കുട്ടികളെ ലൈഗീകാസ്വാദനത്തിന് ഇരയാക്കുന്നവര്‍ മീനാക്ഷിയുടെ പിന്നാലെ; ഈ പേജ് നമുക്ക് പൂട്ടിക്കണം

മലയാളത്തിലെ ബാലതാരങ്ങളില്‍ തിളങ്ങിനില്‍ക്കുന്ന കൊച്ചുസുന്ദരിയാണ് മീനാക്ഷി. എന്നോ ഞാനെന്റെ മുറ്റത്തൊരറ്റത്ത്… എന്ന പാട്ടിലൂടെ മലയാളിയുടെ മനസിലേക്ക് കയറിപ്പോയ മീനാക്ഷി ഒപ്പത്തിലൂടെ ആ സ്ഥാനം ഉറപ്പിച്ചു. എന്നാല്‍ ആദ്യ സിനിമയിലെ കഥാപാത്ത്രതിന്റെ അവസ്ഥയിലാണ് ഈ താരം. സിനിമയില്‍ കുട്ടികളെ പീഡിപ്പിക്കുന്നവരുടെ ഇരയാകുന്ന കഥാപാത്രത്തിന്റെ തന്നെ അവസ്ഥ മീനാക്ഷിക്കും സോഷ്യല്‍ മീഡിയയില്‍ നിന്നും ഉണ്ടായിരിക്കുകയാണ്.

തന്റെ പേരില്‍ ആരോ ഉണ്ടാക്കിയ ഫെയ്‌സ്ബുക് പേജില്‍ വന്നുനിറയുന്നത് മുഴുവന്‍ അശ്ലീല കമന്റുകളാണ്. ‘മീനാക്ഷി-മീനു-ഒപി’ എന്നു പേരിലുള്ള ഫെയ്‌സ്ബുക് പേജില്‍ നിറയെ മീനാക്ഷിയുടെ ഫോട്ടോഷോപ്പ് ചെയ്തു വികലമാക്കിയ ചിത്രങ്ങളാണ്. അതിനു ചുവട്ടില്‍ വന്നുനിറയുന്ന കമന്റുകള്‍ കണ്ടാല്‍ അറയ്ക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വെറും 11 വയസ്സ് മാത്രം പ്രായമുള്ള ഒരു കുട്ടിയുടെ ചിത്രങ്ങള്‍ക്കാണ് ഇത്തരം കമന്റുകള്‍ എന്നു വിശ്വസിക്കാന്‍ പോലും കഴിയില്ല. കൂടുതല്‍ അന്വേഷിച്ചു പോകുമ്പോള്‍ ലഭിക്കുന്ന വിവരങ്ങള്‍ അറിഞ്ഞാല്‍ ഞെട്ടും. മീനാക്ഷി മാത്രമല്ല ഇവിടെ സൈബര്‍ റേപ്പിന്റെ ഇരകള്‍. ബേബി അനഘ, ബേബി എസ്തര്‍, ബേബി നയന്‍താര തുടങ്ങി സിനിമയില്‍ പ്രശസ്തരായ ഒട്ടുമിക്ക ബാലതാരങ്ങളുടെയും പേരുകളില്‍ ഇത്തരം വ്യാജ പ്രൊഫൈലുകള്‍ നിരവധി. ഇവയില്‍ വരുന്ന കമന്റുകള്‍ വായിച്ചാല്‍ തോന്നും ഈ ഞരമ്പു രോഗികള്‍ മനുഷ്യരല്ലാ എന്ന്.

ഹനാനെ സോഷ്യല്‍ മീഡിയയില്‍ അപമാനിച്ച വ്യക്തിയെ അറസ്റ്റ് ചെയ്ത നടപടി ഏറെ പ്രതീക്ഷ നല്‍കുന്നതാണ്. അതേസമയം കുട്ടികളുടെ ചിത്രങ്ങള്‍ ഇത്തരത്തില്‍ ദുരുപയോഗം ചെയ്യപ്പെടുമ്പോള്‍ നിയമം കണ്ണുകെട്ടി നില്‍ക്കുന്നു. പലതവണ പരാതിപ്പെട്ടിട്ടും നടപടിയൊന്നുമുണ്ടാകുന്നില്ല. പേജ് പൂട്ടാതെ ഈ തെമ്മാടികള്‍ സ്വതന്ത്രമായി വിലസുന്നത് നമുക്ക് കാണേണ്ടിവരുന്നു. ഇതേക്കുറിച്ച് അറിയാന്‍ മീനാക്ഷിയുടെ അച്ഛന്‍ അനൂപുമായി സംസാരിക്കുമ്പോഴാണ് നമ്മുടെ നിയമ സംവിധാനങ്ങള്‍ എത്രമാത്രം ദുര്‍ബലമാണെന്ന് വ്യക്തമായത്.

