ഫ്ലോറിഡ :ഭർത്താവ് കൊലപ്പെടുത്തിയ മലയാളി നഴ്‌സ് മെറിൻ ജോയിയുടെ സംസ്‌കാരം അമേരിക്കയിൽ നടക്കും. പൊന്നുമകളുടെ ചേതനയറ്റ ശരീരം പോലും കാണാനാകാതെ ഉൗരാളിൽ കുടുംബം. അമേരിക്കയിൽ ഭർത്താവിനാൽ കൊലചെയ്യപ്പെട്ട മെറിന്റെ ചേതനയറ്റ ശരീരമെങ്കിലും അവസാനമായി ഒരു തവണ കാണാമെന്ന പ്രതീക്ഷയും ഉറ്റവർക്ക് ഇല്ലാതായി.തിങ്കളാഴ്ച ഫ്‌ളോറിഡയിലാണ് മൃതദേഹം സംസ്‌കരിക്കുക. ഉച്ചയ്ക്ക് രണ്ട് മണി മുതൽ പൊതുദർശനത്തിന് സൗകര്യമൊരുക്കിയിട്ടുണ്ട്.
ഫ്‌ളോറിഡയിലെ റ്റാംപയിലെ കത്തോലിക്കാ ദേവാലയത്തിലായിരിക്കും മെറിന്റെ സംസ്‌കാരം നടക്കുക. മെറിന്റെ പിതാവ് ജോയിയുടെ മാതൃസഹോദരന്മാർ ഉൾപ്പെടെയുള്ള ബന്ധുക്കൾ റ്റാംപയിലുണ്ട്. കൊവിഡ് സാഹചര്യം കണക്കിലെടുത്താണ് മെറിന്റെ മൃതദേഹം അമേരിക്കയിൽ തന്നെ സംസ്‌കരിക്കാൻ തീരുമാനിച്ചത്. മൃതദേഹം നാട്ടിലെത്തിക്കാൻ സാധിക്കില്ലെന്ന് ഇന്നലെ ഉച്ചയോടെയാണ് മാതാപിതാക്കളെ അറിയിച്ചത്.
മെറിന്റെ മൃതദേഹം മയാമിയിലെ ഫ്യൂണറൽ ഹോമിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് ഏറ്റുവാങ്ങാനും ബന്ധുക്കൾക്കും സഹപ്രവർത്തകർക്കും അന്തിമോപചാരം അർപ്പിക്കാൻ സൗകര്യം ഒരുക്കാനും തീരുമാനിച്ചിരുന്നു. പക്ഷേ, കാലാവസ്ഥ അനുകൂലമല്ലാത്തതിനാൽ അത് ഉപേക്ഷിക്കുകയായിരുന്നു.
ഓഗസ്റ്റ് 15ന് പുതിയ ജോലിയിലേക്ക് മാറാൻ തയാറെടുത്തിരിക്കുകയായിരുന്നു മെറിൻ. കോറൽ സ്പ്രിങ്സിലെ ജോലി ഉപേക്ഷിച്ച മെറിൻ താമ്പയിലെ സെന്റ് ജോസഫ്സ് ഹോസ്പിറ്റൽ ഗ്രൂപ്പിൽ ജോലി നേടിയിരുന്നു. താമ്പയിൽത്തന്നെ താമസിക്കാൻ പുതിയ അപ്പാർട്മെന്റും കണ്ടെത്തി. കോറൽ സ്പ്രിങ്സിൽ ഒപ്പം ജോലി ചെയ്യുന്ന നഴ്സ് മിനിമോൾ ചെറിയമ്മാക്കലിനൊപ്പമാണ് താമ്പയിൽ പോയതും അപ്പാർട്മെന്റ് കണ്ടെത്തിയതും. മെറിന്റെ ബന്ധുക്കൾ സ്ഥിരതാമസമാക്കിയ സ്ഥലം കൂടിയാണു താമ്പ.
ഇതാണു താമ്പയിലേക്ക് മാറാൻ മെറിനെ പ്രേരിപ്പിച്ചത്. കോറൽ സ്പ്രിങ്സിലെ ആശുപത്രിയിൽ നിന്ന് അവസാന ഷിഫ്റ്റും കഴിഞ്ഞ് പുറത്തിറങ്ങുമ്പോഴാണു മെറിൻ കൊല്ലപ്പെട്ടത്. കുത്തേറ്റു വീണ മെറിന്റെ ദേഹത്തൂകൂടി വാഹനം ഓടിച്ചു കയറ്റിയെന്നാണ് ഭർത്താവ് നെവിന് എതിരായ കേസ്. താമ്പയിലേക്ക് മാറിക്കഴിഞ്ഞാൽ മെറിനെ കാണാൻ സാധിക്കില്ലെന്ന തോന്നലും നെവിനെ ക്രൂരമായ കൃത്യത്തിനു പ്രേരിപ്പിച്ചിരിക്കാമെന്നു യുഎസിലെ സുഹൃത്തുക്കൾ പറയുന്നു.
കൊറോണയും ലോക്ഡൗണും വഴിമുടക്കിയിരുന്നില്ലെങ്കിൽ മെറിനൊപ്പം അമ്മ മേഴ്സിയും മകൾ നോറയും ഇപ്പോൾ അമേരിക്കയിൽ ഉണ്ടായിരുന്നേനെ. മേഴ്സിക്കും നോറയ്ക്കും ഏപ്രിൽ 30ന് യാത്ര ചെയ്യാനായി മെറിൻ വിമാന ടിക്കറ്റ് എടുത്തിരുന്നു.കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യയിൽ നിന്നുള്ള രാജ്യാന്തര വിമാനങ്ങൾ റദ്ദാക്കിയതോടെ യാത്ര മുടങ്ങി. എന്നിട്ടും ടിക്കറ്റ് കാൻസൽ ചെയ്യാതെ നീട്ടിയെടുക്കുകയാണു മെറിൻ ചെയ്തതെന്നു ബന്ധുക്കൾ പറഞ്ഞു.
സാഹചര്യം അനുകൂലമാകുന്നതിന് അനുസരിച്ച് ഇരുവരെയും യുഎസിൽ എത്തിക്കാനായിരുന്നു ശ്രമം. രണ്ടു വയസ്സുള്ള മകളായ നോറയെ ഏറെ സ്നേഹിച്ചിരുന്നു മെറിൻ. കുത്തേറ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾപോലും മെറിൻ നോറയെക്കുറിച്ചായിരുന്നു പറഞ്ഞിരുന്നതെന്നും ബന്ധുക്കൾ പറഞ്ഞു.എറണാകുളം പിറവം സ്വദേശികളായ ജോയ്, മേഴ്‌സി ദമ്പതികളുടെ മകളാണ് മെറിൻ ജോയി (27). മെറിൻ ജോലി ചെയ്തിരുന്ന ബ്രൊവാഡ് ഹെൽത്ത് ഹോസ്പിറ്റലിലെ പാർക്കിംഗ് സ്ഥലത്താണ് മെറിന് കുത്തേറ്റത്. തുടർന്ന് മെറിന്റെ ദേഹത്ത് കാർ കയറ്റി കൊലപ്പെടുത്തുകയായിരുന്നു. ഭർത്താവ് ചങ്ങനാശേരി വെളിയനാട് ആഞ്ഞിലിക്കാത്തറയിൽ ഫിലിപ് മാത്യു അറസ്റ്റിലാണ്.