അയ്യപ്പന്‍ സ്ത്രീ വിരോധിയല്ല!..ആര്‍ത്തവം പ്രകൃതി നിയമം..ശബരിമല സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് കെ.സുരേന്ദ്രന്‍.ദൈവത്തിന് മുമ്പിൽ സ്ത്രീയും പുരുഷനും ഒരുപോലെയെന്ന് കമൽഹാസൻ

തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീപ്രവേശനത്തെ അനുകൂലിച്ച് ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രന്‍ രംഗത്ത്. ശബരിമലയിലെ ദൈനംദിന കാര്യങ്ങള്‍ എങ്ങനെ ആയിരിക്കണമെന്നു തീരുമാനിക്കാനുള്ള അവകാശം സര്‍ക്കാരിനോ ദേവസ്വം ബോര്‍ഡിനോ രാഷ്ട്രീയ നേതാക്കള്‍ക്കോ ഇല്ല. ഇക്കാര്യത്തില്‍ ഭക്തജനങ്ങള്‍ക്കിടയില്‍ ഒരു ചര്‍ച്ച നടക്കുന്നതില്‍ വേവലാതി വേണ്ട. മണ്ഡലകാലത്തെ തിരക്ക് ഒഴിവാക്കാന്‍ എല്ലാ സമയത്തും ദര്‍ശനം നല്‍കുന്നതില്‍ തെറ്റില്ലെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.ആര്‍ത്തവം പ്രകൃതി നിയമമാണ്. ആര്‍ത്തവത്തെ വിശുദ്ധമായി കാണണം. അതിന്റെ പേരില്‍ ശബരിമലയില്‍ പ്രവേശനം അനുവദിക്കാതിരിക്കേണ്ട കാര്യമില്ല. തിരക്ക് ഒഴിവാക്കാന്‍ മുപ്പത് ദിവസവും നട തുറക്കുന്ന കാര്യം പരിഗണിക്കണമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

പത്തു വയസ്സിനും അന്‍പതു വയസ്സിനുമിടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്കു മാത്രമാണ് അവിടെ വിലക്കുള്ളത്. മലയാളമാസം ആദ്യത്തെ അഞ്ചു ദിവസം ഇപ്പോള്‍ ഭക്തര്‍ക്കു ദര്‍ശനസൗകര്യവുമുണ്ട്. അഞ്ചു ദിവസവും മുപ്പതു ദിവസവും തമ്മില്‍ എന്തു വ്യത്യാസമാണുള്ളത്? മണ്ഡല മകര വിളക്കു കാലത്തെ തിരക്ക് ഒഴിവാക്കാന്‍ ഇതു സഹായകരമാവുമെങ്കില്‍ ഈ നിര്‍ദ്ദേശം പരിഗണിച്ചുകൂടെ?. അപകടഭീഷണി ഒഴിവാക്കുകയും ചെയ്യാം.തിരക്കു മുതലെടുത്ത് വലിയ തീവെട്ടിക്കൊള്ളയാണ് ചില ഗൂഡസംഘം അവിടെ നടതത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വന്‍തോതില്‍ ചൂഷണം ഭക്തര്‍ നേരിടുന്നുണ്ട്. പിന്നെ ആര്‍ത്തവകാലത്ത് നമ്മുടെ നാട്ടില്‍ സ്ത്രീകളാരും ഒരു ക്ഷേത്രത്തിലും പോകാറില്ല. ദര്‍ശനസമയത്ത് ദേഹശുദ്ധിയും മനശുദ്ധിയും വേണം. നാല്‍പത്തി ഒന്നു വ്രതം എടുക്കുന്നതിനിടയില്‍ ഒരു ആര്‍ത്തവം വരില്ലേ എന്നതാണല്ലോ ചോദ്യം. അതിനു അവിടെ വരുന്ന മഹാഭൂരിപക്ഷം പുരുഷഭക്തന്മാരും നാല്‍പത്തി ഒന്നു വ്രതം എടുക്കുന്നുണ്ടോ? ഇല്ലെന്നാണ് ഉല്‍സവാനന്തരം നടത്തുന്ന പ്രശ്‌നചിന്തയില്‍ തന്നെ തെളിയുന്നത്. അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയായതുകൊണ്ട് സ്ത്രീ വിരോധിയാണെന്ന് അര്‍ത്ഥമില്ലെന്നും അദ്ദേഹം പറഞ്ഞു.

