പനാജി: മനോഹര്‍ പരീക്കറിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാറിനെ താഴെയിറക്കി പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദമുയര്‍ത്തി വീണ്ടും കോണ്‍ഗ്രസ്. പ്രതിപക്ഷ നേതാവ് ചന്ദ്രകാന്ദ് കാവ്ലേക്കറാണ് അവകാശവാദമുയര്‍ത്തിയത്. ഇതുസംബന്ധിച്ച് ഗവര്‍ണര്‍ മൃദുല സിന്‍ഹയ്ക്ക് കോണ്‍ഗ്രസ് കത്തുനല്‍കി.
ഒരു ബിജെപി എംഎല്‍എയുടെ മരണത്തെ തുടര്‍ന്ന് നിലവിലെ സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായെന്നു ചൂണ്ടിക്കാണിച്ചാണ് കോണ്‍ഗ്രസ് നീക്കം. നിലവിലെ ഏറ്റവും വലിയ ഒറ്റകക്ഷിയാണ് കോണ്‍ഗ്രസ് എന്നും കത്തില്‍ ചൂണ്ടിക്കാണിക്കുന്നു.
ബിജെപി സഖ്യം നേതൃത്വം നല്‍കുന്ന സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ടാണ് ഗോവ പ്രതിപക്ഷ നേതാവ് ചന്ദ്രകാന്ത് കല്‍വേക്കര്‍ ഗവര്‍ണര്‍ മൃദുല സിന്‍ഹയ്ക്ക് കത്ത് നല്‍കിയത്. സഭയില്‍ വിശ്വാസവോട്ട് നടത്തണമെന്നും ഭരണഘടനയനുസരിച്ച് ഏറ്റവും വലിയ ഒറ്റകക്ഷിയെ സര്‍ക്കാര്‍ രൂപീകരണത്തിന് ക്ഷണിക്കണമെന്നുമാണ് ഗവര്‍ണറോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ഗോവ മുന്‍ ഉപമുഖ്യമന്ത്രിയും ബിജെപി എംഎല്‍എയുമായ ഫ്രാന്‍സിസ് ഡിസൂസ ഫെബ്രുവരിയിലാണ് മരിച്ചത്. ഡിസൂസയുടെ മരണവും രണ്ട് എംഎല്‍എമാര്‍ രാജിവച്ചതുമാണ് സര്‍ക്കാരിന് തിരിച്ചടിയായത്. ഇതോടെ 40ല്‍ നിന്നും ഗോവ നിയമസഭയുടെ ശക്തി 37 ആയി കുറഞ്ഞു. സഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷി കോണ്‍ഗ്രസാണ്. പ്രത്യേക സാഹചര്യത്തില്‍ ബിജെപി എംഎല്‍എമാരുടെ യോഗം പനജിയിലെ ഓഫിസില്‍ വിളിച്ചിട്ടുണ്ട്.
2017 ഫെബ്രുവരിയില്‍ വന്ന തിരഞ്ഞെടുപ്പു ഫലത്തില്‍ 17 എംഎല്‍എമാരുമായി കോണ്‍ഗ്രസായിരുന്നു ഏറ്റവും വലിയ ഒറ്റകക്ഷി. എന്നാല്‍, മൂന്ന് എംഎല്‍എമാര്‍ ബിജെപിയിലേക്ക് മാറിയതോടെ സ്വതന്ത്രരെ ഒപ്പംനിര്‍ത്തി ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുകയുമായിരുന്നു. തുടര്‍ന്ന് അന്ന് പ്രതിരോധ മന്ത്രിയായിരുന്ന മനോഹര്‍ പരീക്കര്‍ മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുകയും ചെയ്തു.