മരടിലെ അനധികൃത ഫ്ലാറ്റ് സമുച്ഛയം പൊളിച്ച് നീക്കാൻ സുപ്രീം കോടതി ഉത്തരവിട്ടതോടെ മരടിൽ ഒരു കൂട്ടം വേദനിക്കുന്ന കോടീശ്വരന്മാർ ഉണ്ടായിരിക്കുന്നെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. 343 ഫ്ലാറ്റുകളിൽ 325 എണ്ണമാണ് ഉടമകൾക്ക് കൈമാറിയിട്ടുള്ളതായി പറയുന്നത്. ഈ 325 ഫ്ലാറ്റുകളിലെ ഉടമകളിൽ 241 പേർ മാത്രമാണ് നഷ്ടപരിഹാരത്തിന് അപേക്ഷ നൽകിയിരിക്കുന്നത്.
നഷ്ടപരിഹാര അപേക്ഷയുമായി എത്തിയ 214 അപേക്ഷകൾ കമ്മറ്റിക്ക് കൈമാറുകയും ചെയ്തു. എന്നാൽ, ബാക്കിവന്ന 84 ഫ്ലാറ്റ് ഉടമകളെ കുറിച്ച് ഒരു വിവരവും ഇല്ലെന്നാണ് മരട് നഗരസഭാ സെക്രട്ടറി സ്നേഹിൽ കുമാർ സിംഗ് പറുന്നത്. ജെയ്ൻ കോറൽ കോവിലെ ഒരു ഫ്ലാറ്റ് ഉടമ പോലും സ്വന്തം പേരിൽ ഫ്ലാറ്റ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ ഫ്ലാറ്റുകൾക്ക് കമ്പനിതന്നെ നാൽപ്പത് ലക്ഷമുതൽ അറുപത് ലക്ഷം വരെയാണ് പരസ്യത്തിൽ പറഞ്ഞിരുന്നത്.
അപേക്ഷയുമായി എത്തുകയാണെങ്കിൽ അവർക്കും നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കുന്നു. തക്കതായ രേഖകൾ കിട്ടാത്തതിനാൽ 10 എണ്ണം മാറ്റി വച്ചിരിക്കുകയാണ്. 20 പേർ വിദേശത്തുമാണ്. ഫ്ലാറ്റ് കേസിൽ ലഭിച്ച 241 അപേക്ഷകളിൽ ഇതുവരെ 107 പേർക്കു നഷ്ടപരിഹാരം അനുവദിച്ചു.
ഉടമസ്ഥരില്ലാത്ത ഫ്ലാറ്റുകൾ ബിൽഡർമാർ സ്വയം സൂക്ഷിച്ചിരിക്കുന്നതാവാം എന്നും സൂചനയുണ്ട്. കാരണം പല ഫ്ലാറ്റുകളിലും ഏതാനും എണ്ണം ബിൽഡർമാർ കൈവശംവെയ്ക്കാറുണ്ട്. കരാർവെച്ച് താമസം തുടങ്ങിയ ശേഷം സ്വന്തംപേരിലേക്ക് ഫ്ലാറ്റുകൾ മാറ്റാത്തതാകാനും സാദ്ധ്യതയുണ്ട്. ബിനാമി ഇടപാടുകളായിരിക്കാമെന്നാണ് മറ്റൊരു സംശയം. ഇതിനാലാണ് ഇവരെ വേദനിക്കുന്ന കോടിശ്വരന്മാർ എന്ന് ഇപ്പോൾ വിളിക്കുന്നത്. രജിസ്‌ട്രേഷൻ വകുപ്പിൽ വിശദപരിശോധന നടത്തിയാലെ ബിനാമി ഇടപാടുകളാണോ നടന്നിരിക്കുന്നത് എന്ന് കണ്ടെത്താനാകൂ.
രജിസ്‌ട്രേഷൻ വകുപ്പിൽനിന്ന് വിവരം ലഭിച്ചാൽ ഇവരെ ബന്ധപ്പെടും. അല്ലെങ്കിൽ, ഫ്ലാറ്റുകളിലെ സാധനങ്ങൾ റവന്യൂ വകുപ്പ് കസ്റ്റഡിയിലെടുത്ത് സൂക്ഷിക്കും. കൃത്യമായ രേഖകളില്ലെങ്കിൽ നഷ്ടപരിഹാരം ലഭിക്കാനിടയില്ലെന്ന് ഉദ്യോഗസ്ഥർ നേരത്തെ പറഞ്ഞിരുന്നു. ദുരൂഹമായ പണമിടപാടുകൾ നടന്നിട്ടുണ്ടെങ്കിൽ കൂടുതൽ കുരുക്കുകൾ ഉണ്ടാകും. എല്ലാ രേഖകളും പരിശോധിക്കുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്.