യൗവനയുക്തയായ മാളികപ്പുറത്തിനു അയ്യപ്പന്‍ തൊട്ടടുത്തു തന്നെയാണ് ഇരിപ്പിടം നല്‍കിയതെന്ന വസ്തുത വിസ്മരിക്കരുത്. പിന്നെ ആര്‍ത്തവം ഒരു പ്രകൃതി നിയമമല്ലേ?. അതു നടക്കുന്നതു കൊണ്ട് മാത്രമല്ലേ ഈ പ്രകൃതിയില്‍ മാനവജാതി നിലനില്‍ക്കുന്നത്?. അതിനെ വിശുദ്ധമായി കാണണമെന്നാണ് എനിക്കു തോന്നുന്നത്. ഹിന്ദു സമൂഹം യുക്തിസഹമായ എന്തിനേയും കാലാകാലങ്ങളില്‍ അംഗീകരിച്ചിട്ടുണ്ട്. സെമിററിക് മതങ്ങളിലേതുപോലുള്ള കടുംപിടുത്തം അത് ഒരിക്കലും കാണിക്കാറില്ല. ഇക്കാര്യങ്ങളെല്ലാം ഹൈന്ദവനേതൃത്വം പരിഗണിച്ചു മാററങ്ങളെ സ്വാഗതം ചെയ്യുമെന്നാണ് എനിക്കുതോന്നുന്നത്. വിശ്വാസികളല്ലാത്ത ചില ഫെമിനിസ്ടുകളും അവരുടെ രാഷ്ട്രീയ യജമാനന്‍മാരും നടത്തുന്ന പ്രചാരണം ദുഷ്ടലാക്കോടെയാണ്. യത്ര നാര്യസ്തു പൂജ്യന്തേ രമന്തേ തത്ര ദേവതാ. ഇതാണ് ഹിന്ദുവിന്രെ എക്കാലത്തേയും സ്ത്രീകളോടുള്ള കാഴ്ചപ്പാടെന്നും സുരേന്ദ്രന്‍ കുറിയ്ക്കുന്നു.

അതേ സമയം  ശബരിമലയില്‍ പ്രായഭേദമന്യേയുള്ള സ്ത്രീപ്രവേശനം അനുവദിച്ചുള്ള സുപ്രിംകോടതി വിധിയെ സ്വാഗതം ചെയ്ത് കമല്‍ഹാസന്‍ രംഗത്ത് വന്നു .  ആരാധനക്ക് ലിംഗവിവേചനം പാടില്ലെന്ന് വിധിച്ച കോടതി ആര്‍ത്തവത്തിന്റെ പേരിലുള്ള സ്ത്രീ വിലക്ക് ഭരണഘടനാവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയിരുന്നു.

കോടതി വിധി ന്യായമാണെന്ന് പറഞ്ഞ കമല്‍ഹാസന്‍ ശബരിമലയില്‍ പ്രവേശിക്കാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുക തന്നെ വേണമെന്നും പറഞ്ഞു. ”ഞാന്‍ ഇതുവരെ ക്ഷേത്രത്തില്‍ പോയിട്ടില്ല. പക്ഷേ ക്ഷേത്രത്തില്‍ പോകാന്‍ ആഗ്രഹിക്കുന്നവരെ തടയരുത്. അവര്‍ക്ക് പ്രവേശനം അനുവദിക്കുക തന്നെ വേണം. ദൈവത്തിന്റെ മുമ്പില്‍ പുരുഷനും സ്ത്രീയും തുല്യരാണെന്നും” കമല്‍ പറഞ്ഞു.

Top