കൊച്ചി:പന്തീരങ്കാവ് യു.എ.പി.എ കേസ് പ്രതി ത്വാഹ ഫസലിന്റെ ജാമ്യാപേക്ഷ തള്ളി. കൊച്ചി എന്‍.ഐ.എ കോടതിയാണ് തള്ളിയത്. കഴിഞ്ഞ നവംബർ 2നാണ് കോഴിക്കോട് പന്തീരങ്കാവിൽ നിന്ന് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് വിദ്യാർത്ഥികളായ അലനെയും ത്വാഹയെയും പൊലീസ് അറസ്റ്റ് ചെയ്യുന്നത്. നിരോധിത സംഘടനയില്‍ പ്രവര്‍ത്തിച്ചുവെന്ന് ആരോപിച്ചാണ് അലന്‍ ഷുഹൈബിനും ത്വാഹ ഫസലിനുമെതിരെ യു.എ.പി.എ ചുമത്തിയത്.
അട്ടപ്പാടിയിൽ നാല് മാവോയിസ്റ്റുകളെ വെടിവച്ചു കൊന്നതിനെ അപലപിച്ച് ലഘുലേഖ വിതരണം ചെയ്തതിന് സി.പി.എം ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളായ രണ്ട് വിദ്യാർത്ഥികളെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പൊലീസ് ഭീകരവിരുദ്ധ നിയമമായ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തത് വൻ രാഷ്‌ട്രീയ വിവാദമായി. മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയതു പോലെ ഇതും ഭരണകൂട ഭീകരതയാണെന്ന ആക്ഷേപവും ശക്തമായിരുന്നു.
മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയത് വ്യാജ ഏറ്റുമുട്ടലിൽ ആണെന്ന ആക്ഷേപം സൃഷ്‌ടിച്ച പ്രതിഷേധം കെട്ടടങ്ങും മുൻപാണ് സി.പി.എം നേതൃത്വ ഭരണം തന്നെ സ്വന്തം പാർട്ടിക്കാരെ ഭീകര മുദ്ര ചാർത്തി അറസ്റ്റ് ചെയ്‌തിരിക്കുന്നത്. മാവോയിസ്റ്റ് വധം വ്യാജ ഏറ്റുമുട്ടലാണെന്ന് ആരോപിച്ച് ഗവൺമെന്റിനെ പ്രതിക്കൂട്ടിലാക്കിയ സി.പി.ഐക്ക് പുറമേ സി.പി.എമ്മിലെ തന്നെ ഒരു വിഭാഗവും യു.എ.പി.എ ചുമത്തിയുള്ള അറസ്റ്റിനെ നിശിതമായി വിമർശിച്ചിട്ടുണ്ട്.കണ്ണൂർ സർവകലാശാലയിലെ സ്‌കൂൾ ഒഫ് ലീഗൽ സ്റ്റഡീസിലെ നിയമ വിദ്യാർത്ഥിയും സി.പി.എം തിരുവണ്ണൂർ ബ്രാഞ്ച് കമ്മിറ്റി അംഗവുമായ അലൻ ഷുഹൈബ് (20),കോഴിക്കോട്ട് ജേർണലിസം വിദ്യാർത്ഥിയും സി.പി.എം പാറമ്മൽ ബ്രാഞ്ച് കമ്മിറ്റി അംഗവുമായ താഹ ഫസൽ (24) എന്നിവരാണ് വെള്ളിയാഴ്ച രാത്രി പന്തീരാങ്കാവിൽ അറസ്റ്റിലായത്. സിനിമാ നടി സജിത മഠത്തിലിന്റെ സഹോദരി സബിത മഠത്തിലിന്റെ മകനാണ് അലൻ ഷുഹൈബ് .
യു.എ.പി.എക്കെതിരെ പാർലമെന്റിന് അകത്തും പുറത്തും പോരാടുന്ന സി.പി.എം ഭരിക്കുന്ന കേരളത്തിൽ തന്നെ രണ്ട് യുവാക്കളെ അതേ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്തതിൽ വ്യാപകമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്. അതേസമയം, മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയത് സർക്കാരിനുണ്ടാക്കിയ പ്രതിച്ഛായാ നഷ്ടം പരിഹരിക്കാനുള്ള തന്ത്രമാണ് അറസ്റ്റിന് പിന്നിലെന്നും ആക്ഷേപമുണ്ട്.സംഭവം വിവാദമായതോടെ ഡി.ജി.പിയോട് മുഖ്യമന്ത്രി വിശദീകരണം ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ഉത്തരമേഖല ഐ.ജിയെ ഡി.ജി.പി ചുമതലപ്പെടുത്തി. ഐ.ജിയും കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർ എ.വി. ജോർജും പന്തീരാങ്കാവ് പൊലീസ് സ്റ്റേഷനിൽ എത്തി വിവരങ്ങൾ ആരാഞ്ഞിരുന്നു.
കുറെ നാളായി ഇവർ മാവോയിസ്റ്റ് സംഘടനയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച് വരികയാണെന്നും മാവോയിസ്റ്റ് അനുകൂല ലഘുലേഖകൾ ഇവരിൽ നിന്ന് പിടിച്ചെടുത്തെന്നും പൊലീസ് അറിയിച്ചു. യു.എ.പി.എ ചുമത്തിയ അറസ്റ്റായതിനാൽ കേസിന്റെ വിവരങ്ങൾ വെളിപ്പെടുത്തില്ലെന്നാണ് പൊലീസ് നിലപാട്. അലൻ ഷുഹൈബിന്റെ ചെറുവണ്ണൂരിലെ വീട്ടിൽ പൊലീസ് വെള്ളിയാഴ്ച വൈകിട്ട് റെയ്‌ഡ് നടത്തി മാവോയിസ്റ്റ് അനുകൂല ലഘുലേഖകൾ പിടിച്ചെടുത്തിരുന്നു.”സി.പി.എം പ്രവർത്തകരെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തത് തെളിവുകളുടെ അടിസ്ഥാനത്തിലാണ്. യു.എ.പി.എ പിൻവലിക്കില്ല. മാവോയിസ്റ്റ് ബന്ധം തെളിയിക്കുന്ന രേഖകൾ കിട്ടിയിട്ടുണ്ട്.– ഉത്തര മേഖല ഐ.ജി അശോക് യാദവ്