പതിനായിരം സ്വര്‍ണ്ണക്കിരീടങ്ങള്‍, 787 രത്‌നക്കിരീടങ്ങള്‍, 5000 വെള്ളിക്കിരീടങ്ങള്‍; ദളിത് നേതാവായ മായാവതിയുടെ സമ്പാദ്യത്തിന് കണക്കില്ല  

ദളിതരുടെ അവകാശങ്ങളും പ്രശ്‌നങ്ങളും വാര്‍ത്തകളില്‍ നിറയുമ്പോള്‍ ദളിതരുടെ രാജ്ഞി എന്ന വിശേഷണമുള്ള ബിഎസ്പി നേതാവ് മായാവതിയുടെ എണ്ണമറ്റ സമ്പാദ്യത്തിന്റെ കണക്കുകളും ചര്‍ച്ചയാവുകയാണ്. 2012-ല്‍ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ നല്‍കിയ കണക്കനുസരിച്ച് 111 കോടിയാണ് മായാവതിയുടെ സ്വത്തെങ്കിലും അതിന്റെ പതിന്മടങ്ങാണ് മായാവതിയുടെ യഥാര്‍ത്ഥ സമ്പാദ്യമെന്നാണ് കണക്കുകള്‍ പറയുന്നത്. പതിനായിരം സ്വര്‍ണ്ണ കിരീടങ്ങള്‍, 787 രത്‌നകിരീടങ്ങള്‍, 5000 വെള്ളിക്കിരീടങ്ങള്‍, വൈരക്കല്‍ മൂക്കുത്തി തുടങ്ങി ഒമ്പത് കോടിയോളം രൂപയുടെ ആഭരണങ്ങള്‍. മാത്രമല്ല ആറ് കോടിയോളം രൂപ വിലവരുന്ന മറ്റാഭരണങ്ങളും മായാവതിയുടെ സമ്പാദ്യത്തിലുണ്ട്. മുമ്പ്‌കേന്ദ്ര ആദായനികുതി വകുപ്പിന് സമര്‍പ്പിച്ച സ്വത്ത് വിവരങ്ങള്‍ അനുസരിച്ചുള്ള കണക്കാണ് ഇത്. ആരാധകരും അനുയായികളും സമ്മാനിച്ചതാണ് കീരീടങ്ങളും മറ്റുമെന്നാണ് മായാവതി പറയുന്നത്. വിവിധയിടങ്ങളിലായി കോടികളുടെ ഭൂസ്വത്തും മായാവതിയുടെ പേരിലുണ്ട്. ഡല്‍ഹിയിലെ ല്യൂട്ടന്‍സ് ഏര്യയില്‍ നാല് ഏക്കറിലധികം ഭൂമിയാണ് മായാവതിയുടെ പേരിലുള്ളത്. കണക്കുകള്‍ പ്രകാരം ഇവിടെ ഒരു ഏക്കറിനു തന്നെ 200 കോടിയിലധികമാണ് വില. ഇവിടെ നിര്‍മ്മിച്ച വീടിന്റെ മതിപ്പ് അറുപത് കോടിയോളമാണ്. ഡല്‍ഹിയുടെ ഹൃദയഭാഗമായ കൊണാട്ട് പ്ലേസില്‍ ഒരു വാണിജ്യ സമുച്ചയവും മായാവതിയുടെ പേരിലുണ്ട്. പാര്‍ട്ടി ആസ്ഥാനമെന്ന പേരില്‍ നിര്‍മ്മിച്ച ല്യൂട്ടന്‍സ് ഏര്യയിലെ വീട് ഇപ്പോള്‍ മായാവതിയുടെ സ്വകാര്യ സ്വത്താണ്. ഉത്തര്‍പ്രദേശിലെ നിരവധി കെട്ടിടങ്ങളുടെ സ്ഥിതിയും ഇത് തന്നെ. ബിഎസ്പിയുടെ പാര്‍ട്ടി ഓഫീസ് എന്ന നിലയില്‍ വാങ്ങിയ മിക്ക കെട്ടിടങ്ങളും ഇപ്പോള്‍ മായാവതിയുടെയും കുടുംബക്കാരുടെയും പേരിലാണ്. മയാവതിയുടെ സഹോദരങ്ങളും മറ്റ് പല ബന്ധുക്കളും ഇപ്പോള്‍ കോടീശ്വരന്മാരാണ്. അധികാരത്തിലിരിക്കുമ്പോഴും മറ്റും അനധികൃതമായി സമ്പാദിച്ചതാണ് ഈ സ്വത്ത് വകകളെല്ലാമെന്നാണ് ഇവര്‍ക്കെതിരെ ഉയരുന്ന ആരോപണം.

Top