തിരുവനന്തപുരം: മലയാളികളുടെ മനസിനെ മുറിപ്പെടുത്തിയ പെരുമ്പാവൂര്‍ ജിഷ കൊലപാതകം അത്യന്തം ദൗര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ക്രൂരകൃത്യം നടത്തിയ കൊലയാളികളെ വെറുതെ വിടില്ലെന്ന് ഉമ്മന്‍ചാണ്ടി അറിയിച്ചു. പ്രതികളെ ഉടന്‍ തന്നെ പിടികൂടി കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു. കേസ് മധ്യ മേഖലാ ഐജി അന്വേഷിക്കുമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ജിഷയുടെ വീട് സന്ദര്‍ശിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
അതേസമയം, ജിഷയുടെ കൊലപാതകം സംബന്ധിച്ച അന്വേഷണം പരിചയക്കാരിലേക്ക് നീങ്ങുന്നു. മുന്‍പ് ജിഷയെ ബന്ധുവും അയല്‍ക്കാരനും ചേര്‍ന്ന് ശല്യപ്പെടുത്താന്‍ ശ്രമിച്ചതായി പൊലീസിന് വിവരം ലഭിച്ചു. ഇവര്‍ പോലീസ് നിരക്ഷണത്തിലാണ്. കൊല നടന്ന ദിവസം ഇവര്‍ ജിഷയുടെ വീട്ടിനടുത്ത് തന്നെ ഉണ്ടായതായുമാണ് സംശയം. അന്നേ ദിവസം ജിഷ വളരെ ഉച്ചത്തില്‍ സംസാരിക്കുന്നത് കേട്ടതായും പൊലീസിന് മൊഴി ലഭിച്ചു. സംഭവ സ്ഥലത്ത് നിന്ന് മൂന്ന് ചെരുപ്പുകളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇത് പ്രതികളുടേതാകാമെന്നാണ് നിഗമനം.
ജിഷ മരിച്ച വിവരം പൊലീസിനെ വിളിച്ചറിയിച്ചത് കൊലപാതകികളായിരിക്കാമെന്ന് നിഷയുടെ അമ്മ പൊലീസിന് മൊഴി നല്‍കി. നേരത്തേ ജിഷയും മാതാവും ആക്രമണങ്ങള്‍ക്ക് ഇരയായിട്ടുണ്ടെന്നും പൊലീസില്‍ പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ലെന്നും ജിഷയുടെ സഹോദരി ആരോപിച്ചു. ഇവരെ ചുറ്റിപ്പറ്റിയാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. തെരുവോരത്ത് താമസിക്കുന്ന കുംടുംബത്തിലായത് കൊണ്ടും ജിഷയ്ക്ക് ബന്ധുക്കള്‍ ഇല്ലാത്തത് കൊണ്ടും രാഷ്ട്രീയപാര്‍ട്ടികളോ പൊതുപ്രവര്‍ത്തകരോ വിഷയത്തില്‍ ഇടപ്പെടുന്നില്ല. ജിഷ പഠിച്ച ലോ കോളേജിലെ ചില അധ്യാപകരും സഹപാഠികളും മാത്രമാണ് ജിഷയുടെ കൊലയാളിയെ കണ്ടെത്തണമെന്ന ആവശ്യവുമായി ഇപ്പോള്‍ രംഗത്തുള്ളു.