
കാസര്‍ഗോഡ്: നിയമസഭയിൽ രണ്ടാമതും താമര വിരിയുന്നു .രാജഗോപാലിനിലൂടെ നിയമസഭയില്‍ താമര വിരിയിച്ച ബി.ജെ.പിക്ക് ലോകസഭ തിരഞ്ഞെടുപ്പിനു മുന്‍പ് വീണ്ടും നിയമസഭയില്‍ താമര വിരിയിക്കാനുള്ള സുവര്‍ണ്ണാവസരം വന്നിരിക്കയാണ് .നിലവിലെ സാഹചര്യത്തിൽ ബിജെപിക്ക് മുൻതുക്കം കിട്ടുമെന്നാണ് സൂചന .മഞ്ചേശ്വരം എം.എല്‍.എ പി.ബി അബ്ദുള്‍ റസാഖ് അന്തരിച്ചതോടെ ഇനി രാഷ്ട്രീയ പോര് മഞ്ചേശ്വരത്തക്ക് തിരിയുകയാണ് .ശബരിമല വിഷയത്തിലെ രാഷ്ട്രീയ നേട്ടം ബിജെപിക്കും രാഷ്ട്രീയമായ ഏറ്റവും പരാജയം കോൺഗ്രസിനും വന്നിരിക്കുന്നതിനാൽ യു.ഡി.എഫ് പ്രതീക്ഷ അസ്തമിച്ചിരിക്കയാണ് .സംസ്ഥാനത്തെ പിടിച്ചുലച്ച ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടുകളോടുള്ള ജനകീയ വിധിയെഴുത്ത് കൂടിയായി മാറും മഞ്ചേശ്വരത്ത്.ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മഞ്ചേശ്വരത്ത് വീണ്ടും കെ.സുരേന്ദ്രനെ തന്നെ സ്ഥാനാര്‍ത്ഥിയാക്കാനാണ് ബി.ജെ.പി ശ്രമിക്കുകയെന്നാണ് സൂചന.
മഞ്ചേശ്വരത്ത് കഴിഞ്ഞ തവണ 89 വോട്ടിനാണ് ബി.ജെ.പിയിലെ കെ.സുരേന്ദ്രന്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അബ്ദുള്‍ റസാഖിനോട് പരാജയപ്പെട്ടത്.ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സംഘപരിവാര്‍ സംഘടനകള്‍ സ്വീകരിച്ച നിലപാട് തന്നെയാണ് മുസ്ലീം ജനസമൂഹത്തിലെ ഭൂരിപക്ഷത്തിനുമുള്ളത്.
ശബരിമല ഉത്തരവിന്റെ മറപിടിച്ച് പള്ളികളിലും സ്ത്രീ പ്രവേശനത്തിന് ആവശ്യം ഉയരുമെന്ന് പ്രമുഖ മുസ്ലീം സംഘടനകള്‍ ഭയക്കുന്നുണ്ട്.
ഇടതുപക്ഷത്തെ പിന്തുണയ്ക്കുന്ന സുന്നി വിഭാഗത്തിനടക്കം ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാടല്ല ഉള്ളത്.സംസ്ഥാന ദേശീയ രാഷ്ട്രീയ സംഭവ വികാസങ്ങളേക്കാള്‍ ഏറ്റവും അധികം ശബരിമല വിഷയം ചര്‍ച്ച ചെയ്യപ്പെടുന്ന ഉപതിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം എന്ത് പ്രതിരോധമാണ് തീര്‍ക്കുക എന്നാണ് ഇനി കണ്ടറിയേണ്ടത്.
എം.എല്‍.എയോ എം.പിയോ മരണപ്പെട്ടാല്‍ ആറ് മാസത്തില്‍ ഒരിക്കല്‍ ഉപതിരഞ്ഞെടുപ്പ് നടത്തണമെന്നതാണ് നിലവിലെ നിയമം.ലോകസഭ തിരഞ്ഞെടുപ്പിനു മുന്‍പ് മഞ്ചേശ്വരം വിധി വന്നാല്‍ അത് ലോകസഭ തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന കാര്യവും ഉറപ്പാണ്.എല്‍.ഡി.എഫിനെയും യു.ഡി.എഫിനെയും ആണ് ഏറ്റവും കൂടുതല്‍ മഞ്ചേശ്വരം വിധി ബാധിക്കുക.
