കൊച്ചി: ജെസ്‌നയെ സഹോദരിയെ കണ്ടെത്താന്‍ സഹായിക്കണം!.. അപേക്ഷയുമായി ജസ്നയുടെ സഹോദരനും സഹോദരിയും ഫെയ്‌സ്ബുക്ക് വീഡിയോയുമായി രംഗത്ത് . സ്വന്തം പെങ്ങൾക്കു വേണ്ടി ഒന്നും ചെയ്യാൻ പറ്റാത്ത ഒരാങ്ങളയായി നിൽക്കുകയാണ്. നാളെ അവൾക്കെന്തെങ്കിലും മോശമായി സംഭവിച്ചതിനുശേഷം കൂടെ നിൽക്കുന്നതിനേക്കാൾ നല്ലത് ഇപ്പോൾ ഞങ്ങളുടെ അന്വേഷണത്തിൽ കൂടെ നിൽക്കുന്നതാണ്. സഹോദരിയുടെ തിരോധാനത്തിൽ വിഷമിക്കുന്ന കുടുംബത്തിന്‍റെ നിസഹായവസ്ഥയുമായി സഹോദരന്‍റെയും സഹോദരിയുടെയും കണ്ണീരലിയിക്കുന്ന വാക്കുകൾ വൈറലാകുന്നു.
മുക്കൂട്ടുതറ കുന്നത്ത് ജെയിംസ് ജോസഫിന്‍റെ മകൾ ജെസ്ന മരിയ ജെയിംസിനെ (20) കാണാതായ വിഷമത്തിൽ സഹോദരനും സഹോദരിയും കഴിയുന്നതിനിടെയാണു ജെസ്നയെ കണ്ടെത്തണമെന്നാവശ്യവുമായി ഫെയ്സ് ബുക്ക് ലൈവുമായി രംഗത്തെത്തിയത് ഏവരെയും കണ്ണീരലിയിപ്പിക്കുന്ന വാക്കുകളാണ്. 30 മിനിറ്റ് ദൈർഘ്യമുള്ള ഓഡിയോ ക്ലിപ്പ് വൈറലായതോടെ ഏവരും അന്വേഷിക്കുന്നത് ജെസ്നയുടെ തിരോധാനത്തെപ്പറ്റിയാണ്.
കഴിഞ്ഞ 22ന് രാവിലെ 9.30 മുതൽ ജെസ്ന കാണാതാകുകയായിരുന്നു. കാഞ്ഞിരപ്പള്ളി സെന്‍റ് ഡൊമിനിക് കോളജിൽ രണ്ടാംവർഷ ബികോം വിദ്യാർഥിനിയായ ജെസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നുണ്ടെങ്കിലും ഇതുവരെ ഒന്നും കണ്ടെത്താൻ സാധിച്ചിട്ടില്ല. ഈ സന്ദർഭത്തിലാണു ജെസ്നയുടെ സഹോദരനും സഹോദരിയും രംഗത്തെത്തിയിരിക്കുന്നത്.
’നാൽപ്പത്തിനാലു ദിവസമായിട്ടും ജെസ്നയുടെ കാര്യത്തിൽ ഒരു തുന്പുമില്ല. അന്നുരാവിലെ പപ്പയും താനും ജെസ്നയും കൂടിയാണ് ഭക്ഷണം ഉണ്ടാക്കിയത്, മമ്മി മരിച്ചിട്ട് എട്ടുമാസമായി. ഞങ്ങൾ മൂന്നുപേരും ഒരമിച്ചിരുന്നു ഭക്ഷണം കഴിച്ചു പപ്പ ഓഫീസിൽ പോയി, ശേഷം താൻ എട്ടരവരെ വീട്ടിലുണ്ടായിരുന്നു. അതിനു മുന്പ് എനിക്ക് റിസൽറ്റ് വന്നു. ബികോം റിസൽട്ട് വന്നുവെന്നും 91 ശതമാനം മാർക്കുണ്ടെന്നും ജെസ്ന പറഞ്ഞിരുന്നു. വലിയ കാര്യമായിപ്പോയി എന്നു പറഞ്ഞു. നീ പോടാ, അങ്ങനെ തമാശ പറഞ്ഞു. തമാശ പറഞ്ഞൊക്കെ ഇരിക്കുന്പോൾ അവൾക്കൊരിക്കലും പ്ലാൻ ചെയ്തു പോവാനുള്ള മാനസികാവസ്ഥയുണ്ടെന്നൊന്നും തോന്നിയില്ല.
അവൾ ഒരിക്കലും നെഗറ്റീവ് ആയി എന്തെങ്കിലും ചെയ്യുമെന്നു തോന്നുന്നില്ല. താൻ കോളജിൽ പോയി 9.15 ഒക്കെ ആയപ്പോൾ അവൾ പഠിക്കുന്നത് അടുത്തവീട്ടിലെ ചേച്ചി കണ്ടിരുന്നു, ആന്‍റിയുടെ വീട്ടിൽ പഠിക്കാൻ പോകുകയാണെന്നും പറഞ്ഞു. ഓട്ടോ കയറി ഒരു ബസിൽ കയറി എരുമേലിയിൽ ഇറങ്ങുന്നത് അവളുടെ ജൂണിയറായി പഠിച്ച ഒരു പയ്യൻ കണ്ടിരുന്നു. തലേദിവസം പപ്പായുടെ പെങ്ങളെ വിളിച്ചു കുറേസമയം സംസാരിച്ചിരുന്നു. ഒറ്റയ്ക്കിരുന്നു പഠിക്കാൻ പറ്റുന്നില്ല അങ്ങോട്ടു വരികയാണെന്നാണു വിളിച്ചു പറഞ്ഞത്. തലേദിവസം അയൽവക്കത്തെ പിള്ളേരോടും പഠിക്കാൻ പോകുന്നുവെന്നാണ് പറഞ്ഞത്.
