മരടിൽ പൊടികൊണ്ട് പൂരം; അടുക്കളയിലും ബെഡ്റൂമിലും വരെ പൊടി..ഫ്ലാറ്റുകൾ പൊളിക്കേണ്ടി വന്നതില്‍ സങ്കടമുണ്ടെന്ന് സുപ്രീം കോടതി.

കൊച്ചി:മരട് ഫ്ലാറ്റുകൾ പൊളിക്കേണ്ടി വന്നതില്‍ സങ്കടമുണ്ടെന്ന് സുപ്രീം കോടതി. മറ്റ് വഴികളില്ലാത്തതിനാലാണ് പൊളിക്കാന്‍ തീരുമാനിച്ചത്. അവശിഷ്ടങ്ങൾ പൂർണമായും നീക്കം ചെയ്യണമെന്നും ജസ്റ്റിസ് അരുൺ മിശ്ര പറഞ്ഞു. മരട് ഫ്ലാറ്റുകൾ പൊളിച്ചെന്ന് കാണിച്ച് കോടതിയിൽ സർക്കാർ റിപ്പോർട്ട് സമർപ്പിച്ചു.

ഫ്ലാറ്റ് ഉടമകളുടെ നഷ്ട പരിഹാരം, നിയമം ലംഘിച്ച് ഫ്ലാറ്റുകൾ കെട്ടിപ്പൊക്കിയ നിർമാതാക്കൾക്കും ഉദ്യോഗസ്ഥർക്കും എതിരായ നിയമ നടപടി എന്നിവയിലാണ് കോടതി വാദം കേട്ടത്. നഷ്ടപരിഹാരം സംബന്ധിച്ച് ഇതു വരെയുള്ള വിവരം നിർമാതാക്കൾക്കെതിരെ സ്വീകരിച്ച നിയമ നടപടി എന്നിവ കോടതിയെ സർക്കാർ ബോധിപ്പിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മരടിലെ അനധികൃത ഫ്ലാറ്റുകള്‍ രണ്ട് ദിവസങ്ങളിലായിട്ടാണ് പൊളിച്ചത്. നിയന്ത്രിത സ്ഫോടനത്തിലൂടെയാണ് ഫ്ലാറ്റുകള്‍ തകര്‍ത്തത്. ഫ്ലാറ്റുകള്‍ പൊളിച്ചെങ്കിലും കെട്ടിട അവശിഷ്ടങ്ങള്‍ നീക്കുന്നത് പ്രധാന വെല്ലുവിളിയായി തീര്‍ന്നിട്ടുണ്ട്.

അതേസമയം മരട് ഫ്ലാറ്റ് പൊളിക്കൽ മാമാങ്കം കഴിഞ്ഞതോടെ പൊടിയിലമർന്ന വീടുകളിലേക്ക് സമീപവാസികൾക്ക് തിരിച്ചെത്താൻ ഇനിയും കാത്തിരിക്കണം. ആൽഫ സെറീൻ, എച്ച്.ടു.ഒ ഫ്ളാറ്റുകളുടെ സമീപത്തെ വീടുകളും റോഡുകളും കോൺക്രീറ്റ് പൊടികൊണ്ട് മൂടിയിരിക്കുകയാണ്. പ്ലാസ്റ്റിക് ഷീറ്റിട്ട് മൂടിയ വീടുകളുടെ അടുക്കളയിലും കിടപ്പുമുറിയിലുംവരെ പൊടിയെത്തി. ഇതോടെ സമീപവാസികളുടെ വീട്ടിലേക്കുള്ള മടക്കം ഇനിയും വൈകും.

70000 ടൺ കോൺക്രീറ്റ് മാലിന്യമാണ് 70 ദിവസങ്ങൾക്കുളളിൽ നീക്കം ചെയ്യേണ്ടത്. ഇതിന് ശേഷം മടങ്ങിവരാനാണ് സമീപവാസികളുടെ തീരുമാനം. പലരും മൂന്നു മാസത്തെ കരാറിലാണ് വാടക വീടുകൾ എടുത്തിട്ടുള്ളത്. അതുകൊണ്ട് തന്നെ അവ പൂർണമായും നീക്കം ചെയ്ത് ശേഷം പൊടിശല്യം കൂടി ഒഴിവായാലെ ഇവർക്ക് തിരികെ വരാനാവൂ. അല്ലാത്ത പക്ഷം ആരോഗ്യ പ്രശ്‌നങ്ങൾ നിരവധിയാണ്. എന്നാൽ ഇതിനായി 45 ദിവസം മതിയെന്നാണ് അവശിഷ്ടങ്ങൾ നീക്കുന്നതിനായി നിയോഗിക്കപ്പെട്ട പ്രോംപ്റ്റ് എന്റർപ്രൈസസ് പറയുന്നത്.പൊടി ശല്യംമൂലം പലരും ഇപ്പോൾ തന്നെ ശാരീരികമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ട്.

ഇന്നലെ പൊളിച്ച ജയിൻ കോറൽകോവിൽനിന്ന് 200 മീറ്റർ ചുറ്റളവിലും 50 മീറ്റർ ഉയരത്തിലും പൊടി വ്യാപിച്ചു. ഗോൾഡൻ കായലോരം പൊളിച്ചപ്പോൾ ബ്രൗൺ നിറത്തിൽ ഉയർന്ന പൊടി 100 മീറ്റർ ചുറ്റളവിലും 50 മീറ്റർ ഉയരത്തിലുമാണ് വ്യാപിച്ചത്.പ്രാഥമിക നിരീക്ഷണങ്ങളിൽ ഇവിടെ നേർത്ത പൊടിപടലം കൂടുതലായിരുന്നെന്ന് കണ്ടെത്തിയിട്ടുണ്ട്. 30 മിനിറ്റ് കൊണ്ടാണ് രണ്ട് സ്ഥലങ്ങളിലും പൊടി ഒതുങ്ങി സാധാരണ നിലയിലേക്കായത്. പൊടി ഉയർന്നതിെനക്കുറിച്ച് നടക്കുന്ന പഠനങ്ങളിൽ നാല് ഫ്ളാറ്റുകളുടെയും കാര്യം വിശദമായി പരിശോധിക്കും. ഒരാഴ്ചക്കകം ഇത് പൂർത്തീകരിക്കും. കായലിലെ വെള്ളം പരിശോധിച്ച് ഒരാഴ്ചയ്ക്കുള്ളിൽ ഫലം പ്രസിദ്ധീകരിക്കും. ആൽഫ സെറീന് സമീപത്തെ റോഡിലെ പൊടി വൈകിട്ടോടെ സമീപവാസികൾതന്നെ വെള്ളം പമ്പ് ചെയ്ത് കഴുകി.

 

Top