മാസങ്ങള്‍ക്കു മുന്‍പ് അനൂപ് ഈ ഫെയ്ക്ക് പേജിനെക്കുറിച്ച് കോട്ടയം അയര്‍ക്കുന്നം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. നടപടിയൊന്നും ഇല്ലാതിരുന്ന സാഹചര്യത്തില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ നേരില്‍ക്കണ്ടു വീണ്ടും പരാതി ബോധിപ്പിച്ചു. എന്നിട്ടും ഒന്നും സംഭവിച്ചില്ല. ഇതോടെ കോട്ടയം എസ്പി ഓഫിസില്‍ പരാതി നല്‍കി. അവിടെനിന്ന് അന്വേഷണം ഉണ്ടായെങ്കിലും പേജിന് ഒന്നും സംഭവിച്ചില്ല. ഇതിനിടെ ഫെയ്‌സ്ബുക്കില്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നിട്ടും പേജ് ഡിലീറ്റ് ചെയ്യാന്‍ ഫെയ്‌സ്ബുക്ക് അധികൃതര്‍ തയ്യാറായില്ല.

പേജില്‍ വരുന്ന ചിത്രങ്ങളും അശ്ലീല കമന്റുകളും കൂടിയതോടെ കോട്ടയത്തുള്ള ചൈല്‍ഡ് ലൈനുമായി ബന്ധപ്പെട്ടു. കുട്ടികളുടെ സുരക്ഷയ്ക്കായി നിലകൊള്ളുന്ന സര്‍ക്കാര്‍ സംവിധാനം എന്ന പ്രതീക്ഷ അവിടെ തകരുകയായിരുന്നു. അവര്‍ പേരിന് മീനാക്ഷിയുടെ മൊഴി എടുത്തു മടങ്ങിയെന്നു മാത്രം. പരാതി നല്‍കി മാസം രണ്ടു കഴിഞ്ഞിട്ടും സോഷ്യല്‍ മീഡിയയിലൂടെയുള്ള ആക്രമണം തുടരുകയാണ്.

ഇതിനിടെ അനൂപ് ചില സുഹൃത്തുക്കള്‍ വഴി മീനാക്ഷിയുടേതടക്കമുള്ള ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്ന ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമായി. ‘സ്ട്രീറ്റ് കാറ്റ്‌സ്’ എന്നു പേരുള്ള ഈ ഗ്രൂപ്പില്‍ മലയാളത്തിലെയും ഹിന്ദിയിലെയും ബാലതാരങ്ങളുടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തു ഗ്രൂപ്പ് അംഗങ്ങളുടെ അഭിപ്രായം തേടും. ‘ഇന്നു രാത്രി ഇവരില്‍ ആരു വേണം നിങ്ങളുടെ കൂടെ കിടക്കാന്‍’ എന്ന മട്ടിലാണ് പോസ്റ്റുകള്‍ ഏറെയും. അനുകൂലമായി പ്രതികരിക്കുന്നവരെ ഇവര്‍ മറ്റൊരു ഗ്രൂപ്പില്‍ ആഡ് ചെയ്യും. അവിടെ കുട്ടികളെ വില്‍ക്കുന്ന തരത്തിലുള്ള നടപടികളാണ് നടക്കുന്നത്. ശരിക്കും ഒരു സെക്സ് റാക്കറ്റ് തന്നെ ഇതിനുപിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇപ്പോള്‍ ‘ഇന്‍സെക്റ്റസ്’ എന്ന പേരിലാണ് ഈ വാട്‌സ്ആപ്പ് ഗ്രൂപ്പ് അറിയപ്പെടുന്നത്.

മനസാക്ഷിയുള്ളവര്‍ ഈ പേജിനെതിരെ രംഗത്ത് വരേണ്ടതാണ്. ഇത് റിപ്പോര്‍ട്ട് ചെയ്ത് പൂട്ടിക്കാന്‍ പ്രബുദ്ധ മലയാളികള്‍ എന്ന് വീമ്പിളക്കുന്നവര്‍ക്ക് കഴിയണം. ഈ വിവരം പരമാവധി ആള്‍ക്കാരില്‍ എത്തിക്കൂ.

Top