നേതാജിയുടെ തിരോധാനം: 100 രഹസ്യരേഖകള്‍ ഫയലുകള്‍ മോഡി പുറത്തുവിട്ടു

ന്യുഡല്‍ഹി: നേതാജി സുഭാഷ് ചന്ദ്രബോസിന്‍െറ തിരോധാനം സംബന്ധിച്ച നൂറ് രഹസ്യ രേഖകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തുവിട്ടു. നേതാജിയുടെ 119ാം ജന്മദിനത്തോടനുബന്ധിച്ച് നാഷണല്‍ ആര്‍ക്കൈവ്സ് ഓഫ് ഇന്ത്യയില്‍ നടന്ന ചടങ്ങിലാണ് രഹസ്യ ഫയലുകള്‍ പുറത്തുവിട്ടത്. സുഭാഷ് ചന്ദ്രബോസിന്‍െറ മരണം ഇന്നും ചുരുളഴിയാതെ കിടക്കുന്ന രഹസ്യമാണ്. 1945 ആഗസ്ത് 18ന് തായ്പേയില്‍ വിമാനപകടത്തില്‍ മരിച്ചു എന്നാണ് നേതാജിയെ കുറിച്ച് പറയുന്നത്. എന്നാല്‍ ഇത് അദ്ദേഹത്തിന്‍െറ ദുരൂഹ തിരോധാനത്തെ കുറിച്ച ഒരു വാദം മാത്രമാണ്.രേഖകള്‍ പൊതുജനങ്ങള്‍ക്ക് പരിശോധിക്കുന്നതിനാണ് പരസ്യപ്പെടുത്തുന്നതെന്ന് സാംസ്‌കാരിക മന്ത്രാലയം വ്യക്തമാക്കി.

 
എന്‍.എ.ഐ ആസ്ഥാനത്ത് നേതാജിയുടെ കുടുംബാംഗങ്ങള്‍ കൂടി പങ്കെടുത്ത ചടങ്ങിലാണ് ഫയലുകള്‍ പുറത്തുവിട്ടത്. കേന്ദ്രമന്ത്രിമാരായ മഹോഷ് ശര്‍മ്മയും ബബുള്‍ സുപ്രിയോയും ചടങ്ങില്‍ പങ്കെടുത്തു. തുടര്‍ന്ന് അരമണിക്കൂറോളം എന്‍.എ.ഐ ആസ്ഥാനത്ത് ചെലവഴിച്ച മോഡിയും മന്ത്രിസഭാംഗങ്ങളും നേതാജിയുടെ കുടുംബാംഗങ്ങളുമായി സംസാരിക്കാനും സമയം കണ്ടെത്തി.
നേതാജിയെ കുറിച്ചുള്ള കൂടുതല്‍ അന്വേഷണത്തിനും ഇത് ഉപകരിക്കുമെന്നും മന്ത്രാലയം അറിയിച്ചു. അദ്ദേഹത്തിന്റെ മരണത്തെ കുറിച്ചുള്ള വിവാദത്തില്‍ വെളിച്ചംവിതറുന്നതാണ് കേന്ദ്രസര്‍ക്കാര്‍ നടപടി. നേതാജിയുടെ തിരോധാനത്തിലെ ദുരൂഹത നീക്കാന്‍ രേഖകള്‍ പുറത്തുവിടണമെന്ന് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ ഒക്‌ടോബര്‍ 14ന് നരേന്ദ്ര മോഡിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടിരുന്നു.
പ്രധാനമന്ത്രിയുടെ ഓഫീസ്, വിദേശകാര്യ, ആഭ്യന്തര മന്ത്രാലയങ്ങള്‍ എന്നിവയുടെ കൈവശമുണ്ടായിരുന്ന രഹസ്യ ഫയലുകളില്‍ ഒരു ഭാഗമാണ് കേന്ദ്രസര്‍ക്കാര്‍ ഇന്ന് പരസ്യപ്പെടുത്തുന്നത്. ഇതിനു പുറമേ ഓരോ മാസവും നേതാജിയുമായി ബന്ധപ്പെട്ട 25 ഡിജിറ്റര്‍ ഫയലുകളുടെ പകര്‍പ്പുകള്‍ വീതം പരസ്യപ്പെടുത്താനും എന്‍.എ.ഐ തീരുമാനിച്ചിട്ടുണ്ട്.Netaji_0
2015 സെപ്തംബര്‍ 18ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി സംസ്ഥാന സര്‍ക്കാരിന്റെ കൈവശമുണ്ടായിരുന്ന 64 ഫയലുകള്‍ പുറത്തുവിട്ടിരുന്നു. 12,800 പേജുകളാണ് ഈ ഫയലുകളില്‍ ഉണ്ടായിരുന്നത്. ഡിജിറ്റല്‍ രൂപത്തിലാക്കിയ ഇവ ഇപ്പോള്‍ നോര്‍ത്ത് കൊല്‍ക്കൊത്തയിലെ പോലീസ് മ്യൂസിയത്തില്‍ പൊതുജനങ്ങള്‍ക്ക് വായിക്കാനായി സ്ഥാപിച്ചിട്ടുണ്ട്. ഡിവിഡി രൂപത്തിലാക്കി ഫയലുകളില്‍ ചിലത് മാധ്യമങ്ങള്‍ക്കും നല്‍കിയിരുന്നു. നേതാവ് 1945 ഓഗസ്റ്റില്‍ വിമാനപകടത്തില്‍ മരിച്ചുവെന്ന റിപ്പോര്‍ട്ട് താന്‍ വിശ്വസിക്കുന്നില്ലെന്നും മമത രേഖ പരസ്യപ്പെടുത്തിയ ചടങ്ങില്‍ പറഞ്ഞിരുന്നു.
കേന്ദ്രസര്‍ക്കാര്‍ തങ്ങളുടെ കൈവശമുള്ള രേഖകള്‍ പുറത്തുവിട്ട് തിരോധാനത്തിലെ ദുരൂഹത നീക്കണമെന്നും മമത ആവശ്യപ്പെട്ടിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top