രാജിയെക്കുറിച്ച് യു.ഡി.എഫ് യോഗം ചര്‍ച്ച ചെയ്ത് തീരുമാനം കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറയുമ്പോഴാണ് മാണി രാജിവയ്ക്കണമെന്ന ആവശ്യമാണ് അനിവാര്യമാണ്; അമാന്തമരുത് എന്ന മുഖപ്രസംഗത്തില്‍ വീക്ഷണം പറയുന്നത്.

veekshanam   മാണി കുറ്റവാളിയാണെന്ന് അന്തിമമായി വിധിക്കപ്പെട്ടതിന്റെ അടിസ്ഥാനത്തിലല്ല ഈ രാജിയാവശ്യം. വിജിലന്‍സ് കോടതിയുടെയും ഹൈക്കോടതിയുടെയും പരാമര്‍ശങ്ങളില്‍ കഴമ്പുണ്ടോ ഇല്ലയോ എന്ന കാര്യത്തേക്കാള്‍ വ്യക്തിപരമായ നൈതികതയും രാഷ്ട്രീയ സത്യസന്ധതയുമാണ് ഇക്കാര്യത്തില്‍ പ്രധാനം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

   നിയമവിശാരദന്‍ കൂടിയായ കെ എം മാണിക്ക് നിയമവഴികളോ കോടതി വിധിയോടുള്ള ബഹുമാനമോ ആരും പറഞ്ഞുകൊടുക്കേണ്ടതില്ല. പക്ഷെ; കെ എം മാണിയുടെ രാഷ്ട്രീയപരിണിത പ്രജ്ഞ ഏറ്റവും ഉയര്‍ന്ന നിലയില്‍ പ്രവര്‍ത്തിക്കേണ്ടത് ഇപ്പോഴാണ്. കോടതി പരിഗണിക്കുന്നത് ഒരിക്കലും സത്യസന്ധതയെയായിരിക്കില്ല; തെളിവുകളും ന്യായങ്ങളുമായിരിക്കും.

   ആ നിലയില്‍ മാണിക്കെതിരെയുള്ള വിജിലന്‍സ് കോടതിയുടെയും ഹൈക്കോടതിയുടെയും പരാമര്‍ശങ്ങള്‍ തെറ്റാണെന്ന് തെളിയിക്കേണ്ടത് കേസ് വാദം നടക്കുമ്പോഴാണ്. സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഒരു കോടതി പരാമര്‍ശത്തിന്റെ പേരില്‍ പദവികള്‍ ഉപേക്ഷിക്കേണ്ടതില്ല. പക്ഷെ, പൊതുപ്രവര്‍ത്തകരെ സംബന്ധിച്ചിടത്തോളം ഇത്തരം ആനുകൂല്യങ്ങള്‍ക്ക് അവകാശമില്ല. മറിച്ചു ബാധ്യതകളാണ് അവരുടെ കാര്യത്തില്‍ മുന്തിനില്‍ക്കുന്നത്.

   ആ നിലയില്‍ മന്ത്രിസ്ഥാനം രാജിവെക്കേണ്ടത് കെ എം മാണിയുടെ വിശുദ്ധിക്കും രാഷ്ട്രീയ ഭാവിക്കും അനിവാര്യമാണ്. നിയമത്തോടും നീതിപീഠങ്ങളോടും എക്കാലത്തും ആദരവ് പ്രകടിപ്പിച്ച കോണ്‍ഗ്രസിന് ഇക്കാര്യത്തിലുള്ള അഭിപ്രായം ഭിന്നമല്ല. കോടതി പരാമര്‍ശത്തോട് കൂടി എല്ലാം അവസാനിച്ചെന്ന് കോണ്‍ഗ്രസ് കരുതുന്നില്ല. തീക്ഷ്ണമായ നിയമ പോരാട്ടങ്ങളിലൂടെ തങ്ങളുടെ നിരപരാധിത്വം തെളിയിച്ചു അഗ്‌നിശുദ്ധി വരുത്തിയ കോണ്‍ഗ്രസ് നേതാക്കളുടെ മാതൃക ഏവര്‍ക്കും സ്വീകാര്യമാണ്.

   രാജന്‍ കേസില്‍ തെറ്റായ സത്യവാങ്മൂലം നല്‍കിയതിന്റെ പേരിലുണ്ടായ പ്രതികൂല കോടതി പരാമര്‍ശം കാരണം അന്നത്തെ മുഖ്യമന്ത്രി കെ കരുണാകരന്റെ രാജി കേരള രാഷ്ട്രീയത്തിലെ ഉദാത്ത മാതൃകയായിരുന്നു. കരുണാകരന്റെ രാജി ആദ്യമായി ആവശ്യപ്പെട്ടത് ‘വീക്ഷണ’ മായിരുന്നുവെന്ന കാര്യം ഇവിടെ സ്മരണീയമാണ്. മകളുടെ വിവാഹപ്രായ കേസില്‍ മന്ത്രി എം പി ഗംഗാധരനും ചന്ദന ഫാക്ടറി കേസില്‍ വനം വകുപ്പ് മന്ത്രി കെ പി വിശ്വനാഥനും രാജിവെച്ചത് വലിയ മാതൃകകളായിരുന്നു.

