ഫ്ലാറ്റ് ഉടമകൾ വീണ്ടും സുപ്രീം കോടതിയിലേയ്ക്ക്…!! പുനരധിവാസത്തിന് വിളിക്കുമ്പോൾ തിരികെ തെറിവിളി

മരടിലെ ഫ്ലാറ്റിൽ നിന്നും ഒഴിയാതെ ഉടമകൾ. പുനരധിവാസത്തിലെ ആശയക്കുഴപ്പം തീർക്കാതെ ഒഴിഞ്ഞു പോകില്ലെന്നാണ് ഉടമകളുടെ നിലപാട്.  ഇവിടെ നിന്ന് ഇതുവരെ ഒഴിഞ്ഞുപോയത് വാടകക്കാർ മാത്രമാണ്. സര്‍ക്കാർ ഒരുക്കിയ 521 ബദൽ ഇടങ്ങളിൽ പലതിലും ഒഴിവില്ല. ഫ്ലാറ്റ് ഉടമകൾക്ക് സ്വയം ഒഴിഞ്ഞു പോകാനുള്ള സമയപരിധി ഒക്ടോബർ മൂന്നിനാണ് അവസാനിക്കുന്നത്.

നാലു ഫ്ലാറ്റ് സമുച്ചയങ്ങളിൽ നിന്ന് ഒഴിയാനുള്ളത് 196 കുടുംബങ്ങളും. നിശ്ചിത സമയപരിധിക്കുള്ളിൽ ഫ്ലാറ്റ് ഒഴിപ്പിക്കൽ അസാധ്യമെന്നാണ് സൂചന. ഫ്ലാറ്റ് ഉടമകൾക്ക് അധികൃതർ കുറച്ച് ഏജൻ്റുമാരുടെ നമ്പർ മാത്രമാണ് നൽകിയതെന്നും അതിൽ വിളിക്കുമ്പോൾ തിരികെ തെറിവിളിയാണ് ലഭിക്കുന്നതെന്നും പരാതി ഉയരുന്നുണ്ട്.

മരടിലെ ഫ്‌ളാറ്റുകൾ പൊളിക്കരുതെന്ന് ആവശ്യപ്പെട്ട് ഫ്‌ളാറ്റുടമകൾ വീണ്ടും സുപ്രീംകോടതിയിലേക്ക്. തീരുമാനം നടപ്പാക്കുന്നതിന് മുമ്പ് തങ്ങളെ കേൾക്കണമെന്നാണ് ഫ്‌ളാറ്റുടമകളുടെ ആവശ്യം. സാമാന്യനീതി നൽകണമെന്ന് സുപ്രിംകോടതിയിൽ ആവശ്യപ്പെടും. അഡ്വക്കറ്റ് മാത്യു നെടുമ്പാറയാണ് ഹർജിക്കാർക്ക് വേണ്ടി ഹാജരാവുക.

അതേസമയം, മരടിലെ ഫ്‌ളാറ്റുകളിലെ താമസക്കാരെ ഒഴിപ്പിക്കുന്നത് ഇന്നും തുടരും. മറ്റന്നാൾ വരെയാണ് താമസക്കാർക്ക് ഒഴിഞ്ഞുപോകാനുള്ള സമയ പരിധി നൽകിയത്. എന്നാൽ താമസക്കാർക്ക് പുനരധിവാസത്തിനുള്ള സൗകര്യം ഇനിയും ലഭ്യമായിട്ടില്ല.

അടുത്തമാസം മൂന്നുവരെയാണ് ഒഴിപ്പിക്കൽ നടപടി. 90 ദിവസത്തിനുള്ളിൽ ഫ്‌ളാറ്റുകൾ പൊളിക്കണമെന്ന സുപ്രീംകോടതിയുടെ അന്ത്യശാസനത്തെ തുടർന്നാണ് നടപടി. നിയന്ത്രിത സ്‌ഫോടനത്തിലൂടെ ഫ്‌ളാറ്റുകൾ പൊളിക്കാനാണ് തീരുമാനം. ഉടമകളുടെ ആവശ്യങ്ങൾ പരിഗണിക്കും. വെള്ളവും വൈദ്യുതിയും നാല് ദിവസത്തേക്ക് കൂടി നൽകുമെന്നും സബ് കലക്ടർ വ്യക്തമാക്കിയിട്ടുണ്ട്.

Top