മാധ്യമപ്രവർത്തകർക്കെതിരെ ഭീഷണി: യാക്കോബായ സഭയ്‌ക്കെതിരെ പ്രവർത്തിക്കുന്ന ഫെയ്‌സ്ബുക്ക് പേജിനെതിരെ മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചു

സ്വന്തം ലേഖകൻ 
കോട്ടയം:മാധ്യമപ്രവർത്തകർക്കെതിരെ ഭീഷണി ഉയർത്തിയ ഗുർഗാൻ ഫെയ്‌സ് ബുക്ക് പേജിനെക്കുറിച്ച് അന്വേഷണം നടത്താൻ ഉത്തരവ്.യാക്കോബായ സഭാ പരമാദ്ധ്യക്ഷൻ പാത്രീയർക്കീസ് ബാവയേയും മലങ്കരയിലെ ചില മെത്രാപ്പോലീത്താമാരെ കുറിച്ചും അപകീർത്തി പരമായ പരാമർശം നടത്തുകയും സഭയിലെ പ്രശ്‌നങ്ങളെക്കുറിച്ച് വാർത്ത പ്രസിദ്ധികരിച്ച് മാധ്യമ പ്രവർത്തകരെയും ഭീഷണി ഉയർത്തുകയും ചെയ്ത ഗുർഗാൻ എന്ന ഫെയ്‌സ് ബുക്ക് പേജിനെ കുറിച്ചാണ് അന്വേഷണം നടത്താൻ മുഖ്യമന്ത്രി സംസ്ഥാന പോലീസ് മേധാവിക്ക് നിർദേശം നല്കിയത്. കഴിഞ്ഞ ദിവസം അയൽമായ ഫോറം പ്രസിഡന്റ് പോൾ വർഗീസ് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സംസ്ഥാന പോലീസ് മേധാവിക്ക് കേസ് കൈമാറിയതിന്റെ അടിസ്ഥാനത്തിൽ സൈബർ സെല്ലൽ അന്വേഷണം ആരംഭിച്ചു. ഇതിനെ തുടർന്ന് പരാതിക്കാരനിൽ നിന്ന് സൈബർ സെൽ കൂടുതൽ വിവരങ്ങൾ ശേഖരിച്ചു.
മുസ്ലിം, ഹൈന്ദവ വിഭാഗങ്ങളേയും കടന്നാക്രമിക്കുന്ന തരത്തിലുളള പോസ്റ്റുകളുമായി പ്രത്യക്ഷപ്പെട്ട ഇവർ യാക്കോബായ സഭയിലെ ഒരു വിഭാഗം മെത്രാപ്പോലീത്തമാർക്കെതിരെയും മോലധ്യക്ഷനായ പാത്രിയർക്കീസ് ബാവക്കെതിരെയും അസഭ്യങ്ങളും ഇട്ട പോസ്റ്റിൽ ഉണ്ടായിരുന്നു.
ഇതിനെ തുടർന്ന് സഭയിലെ ചില മെത്രാപ്പോലീത്തമാർ നൽകിയ പരാതി ഇപ്പോഴും സൈബർ സെല്ലിലുണ്ട്. ഇത് നിലനിൽക്കെയാണ് സഭയിലെ ആഭ്യന്തര പ്രശ്‌നങ്ങൾ വാർത്ത നൽകുന്ന മാധ്യമങ്ങളേയും മാധ്യമ പ്രവർത്തകരേയും കടന്നാക്രമിക്കാൻ ആഹ്വാനം ചെയ്ത് ഇവർ പോസ്റ്റുകളിട്ടത്.
ദീപുമറ്റപ്പളളി (മുൻ കേരള കൗമുദി,ഇപ്പോൾ കേരള ഭൂഷണം),സന്ദീപ് വെളളാരംകുന്ന് (മുൻ ഇന്ത്യാടുഡേ, ഇപ്പോൾ ടൈംസ് ഒഫ് ഇന്ത്യ), എം.ആർ.അജയൻ (ഗ്രീൻകേരള ന്യൂസ്),  കെ.എ.ഫൈസൽ(മാധ്യമം), ബാബുചെറിയാൻ(ഇന്ത്യൻ എക്‌സ്പ്രസ്), ജിജോ സിറിയക്(മാതൃഭൂമി),അനിൽ ജോർജ് (റിപ്പോർട്ടർ ചാനൽ) തുടങ്ങിയവർക്കെതിരെയായിരുന്നു ഇവരുടെ ഭീഷണി.
കഴിഞ്ഞ ആഴ്ച പാത്രീയർക്കീസ് ബാവ ഗുർഗാൻ എന്ന ഫെയ്‌സ് ബുക്ക് പേജ് സഭയുടെ എംബഌും മറ്റും ഉപയോഗിക്കുന്നത് വിലക്കികൊണ്ട് കല്പന പുറത്തിറക്കിയിരുന്നു. മാധ്യമ പ്രവർത്തകരെ ആക്രമിക്കാൻ ആഹ്വാനം നൽകിയ ക്രൈസ്തവ ഭീകര ഗ്രൂപ്പായ ഗൂർഗാൻ സഭാ ചിഹ്നങ്ങൾ ഉപയോഗിക്കുന്നത് വിലക്കുന്നു എന്നാണ് അതിൽ പറഞ്ഞിരുന്നത്.ഇതിന് പിന്നിലും അൽമായ ഫോറവും മറ്റും ആണെന്നും ചിലരെ പേരടുത്ത് വിമർശിച്ചും പോസ്റ്റ് ഇട്ടിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പേജ് ബ്‌ളോക്ക് ചെയ്തിരിക്കുകയാണ്.
സൈബർ സെല്ലിന്റെ പ്രാഥമിക അന്വേഷണത്തിൽ ഈ പേജ് ഈന്ത്യയിൽ നിന്നല്ല പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ അന്വേഷണത്തിനായി ഫെയ്‌സ് ബുക്കിന്റെ സഹായം തേടാനും തീരുമാനിച്ചിട്ടുണ്ട്.യാക്കോബായ സഭയിലെ ആഭ്യന്തര പ്രശ്‌നങ്ങളുടെ മറവിലാണ് ഇംഗ്ലണ്ട് കേന്ദ്രീകരിച്ച് മലയാളികളായ ചിലർ ഗൂർഗാൻ എന്ന പേരിൽ സോഷ്യൽ മീഡിയയിൽ പേജ് തുടങ്ങിയതെന്നാണ് പ്രാഥമിക നിഗമനം.
Top