
ഡല്‍ഹി: ലൈംഗികാരോപണത്തില്‍ കുരുങ്ങിയ കേന്ദ്ര വിദേശകാര്യ സഹമന്ത്രി എംജെ അക്ബറിന് മന്ത്രിസ്ഥാനം നഷ്ടമായേക്കും. നൈജീരിയന്‍ സന്ദര്‍ശനത്തിലായിരുന്ന മന്ത്രിയോട് എത്രയും പെട്ടെന്ന് ഡല്‍ഹിയിലെത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു. ഇതോടെ വെള്ളിയാഴ്ച തിരികെ എത്താനിരുന്ന അക്ബര്‍ ഇന്ന് തന്നെ മടങ്ങിയെത്തിയേക്കും.
അക്ബറിനെതിരെയുള്ള ആരോപണങ്ങളില്‍ ചിലത് ഗൗരവതരമാണ്. അതേസമയം അദ്ദേഹത്തിന് പറയാനുള്ളതും കേള്‍ക്കുമെന്ന് പാര്‍ട്ടി നേതാക്കള്‍ പറഞ്ഞു. സ്ത്രീകളുടെ സുരക്ഷയെ സംബന്ധിച്ച കാര്യത്തില്‍ ബി.ജെ.പിക്ക് ഗൗരവമായ സമീപനമാണെന്ന് അവര്‍ അറിയിച്ചു.
എം.ജെ. അക്ബറിനെതിരെ വെളിപ്പെടുത്തലുമായി കൂടുതല്‍ വനിതാ മാദ്ധ്യമപ്രവര്‍ത്തകര്‍ രംഗത്തത്തിയിരുന്നു. ടെലഗ്രാഫ്, ഏഷ്യന്‍ ഏജ് തുടങ്ങിയ പത്രങ്ങളുടെ മുന്‍ എഡിറ്റര്‍ ആയ എം.ജെ. അക്ബറിനെതിരെ പ്രമുഖ മാദ്ധ്യമ പ്രവര്‍ത്തക പ്രിയാരമണിയാണ് ആദ്യം ആരോപണമുന്നയിച്ചത്. അതിന് പിന്നാലെയാണ് അഞ്ചോളം വനിതാ മാദ്ധ്യമ പ്രവര്‍ത്തകര്‍ കൂടി ആരോപണവുമായി എത്തി. അക്ബര്‍ തന്നെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതായി സ്വതന്ത്ര മാദ്ധ്യമപ്രവര്‍ത്തക കണിക ഗാഹ്ലോട്ടാണ് ഇന്നലെ വെളിപ്പെടുത്തിയത്. സുപര്‍ണ ശര്‍മ്മ, ഷുമ രാഹ, പ്രെര്‍ന സിംഗ് ബിന്ദ്ര തുടങ്ങിയവരും അക്ബറിനെതിരെ സമൂഹമാദ്ധ്യമങ്ങളില്‍ തുറന്നെഴുതിയിട്ടുണ്ട്.
മാധ്യമപ്രവര്‍ത്തകരുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രമന്ത്രി എംജെ അക്ബറിനെതിരെ അന്വേഷണം വേണമെന്ന് കേന്ദ്ര വനിത ശിശുക്ഷേമമന്ത്രി മേനക ഗാന്ധി ഇന്നലെ പരസ്യമായി ആവശ്യപ്പെട്ടിരുന്നു. അക്ബര്‍ ഇക്കാര്യത്തില്‍ ഇതുവരെ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. അക്ബര്‍ രാജിവച്ച് അന്വേഷണം നേരിടണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്.