എരുമേലിയിൽനിന്നു കയറിയ ഒരു ബസിൽ ഒറ്റയ്ക്കിരുന്നു പോകുന്നതും സിസിടിവിയിൽ തിരിച്ചറിഞ്ഞതാണ്. അതുകഴിഞ്ഞിട്ട് എന്താണു സംഭവിച്ചതെന്ന് ഒരു ക്ലൂവും ഇല്ല. അവൾ എവിടെയെങ്കിലും ട്രാപ്പിലായതാകാം എന്നാണ് സൂചന. ജസ്നയെപ്പറ്റിയും കുടുംബത്തെക്കുറിച്ചുമൊക്ക മോശമായി പറയുന്നവരുണ്ട്. സത്യാവസ്ഥ എന്താണെന്ന് മനസിലാക്കണം. അവൾക്കെന്തെങ്കിലും നെഗറ്റീവ് ആയി സംഭവിക്കുകയാണെന്ന് അറിയുകയാണെങ്കിൽ പറഞ്ഞ പലകാര്യങ്ങളും തിരച്ചെടുക്കാൻ പറ്റാത്തതായിരിക്കും. ഞങ്ങളുടെ അവസ്ഥയും മനസിലാക്കണം, ഞങ്ങളുടെ സ്ഥാനത്തുനിന്നു ചിന്തിച്ചു നോക്കണം.
ഒരുപാടുപേരു വിളിക്കുകയും അന്വേഷിക്കുകയുമൊക്കെ ചെയ്യുന്നുണ്ട്, പോലീസിന്‍റെ ഭാഗത്തുനിന്നും സഹകരണമുണ്ട്. പറയുന്ന ആരോപണങ്ങളിൽ ഉറപ്പുണ്ടെങ്കിൽ അതു പോലീസിനെ അറിയിക്കുകയാണു വേണ്ടത്. തനിക്കു പെങ്ങളെ കിട്ടണമെന്നേയുള്ളു. എല്ലാവരും സഹായിക്കണമെന്നേ പറയാനുള്ളു. മിസിംഗ് ആയ ആദ്യ അഞ്ചു ദിവസത്തിനുള്ളിൽ തന്നെ ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. ജെസ്ന മിസ് ആയതിന്‍റെ പിറ്റേന്നു തന്നെ അവളുടെ ഫോട്ടോ വാട്സാപ്പിൽ കൊടുക്കാമെന്ന് അച്ഛനും സഹോദരിയും പറഞ്ഞതാണ്, എന്നാൽ അതവളുടെ ഭാവിയെ തകർക്കുമെന്നു കരുതി താനാണു വേണ്ടെന്നു പറഞ്ഞത്.
ആർക്കെങ്കിലും എന്തെങ്കിലും അറിവുണ്ടെങ്കിൽ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ അറിയിക്കണമെന്ന് അഭ്യർഥിക്കുകയാണ്. അമ്മ മരിച്ച് അധികമായിട്ടില്ല, അവൾ കൂടി പോയി കഴിഞ്ഞാൽ പിന്നെ താങ്ങാൻ സാധിക്കില്ല. സ്വന്തം പെങ്ങൾക്കു വേണ്ടി ഒന്നും ചെയ്യാൻ പറ്റാത്ത ഒരാങ്ങളയായി നിൽക്കുകയാണ്. നാളെ അവൾക്കെന്തെങ്കിലും മോശമായി സംഭവിച്ചതിനുശേഷം കൂടെ നിൽക്കുന്നതിനേക്കാൾ നല്ലത് ഇപ്പോൾ ഞങ്ങളുടെ അന്വേഷണത്തിൽ കൂടെ നിൽക്കുന്നതാണ്.
മമ്മി മരിച്ച വിഷമത്തിൽനിന്നും മുക്തമായി വരുന്നതേയുള്ളു. അതിനിടയിലാണ് ജെസ്നയുടെ മിസിംഗും. ജെസ്നയെ നിങ്ങളുടെ പെങ്ങൾ കൂടിയായി കണ്ട് ഒന്നിച്ചു പ്രവർത്തിക്കാം. അവൾക്കൊരു റിലേഷൻ ഉണ്ടായിരുന്നെങ്കിൽ എന്നാണു താനിപ്പോൾ പ്രാർഥിക്കുന്നത്, കാരണം അവൾ സുരക്ഷിതയാണെന്ന് അറിയുമല്ലോ. തളർത്തുന്ന ആരോപണങ്ങൾ ദയവുചെയ്ത് ഉണ്ടാക്കരുതെന്നും ജെയ്സും ജെഫീകും പറഞ്ഞു നിർത്തുന്നു.