അട്ടിമറി വിജയം നേടാനായാല്‍ ലോക്‌സഭയില്‍ ചുരുങ്ങിയത് 5 എം.പിമാര്‍ കേരളത്തില്‍ നിന്നും ഉണ്ടാകുമെന്നാണ് ബി.ജെ.പി നേതൃത്വത്തിന്റെ അവകാശവാദം.ചെങ്ങന്നൂരില്‍ തകര്‍പ്പന്‍ വിജയം നേടിയ എല്‍.ഡി.എഫിനെ സംബന്ധിച്ച് വോട്ട് കുറഞ്ഞാലും കനത്ത പ്രഹരമാകും.സിറ്റിംഗ് സീറ്റ് നഷ്ടമായാല്‍ യു.ഡി.എഫിനെ സംബന്ധിച്ച് മുന്നണി ബന്ധങ്ങളില്‍ തന്നെ വലിയ മാറ്റങ്ങള്‍ ഉണ്ടാകും.മഞ്ചേശ്വരത്തെ കളത്തില്‍ ഇറങ്ങുന്നതിനു മുന്‍പ് എങ്ങനെയെങ്കിലും ശബരിമല വിഷയം രമ്യമായി പരിഹരിക്കണമെന്ന ആവശ്യം ഭരണപക്ഷത്ത് ശക്തമാണ്.
മണ്ഡലകാലം ആരംഭിക്കുന്ന സമയത്ത് കൂടുതല്‍ പ്രശ്‌നങ്ങള്‍ക്ക് സാധ്യത ഉണ്ടെന്നും വൈകാരികമായി പൊതു സമുഹത്തില്‍ പ്രശ്‌നം അവതരിപ്പിക്കുന്ന സംഘ പരിവാര്‍ നീക്കത്തില്‍ ജാഗ്രത പാലിക്കണമെന്നും എല്‍.ഡി.എഫ് നേതാക്കള്‍ അണികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.ദേവസ്വം ബോര്‍ഡിനെ കൊണ്ട് മാത്രമല്ല സര്‍ക്കാര്‍ തന്നെ സുപ്രീം കോടതിയില്‍ പുന:പരിശോധന ഹര്‍ജി നല്‍കണമെന്ന ആവശ്യവും ഭരണപക്ഷത്ത് പുതിയ സാഹചര്യത്തില്‍ ശക്തമാണ്.
കഴിഞ്ഞ തവണ മഞ്ചേശ്വരത്ത് നിന്നും വെറും 89 വോട്ടിന് അബ്ദുള്‍ റസാഖിനോട് തോറ്റ ബിജെപി നേതാവ് കെ സുരേന്ദ്രന്റെ എംഎല്‍എ സ്വപ്നത്തിന് വീണ്ടും ജീവന്‍ വയ്ക്കുകയാണ്. ബിജെപിയുടെ സ്വാധീന മണ്ഡലമെന്നതാണു മഞ്ചേശ്വരത്തെ ശ്രദ്ധേയമാക്കുന്ന ഘടകം. കഴിഞ്ഞ തവണത്തെ പരാജയത്തിനെതിരെ സുരേന്ദ്രന്‍ നല്‍കിയ കേസ് ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്.
ഉപതിരഞ്ഞെടുപ്പില്‍ കെ.സുരേന്ദ്രന്‍ വീണ്ടും സ്ഥാനാര്‍ഥിയാകാനാണു സാധ്യത. തിരുവനന്തപുരത്തെ നേമത്ത് ഒ.രാജഗോപാലിലൂടെ വിരിഞ്ഞ താമര മഞ്ചേശ്വരത്തും വിരിയിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി. ശബരിമല വിഷയത്തിലെ ജനവികാരം വോട്ടാക്കി മാറ്റാമെന്നും പാര്‍ട്ടി കണക്കുകൂട്ടുന്നു. ശബരിമലയില്‍ കോണ്‍ഗ്രസിന്റെ നിലപാട് ബിജെപിക്ക് ഗുണം ചെയ്യുന്ന തരത്തിലുള്ളതാണ്. സ്വന്തം അണികളിൽ ബിജെപി ചായ്വ് സൃഷ്ടിക്കാനാണ് കോൺഗ്രസ് സമരം ഉപകരിച്ചത്.
തിരഞ്ഞെടുപ്പ് ചരിത്രമെടുത്താല്‍ മുസ്ലിം ലീഗിന്റെ ശക്തമായ മണ്ഡലമാണ് മഞ്ചേശ്വരം. ബിജെപിക്ക് സിപിഎമ്മിനൊപ്പമോ അതില്‍കൂടുതലോ സ്വാധീനമുള്ള മണ്ഡലം കൂടിയാണിത്. 1987 മുതലുള്ള തിരഞ്ഞെടുപ്പുകളില്‍ ബിജെപിയാണു മണ്ഡലത്തില്‍ രണ്ടാം സ്ഥാനത്തെത്തിയത്. 2011നു ശേഷമുള്ള തിരഞ്ഞെടുപ്പുകളില്‍ സിപിഎം മൂന്നാം സ്ഥാനത്തേക്ക് പിന്‍തള്ളപ്പെട്ടു. ഈ കണക്കുകളാണ് ബിജെപിയുടെ ആത്മവിശ്വാസത്തിന് പിന്നില്‍. കെ.സുരേന്ദ്രനു മണ്ഡലത്തിലുള്ള വ്യക്തിബന്ധങ്ങളും വോട്ടായി മാറ്റാന്‍ കഴിയുമെന്ന് പാര്‍ട്ടി വിശ്വസിക്കുന്നു.