തിരുവനന്തപുരം: നന്ദുവിന്റെ മരണത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും അനുശോചനം അറിയിച്ചു. അർബുദ രോഗത്തിനെതിരെ അതിജീവനത്തിന്റെ സന്ദേശം സമൂഹത്തിനു നൽകിയ നന്ദുവിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നുവെന്ന് മുഖ്യമന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു. നന്ദുവിന്റെ വിയോഗം നാടിന്റെ നഷ്ടമാണ്. കുടുംബത്തിന്റേയും സുഹൃത്തുക്കളുടേയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും മുഖ്യമന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
അർബുദ രോഗത്തിനെതിരെ അതിജീവനത്തിൻ്റെ സന്ദേശം സമൂഹത്തിനു നൽകിയ തിരുവനന്തപുരം ഭരതന്നൂർ സ്വദേശി നന്ദു മഹാദേവൻ്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. അസാമാന്യമായ ധീരതയോടെ തൻ്റെ രോഗാവസ്ഥയെ നേരിട്ട നന്ദു പ്രതിസന്ധികൾക്ക് മുൻപിൽ പതറാതെ, അവയെ നേരിടാനുള്ള ആത്മവിശ്വാസം ജനങ്ങളിലേയ്ക്ക് പകർന്നു. സ്നേഹത്തിലൂടെയും അനുകമ്പയിലൂടെയും മനുഷ്യരെ പ്രചോദിപ്പിച്ചു. നന്ദുവിൻ്റെ വിയോഗം നാടിൻ്റെ നഷ്ടമാണ്. കുടുംബത്തിൻ്റേയും സുഹൃത്തുക്കളുടേയും ദു:ഖത്തിൽ പങ്കു ചേരുന്നു. ആദരാഞ്ജലികൾ.
അർബുദത്തിനെതിരെയുള്ള പോരാട്ടത്തിൽ നിരവധി പേർക്ക് പ്രചോദനമാകുന്ന നന്ദു മഹാദേവയുടെ വിയോഗത്തിൽ അനുശോചനക്കുറിപ്പുമായി നടി മഞ്ജു വാര്യർ. കേരള കാൻ ക്യാംപെയിനിൽ ഒരുമിച്ച് പ്രവർത്തിയ്ക്കാൻ സാധിച്ചതിൽ അഭിമാനം തോന്നുന്നുവെന്ന് മഞ്ജു വാര്യർ കുറിച്ചു. താനടക്കം നിരവധി പേരെ പ്രചോദിപ്പിച്ചതിന് നന്ദി. വിട പ്രിയപ്പെട്ട നന്ദുവെന്നാണ് മഞ്ജുവാര്യർ കുറിച്ചത്.
നാല് വർഷത്തിൽ അധികമായി കാൻസർ ബാധിതനായിരുന്നു നന്ദു മഹാദേവ. 27 വയസായിരുന്നു നന്ദുവിന്. തിരുവനന്തപുരം സ്വദേശിയായ നന്ദു കോഴിക്കോട് എംവിആർ കാൻസർ സെന്ററിൽ ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെ മൂന്നരയോടെയായിരുന്നു അന്ത്യം. സമൂഹമാദ്ധ്യമങ്ങളിലൂടെ എല്ലാവർക്കും സുപരിചതനായിരുന്നു നന്ദു മഹാദേവ. അതിജീവനം എന്ന ഫേസ്ബുക്ക് കൂട്ടായ്മയുടെ മുഖ്യ സംഘാടകനായിരുന്നു.
അസുഖത്തെ കുറിച്ചും ചികിത്സയെ കുറിച്ചുമെല്ലാം നന്ദു ഫേസ്ബുക്കിലൂടെ പങ്കുവെയ്ക്കുമായിരുന്നു. അർബുദം കരളിനേയും ബാധിച്ചതായും അവസാനം വരെയും കത്തി ജ്വലിക്കുമെന്നും കഴിഞ്ഞ ഫെബ്രുവരിയിൽ നന്ദു ഫേസ്ബുക്കിൽ കുറിച്ചിരുന്നു. നന്ദു ജീവിതത്തിലേക്ക് സുഖം പ്രാപിച്ച് തിരിച്ചെത്താൻ സ്‌നേഹത്തോടെ പ്രാർത്ഥിക്കുന്ന നിരവധി പേരെ ദുഃഖത്തിലാഴ്ത്തിയാണ് യാത്രയായത്.
മലയാളികളെ ഏറെ ദുഃഖത്തിലാഴ്ത്തിയ വാർത്തയോടെയാണ് ഇന്നത്തെ പുലരി പിറന്നത്. കഠിനമായ വേദനയിലും ജീവിതത്തെ പ്രതീക്ഷയോടെ സ്നേഹിച്ച നന്ദു മഹാദേവ എന്ന പോരാളി വിട വാങ്ങി. കാൻസറിനോടുള്ള പോരാട്ടം അവസാനിപ്പിച്ച് നന്ദു മഹാദേവ (27) വേദനയില്ലാത്ത ലോകത്തേക്ക് യാത്ര പോയപ്പോൾ സോഷ്യൽമീഡിയയിലും നടക്കവും ദുഃഖവും നിറഞ്ഞ പോസ്റ്റുകളായിരുന്നു വന്നുകൊണ്ടിരുന്നത്.
തിരുവനന്തപുരം ഭരതന്നൂര്‍ സ്വദേശിയായാ നന്ദു മഹാദേവ അതിജീവനം കൂട്ടായ്മയുടെ മുഖ്യസംഘാടകനായിരുന്നു. കോഴിക്കോട് എം വി ആര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു അന്ത്യം.നിശ്ചയദാർഢ്യത്തിന്റെ ആൾരൂപമായിരുന്നു നന്ദു മഹാദേവ. കാൻസറിനെ സധൈര്യം നേരിട്ട് പുഞ്ചിരിയോടെ മുന്നേറുന്ന നന്ദുവിനെ അറിയാത്തവരായി അധികംപേർ കാണില്ല. അസുഖത്തെക്കുറിച്ചും ചികിത്സയെക്കുറിച്ചുമെല്ലാം നന്ദു സോഷ്യൽ മിഡിയയിലൂടെ പങ്കുവയ്ക്കാറുണ്ടായിരുന്നു.