മെക്സിക്കോ സിറ്റി: മെക്സിക്കന്‍ സുന്ദരിയായി തിരഞ്ഞെടുക്കപ്പെട്ട എസ്മെറാള്‍ഡാ സോളിസ് ഗോണ്‍സാലെസ് എന്ന 21-കാരി കത്തോലിക്ക സന്യാസ സമൂഹത്തില്‍ ചേര്‍ന്നു. കഴിഞ്ഞ വര്‍ഷം ‘സൗന്ദര്യ റാണി’ പട്ടം കരസ്ഥമാക്കിയ എസ്മെറാള്‍ഡാ, മെക്സിക്കോയിലെ ക്യുവര്‍ണാവാക്കായില്‍ വാഴ്ത്തപ്പെട്ട മരിയ ഇന്‍സ് തെരേസാ അരിയാസ് സ്ഥാപിച്ച ‘പൂവര്‍ ക്ലാര മിഷണറീസ് ഓഫ് ദി ബ്ലസ്സ്ഡ് സാക്രമെന്റ്’ എന്ന സന്യാസിനി സഭയിലാണ് ചേര്‍ന്നിരിക്കുന്നത്.
ആത്മീയജീവിതത്തില്‍ പ്രവേശിക്കാതിരിക്കുന്നിടത്തോളം കാലം അതെന്താണെന്ന് നമുക്ക് ശരിക്കും അറിയുന്നില്ലായെന്നും തനിക്ക് ഇപ്പോള്‍ അതിന്‍റെ പ്രാധാന്യം മനസ്സിലാക്കുവാന്‍ സാധിക്കുണ്ടെന്നും എസ്മെറാള്‍ഡാ സിഎന്‍എ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. നൂട്രീഷണിസ്റ്റ് ആയിരുന്ന എസ്മെറാള്‍ഡാ 5 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് പൂവര്‍ ക്ലാര സന്യാസി സഭയിലെ സിസ്റ്റേഴ്സിനെ കണ്ടുമുട്ടിയത്.
വരാനിരിക്കുന്ന ജീവിതത്തെ കുറിച്ചുള്ള അറിവ് പകരുന്നവയായിരുന്നു ആ അനുഭവങ്ങള്‍. പൂര്‍ണ്ണമായ രീതിയില്‍ തന്നെ സേവിക്കുവാന്‍ ദൈവം തന്നെ വിളിക്കുന്നതായി തനിക്ക് തോന്നിയെന്ന്‍ എസ്മെറാള്‍ഡാ പറയുന്നു. ഇതിനിടയില്‍ സൗന്ദര്യ റാണിയെ തിരഞ്ഞെടുക്കുവാനുള്ള മത്സരത്തില്‍ പങ്കെടുത്തു. സൗന്ദര്യ റാണി പട്ടവും കരസ്ഥമാക്കി. നീണ്ട നാളുകള്‍ക്ക് ശേഷം കഴിഞ്ഞ മാര്‍ച്ചിലാണ് അവള്‍ തന്റെ ദൈവവിളിക്ക് സമ്മതം നല്‍കിയത്. മോര്‍ലോസ് സംസ്ഥാനത്തിലെ ക്യുവര്‍ണാവാക്കായിലുള്ള സന്യാസിനി സഭയുടെ മഠത്തിലാണ് എസ്മെറാള്‍ഡാ ഇപ്പോള്‍ താമസിക്കുന്നത്.
തന്റെ ദൈവവിളി കണ്ടെത്തുന്നതിനായി താന്‍ ഒരുപാട് സമയം പ്രാര്‍ത്ഥനയിലും കാര്യണ്യപ്രവര്‍ത്തികളിലും മുഴുകിയതായി എസ്മെറാള്‍ഡാ സിഎന്‍എയോട് തുറന്ന്‍ പറഞ്ഞു. “കുടുംബത്തെ വിട്ടുപിരിയേണ്ടി വരുന്നതിനാല്‍ ചെറിയ എതിര്‍പ്പുകള്‍ ഉണ്ടായെങ്കിലും തന്റെ മാതാപിതാക്കളും, സഹോദരങ്ങളും, അടുത്ത കൂട്ടുകാരും തന്റെ തീരുമാനത്തോട് പൂര്‍ണ്ണമായും സഹകരിച്ചു. ദൈവത്തിന് എന്നെ ആവശ്യമുണ്ടായിരുന്നു, മറ്റൊരു മേഖലയിലുള്ള വിജയമാണ് ദൈവം എനിക്കായി കരുതിയിരിക്കുന്നത്.”
ആത്മീയജീവിതത്തില്‍ ഓരോ ദിവസവും, ഒരു പുതിയ തുടക്കവും അവസരവുമാണ്. ദൈവത്തിന്‍റെ രാജ്യം വ്യാപിപ്പിക്കുന്നതിനുള്ള അവസരമാണിത്. അതിനായി ഒരുപാട് സഹനങ്ങള്‍ നമുക്ക് നേരിടേണ്ടതായി വരും. എന്നാല്‍ എല്ലാത്തിന്റേയും പ്രതിഫലം സന്തോഷമായിരിക്കും. ഭൗതീകജീവിതത്തിലെ മനോഹാരിതയും സന്തോഷവും ആകര്‍ഷണീയമാണ് എന്നത് സത്യമായിരിക്കാം. എന്നാല്‍ നിത്യമായി നിലനില്‍ക്കുന്നതിനെക്കുറിച്ചും നമ്മള്‍ ചിന്തിക്കണം.
തന്റെ പദ്ധതിക്കായി ദൈവം നമ്മളെ വിളിക്കുമ്പോള്‍ ഭയപ്പെടേണ്ട കാര്യമില്ല. സന്തോഷത്തോടും, സമാധാനത്തോടും, ആത്മവിശ്വാസത്തോടും കൂടി ദൈവത്തെ സ്വീകരിക്കുക, അത് മാത്രം നമ്മള്‍ ചെയ്‌താല്‍ മതി. എസ്മെറാള്‍ഡാ തന്‍റെ വിശ്വാസം ഏറ്റുപറഞ്ഞു.
ഏതൊരു ദൈവനിയോഗത്തിനും അതിന്റേതായ ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കിലും ദൈവത്തിന്റെ കരംപിടിച്ചാല്‍, നമ്മുക്ക് എപ്പോഴും മുന്നേറുവാന്‍ സാധിക്കുമെന്ന്‍ എസ്മെറാള്‍ഡാ കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍ പ്രവര്‍ത്തനനിരതരായ ദിവ്യകാരുണ്യത്തിന്റെ ക്ലാര സന്യാസിനീ സഭ- ക്ലിനിക്കുകള്‍, യുവജന കൂട്ടായ്മകള്‍, സ്കൂളുകള്‍ തുടങ്ങിയ വിവിധ മേഖലകളില്‍ സ്തുത്യര്‍ഹമായ രീതിയില്‍ സേവനം ചെയ്തു വരുന്നുണ്ട്. സഭയിലെ പുതിയ അംഗത്തിന്‍റെ ജീവിതകഥ സാമൂഹ്യമാധ്യമങ്ങളില്‍ ഇതിനോടകം വൈറലായി കഴിഞ്ഞു.