
കോഴിക്കോട്: ഉപയോഗിച്ച് വലിച്ചെറിയുക എന്നതാണ് ഇന്ന് കോണ്‍ഗ്രസിലെ രീതി. സ്വന്തക്കാരുടെ ലിസ്റ്റ് ഉണ്ടാക്കുന്നതിന് അപ്പുറത്ത് അര്‍ഹരെ കൊണ്ടുവന്നില്ലെങ്കില്‍ പാര്‍ട്ടി സമ്പൂർണ്ണ തകർച്ചയി എത്തുമെന്ന് എം കെ രാഘവന്‍ എംപി.ജനങ്ങളും അണികളും നാടും അംഗീകരിക്കുന്ന നേതാക്കളാണ് പാര്‍ട്ടിയ്ക്ക് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. ധാര്‍മികത ഉള്ളവര്‍ക്കേ നിലപാട് എടുക്കാന്‍ സാധിക്കുകയുള്ളൂ. പാര്‍ട്ടിയെ നയിക്കാന്‍ വി എം സുധീരനെ പോലെയുള്ള നേതാക്കള്‍ ഉയര്‍ന്നുവരണം. ഇന്ന് എ കെ ആന്റണി കഴിഞ്ഞാല്‍ പിന്നെ ഉള്ള നേതാവ് വി എം സുധീരന്‍ ആണ്.
തെരഞ്ഞെടുപ്പ് പരാജയങ്ങളില്‍ നിന്ന് പാഠം പഠിക്കണമെന്ന് എം കെ രാഘവന്‍ എംപി. വിയോജിപ്പും വിമര്‍ശനവും നടത്താന്‍ പറ്റാത്ത പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറിയെന്ന് വിമര്‍ശിച്ച എം കെ രാഘവന്‍ പാര്‍ട്ടിയെ നയിക്കാന്‍ വി എം സുധീരനെ പോലെയുള്ള നേതാക്കള്‍ ഉയര്‍ന്നുവരണമെന്നും ആവശ്യപ്പെട്ടു. ‘സ്ഥാനവും മാനവും വേണമെങ്കില്‍ മിണ്ടാതിരിക്കേണ്ട അവസ്ഥയാണ് ഇന്ന് കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളത്. അര്‍ഹതയുള്ളവര്‍ പുറത്ത് നില്‍ക്കുകയാണ്.
പഴയ കോണ്‍ഗ്രസിലെ ആത്മബന്ധം ഇന്നത്തെ കോണ്‍ഗ്രസില്‍ ഇല്ല. അഭിപ്രായങ്ങള്‍ പറയുമ്പോള്‍ ഇന്ന് ആത്മബന്ധങ്ങള്‍ ഇല്ലാതാവുന്നു. സ്ഥാനമാനങ്ങള്‍ മിണ്ടാതിരിക്കാന്‍ പ്രേരിപ്പിക്കുന്നു. പാര്‍ട്ടിയുടെ ഗുണപരമായ വളര്‍ച്ചക്ക് ഗുണപരമായ ആളുകളെ കൊണ്ടുവരുന്നില്ലെങ്കില്‍ കോണ്‍ഗ്രസ് അധപതിക്കും’, എം കെ രാഘവന്‍ പ്രതികരിച്ചു.