   നിയമസഭയില്‍ രാജി പ്രഖ്യാപിച്ച മന്ത്രിയായിരുന്നു വിശ്വനാഥന്‍. ഇവരൊക്കെ പിന്നീട് കേസ് ജയിച്ചു നിരപരാധിത്വം തെളിയിച്ചവരായിരുന്നു. അലക്കുകാരിയുടെ അപവാദം കേട്ടു ഭാര്യയെ ഉപേക്ഷിച്ച ശ്രീരാമചന്ദ്രന്റെ നടപടി പക്വമായിരുന്നില്ലെങ്കിലും രാജാവ് അപവാദത്തിന് അതീതമായിരിക്കണമെന്ന രാജനീതിബോധമാണ് അദ്ദേഹത്തെ നയിച്ചിരുന്നത്. ജനാധിപത്യ യുഗത്തിലും ഇത്തരം മാതൃകകള്‍ പരിഗണനീയമാണ്.

   അരനൂറ്റാണ്ട് കാലത്തെ രാഷ്ട്രീയ പ്രവര്‍ത്തന പാരമ്പര്യമുള്ള കെ എം മാണി എല്ലാവഴികളും അടഞ്ഞ ശേഷം രാജി എന്ന തീരുമാനത്തിലെത്തുന്നത് ആത്മഹത്യാപരമായിരിക്കും. ഇത്തരം കാര്യങ്ങളില്‍ വൈകാരികതയേക്കാള്‍ വിവേകമാണ് മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കേണ്ടത്. മധ്യകേരളത്തിലെ കര്‍ഷക സമൂഹത്തില്‍ മാണിക്കും കേരള കോണ്‍ഗ്രസിനുമുള്ള പ്രസക്തിയും പ്രാധാന്യവും ഏറെ വലുതാണ്. ജനാധിപത്യ ചേരിയുടെ ശക്തിസ്തംഭങ്ങളിലൊന്നായ കെ എം മാണിയെ കൊത്തിക്കീറാന്‍ യു ഡി എഫ് ആരെയും അനുവദിക്കില്ല.

   ഉന്നയിക്കപ്പെട്ട ആരോപണങ്ങള്‍ ഇനിയും തെളിയിക്കപ്പെട്ടിട്ടില്ല. അതിന് മുമ്പ് കുറ്റവാളിയെ പ്രഖ്യാപിക്കുന്നതും ശരിയല്ല. പക്ഷെ; ഭരണതലത്തിലിരിക്കുന്നവര്‍ക്കെതിരെ കോടതി പരാമര്‍ശങ്ങളുണ്ടാകുമ്പോള്‍ രാജിവെയ്ക്കുക എന്നത് പരിഷ്‌കൃത ജനാധിപത്യ സമൂഹത്തിലെ നടപ്പ് രീതിയാണ്. കച്ചിതുമ്പുകള്‍ക്കോ മുടന്തന്‍ ന്യായങ്ങള്‍ക്കോ അവിടെ പ്രസക്തിയില്ല.

   മാണിയെ തുണയ്ക്കുന്ന ജനസമൂഹത്തിന്റെയും അദ്ദേഹത്തിന്റെ അനുഭവജ്ഞാനത്തില്‍ നിന്നും ഊര്‍ജ്ജം വഹിക്കുന്ന യു ഡി എഫിന്റെയും പ്രതിച്ഛായയ്ക്ക് തന്റെ രാജി അനിവാര്യമാണെങ്കില്‍ അതിന് അദ്ദേഹം മടിക്കില്ലെന്നാണ് യു ഡി എഫ് അഭ്യുദയകാംക്ഷികള്‍ പ്രതീക്ഷിക്കുന്നത്. യു ഡി എഫ് കൂട്ടായ്മയും വിശ്വാസ്യതയും സംരക്ഷിക്കുന്നതില്‍ കെ എം മാണി വിമുഖത പ്രകടിപ്പിക്കില്ലെന്ന് ഞങ്ങളും വിശ്വസിക്കുന്നു. അനിവാര്യമായത് അനിവാര്യമായ ഘട്ടത്തില്‍ ചെയ്യാത്തവരെയാണ് ചരിത്രം കുറ്റക്കാരെന്ന് വിളിക്കുന്നത്. മുഖപ്രസംഗത്തില്‍ പറയുന്നു.

 

Top