സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് പിടിയില്‍.
പാലക്കാട് മണ്ണാര്‍ക്കാട് മണലടി കുന്നത്ത് ഹൗസില്‍ അബൂബക്കര്‍ സിദ്ധിക്കി(24)നെയാണ് കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തത്.
കൊട്ടാരക്കര സ്വദേശിനിയായ പെണ്‍കുട്ടിയെ ആണ് ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയ പ്രതി തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് ഒരുമാസത്തോളമായി ഇയാള്‍ തമിഴ്നാട്ടിലെ തിരുപ്പൂരില്‍ പെണ്‍കുട്ടിയെ രഹസ്യമായി താമസിപ്പിച്ചിരിക്കുകയായിരുന്നു.
തുണിമില്‍ തൊഴിലാളികള്‍ കൂട്ടമായി താമസിക്കുന്നിടത്തെ ഒറ്റമുറി വീട്ടില്‍ കഴിഞ്ഞിരുന്ന പെണ്‍കുട്ടിയെ പോലീസ് രക്ഷപ്പെടുത്തുകയും അബൂബക്കറിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കഴിഞ്ഞ 12-നാണ് പെണ്‍കുട്ടിയെ കാണാതായത്.
തിരുവനന്തപുരം വിമാനത്താവളത്തില്‍ പെണ്‍കുട്ടി എത്തിയതായി കണ്ടെത്തിയെങ്കിലും അവിടെ നിന്ന് എങ്ങോട്ടു പോയെന്ന് അറിയാനായില്ല. പ്രത്യേക അന്വേഷണസംഘം നടത്തിയ വിശദമായ അന്വേഷണത്തിലാണ് അന്ന് അബൂബക്കര്‍ ഗള്‍ഫില്‍ നിന്ന് തിരുവനന്തപുരത്തെത്തി പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടു പോയതായി കണ്ടെത്തിയത്.
ഇയാളുടെ പാലക്കാട്ടും കേരളത്തിലും തമിഴ്നാട്ടിലുമുള്ള ബന്ധുവീടുകളിലും പോലീസ് തിരച്ചില്‍ നടത്തിയയെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയും നല്‍കിയിരുന്നു.
ഒരുമാസത്തോളം പോലീസ് നടത്തിയ രഹസ്യാന്വേഷണത്തിനൊടുവിലാണ് തിരുപ്പൂരില്‍ നിന്ന് ഇരുവരെയും കണ്ടെത്തിയത്.