കെ സുധാകരന്റെ ഔദാര്യം വാങ്ങി രാഷ്ര്ടീയ പ്രവര്‍ത്തനം നടത്തേണ്ട ഗതികേട് തനിക്കില്ലെന്ന് കണ്ണൂരിലെ കോണ്‍ഗ്രസ് വിമതന്‍

കണ്ണൂര്‍: കെ സുധാകരന്റെ ഔദാര്യം വാങ്ങി പാര്‍ട്ടിപ്രവര്‍ത്തനം നടത്തേണ്ട ഗതികേട് തനിക്കില്ലെന്ന് കണ്ണൂര്‍ കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസ് വിമതനായി വിജയിച്ച പി.കെ.രാഗേഷ്. തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി ഈ ഗതിയില്‍ ആക്കിയവരുടെ വാഗ്ദാനം വേണ്ട. കെപിസിസിയിലും ഉപസമിതിയിലും തനിക്ക് വിശ്വാസമുണ്ടെന്ന് പികെ രാഗേഷ് പറഞ്ഞു. കണ്ണൂര്‍ കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസിനെയാണോ സി.പി.എമ്മിനെയാണോ പിന്തുണയ്‌ക്കേണ്ടത് എന്ന കാര്യത്തില്‍ തീരുമാനമൊന്നുമെടുത്തിട്ടില്ലെന്ന് പികെ രാഗേഷ് പറഞ്ഞു.
55 ഡിവിഷനുകള്‍ ഉളള കണ്ണൂര്‍ കോര്‍പ്പറേഷനില്‍ 27 സീറ്റുകള്‍ വീതം നേടി എല്‍ഡിഎഫും, യുഡിഎഫും ഒപ്പത്തിനൊപ്പമാണ്. അതുകൊണ്ട് തന്നെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയ വിമതന്‍ പി.കെ. രാഗേഷിന്റെ നിലപാടുകള്‍ ആകും കോര്‍പ്പറേഷന്‍ ആര് ഭരിക്കുമെന്ന് തീരുമാനിക്കുന്നത്.രാഗേഷ് യുഡിഎഫിനെ പിന്തുണയ്ക്കുമെന്നും മേയര്‍ തിരഞ്ഞെടുപ്പില്‍ നിരുപാധിക പിന്തുണ നല്‍കുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കുന്നുണ്ടെങ്കിലും അത്തരത്തിലൊരു ചര്‍ച്ചയോ തീരുമാനമോ ഉണ്ടായിട്ടില്ലെന്നാണ് രാഗേഷും കൂട്ടരും പറയുന്നത്.
തിരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ച വിമത സ്ഥാനാര്‍ത്ഥികളുമായി സഹകരിക്കാന്‍ കെപിസിസി തീരുമാനമെടുത്തിരുന്നു. ഇതേ തുടര്‍ന്നാണ് കണ്ണൂര്‍ കോര്‍പ്പറേഷനില്‍ രാഗേഷിന്റെ പിന്തുണ തേടാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്. പുതുതായി രൂപീകരിച്ച കണ്ണൂര്‍ കോര്‍പറേഷനിലേക്ക് പള്ളിക്കുന്ന് വാര്‍ഡില്‍ നിന്നാണ് രാഗേഷ് മത്സരിച്ച് വിജയിച്ചത്.

മേയര്‍ തിരഞ്ഞെടുപ്പിന് ഒരു ദിവസം മാത്രമേ ശേഷിക്കുന്നുള്ളൂവെങ്കിലും കണ്ണൂര്‍ കോര്‍പ്പറേഷനിലെ ഭരണം സംബന്ധിച്ച് ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. ഇതുവരെ ഔദ്യോഗികമായി മനസ്സ് തുറക്കാത്ത രാഗേഷിന് പിന്തുണയുമായി കോണ്‍ഗ്രസ് എ ഗ്രൂപ്പ് രംഗത്തുവന്നതാണ് പ്രതിസന്ധിയുടെ ആഴം കൂട്ടിയത്.

രാഗേഷ് യു.ഡി.എഫിനൊപ്പം നില്ക്കുമെന്നും മേയര്‍ തിരഞ്ഞെടുപ്പില്‍ നിരുപാധിക പിന്തുണ നല്‍കുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നുണ്ടെങ്കിലും അത്തരത്തിലൊരു ചര്‍ച്ചയോ തീരുമാനമോ ഉണ്ടായിട്ടില്ലെന്നാണ് രാഗേഷും കൂട്ടരും പറയുന്നത്. കഴിഞ്ഞദിവസം രാഗേഷ് വിശദമായ കത്ത് കെ.പി.സി.സി. പ്രസിഡന്റിന് അയച്ചു.

ഡി.സി.സി.യുടെയും ചിറക്കല്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെയും പള്ളിക്കുന്ന് മണ്ഡലം കമ്മിറ്റിയുടെയും നേതൃത്വം മാറണമെന്നാണ് വിമത വിഭാഗത്തിന്റെ പ്രധാന ആവശ്യം. ഇത് എ ഗ്രൂപ്പിന്റെ കൂടെ ആവശ്യമാണെന്ന രീതിയിലാണ് പുറത്തുവരുന്നത്. ചൊവ്വാഴ്ച കണ്ണൂരിലെത്തുന്ന എം.എം.ഹസ്സന് എ ഗ്രൂപ്പ് നേതാക്കള്‍ സ്ഥാനാര്‍ഥി നിര്‍ണയത്തിലുണ്ടായ ഏകപക്ഷീയ തീരുമാനത്തെക്കുറിച്ച് പരാതി നല്‍കുമെന്നാണ് വിവരം. മുമ്പ് ഇവര്‍ കെ.പി.സി.സി. പ്രസിഡന്റിന് അയച്ച പരാതിയുടെ കോപ്പിയും ഹസ്സന് നല്‍കും

Top