ശശീന്ദ്രനെ കുടുക്കിയത് മാധ്യമപ്രവർത്തക: മന്ത്രിയുമായി ഫോൺ സെക്‌സിൽ ഏർപ്പെട്ടത് മംഗളത്തിന്റെ വനിതാ റിപ്പോർട്ടർ; പിന്നിൽ വ്യവസായിയായ എംഎൽഎ; മംഗളത്തിന്റെ പട്ടികയിൽ രണ്ട് മന്ത്രിമാരും മൂന്നു എംഎൽഎമാരും

സ്വന്തം ലേഖകൻ
തിരുവനന്തപുരം: മന്ത്രിയുടെ ഓഫിസിൽ പരാതി നൽകാനെന്ന വ്യാജേനെ മുൻമന്ത്രി എ.കെ ശശീന്ദ്രനുമായി ഫോൺ സെക്‌സ് ചാറ്റിൽ ഏർപ്പെട്ടത് വനിതാ മാധ്യമ പ്രവർത്തകയെന്നു സൂചന. മംഗളം ചാനലിന്റെ ലോഞ്ചിങ്ങിനുവേണ്ടി എക്‌സ്‌ക്യൂസീവ് വാർത്ത സൃഷ്ടിക്കുന്നതിന്റെ ഭാഗമായി ഒരു വനിതാ റിപ്പോർട്ടറെ മംഗളം ചാനൽ നിയോഗിക്കുകയായിരുന്നു. സംസ്ഥാനത്തെ നാലു മന്ത്രിമാരെയും പത്ത് എംഎൽഎമാരെയും ഫോൺ ബന്ധപ്പെട്ട് ബന്ധം സ്ഥാപിക്കുകയായിരുന്നു ഈ റിപ്പോർട്ടർക്കു നൽകിയിരുന്ന നിർദേശം. ഇവരിൽ നിന്നു ലൈംഗിക ഓഡിയോയും, ചാറ്റുകളും നേടണമെന്നും നിർദേശം നൽകിയിരുന്നു. ഇതിന്റെ ഭാഗമായി കഴിഞ്ഞ ഒരു മാസത്തിലധികമായി ഈ വനിതാ റിപ്പോർട്ടർ മന്ത്രിമാരെയും എംഎൽഎമാരുമായും അടുപ്പം സ്ഥാപിക്കുകയും ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇന്നലെ മന്ത്രി എ.കെ ശശീന്ദ്രന്റെ ഫോൺ സംഭാഷണം മംഗളം പുറത്തു വിട്ടിരിക്കുന്നത്.
എന്നാൽ, യാതൊരു വിധ പരാതിയുമില്ലാതെ സംസ്ഥാനത്തെ മന്ത്രിമാരെ ലൈംഗികതയ്ക്കു വേണ്ടി ഉപയോഗിച്ച് എക്‌സ്‌ക്യൂസീവ് വാർത്ത സൃഷ്ടിച്ച മംഗളത്തിനെതിരെ കടുത്ത പ്രതിഷേധം വിവിധ മേഖലകളിൽ നിന്നും ഇതിനോടകം തന്നെ ഉയർന്നിട്ടുണ്ട്. പരാതിക്കാരിയില്ലാതെ മന്ത്രിയെയും എംഎൽഎമാരെയും ട്രാപ്പിൽ പെടുത്താൻ ലൈംഗികത ഉപയോഗിച്ചതിനെതിരെയാണ് പരാതിയുമായി ഒരു വിഭാഗം രംഗത്ത് എത്തിയിരിക്കുന്നത്. ഇതിനിടെ എ.കെ ശശീന്ദ്രന്റെ രാജിയ്ക്കു പിന്നിൽ എംഎൽഎയമായ വ്യവസായിയുമുണ്ടെന്ന സൂചനയും ലഭിച്ചിട്ടുണ്ട്. മംഗളത്തിന്റെ മാനേജിങ് ഡയറക്ടർ അടക്കമുള്ളവരുമായി അടുത്ത ബന്ധമുള്ള ഈ എംഎൽഎയാണ് ഇത്തരത്തിൽ വാർത്ത പുറത്തു വരുന്നതിനു പിന്നിൽ പ്രവർത്തിച്ചതെന്നാണ് പ്രാഥമിക സൂചന ലഭിക്കുന്നത്.
എന്നാൽ, മന്ത്രിയുമായി ഫോണിൽ അടുപ്പം സ്ഥാപിച്ച മാധ്യമപ്രവർത്തകയുടെ രീതി അടക്കമുള്ള കാര്യങ്ങളിൽ വിശദമായ അന്വേഷണമുണ്ടാകുമെന്ന രീതിയിലാണ് മുഖ്യമന്ത്രിയുടെ ഓഫിസ് വൃത്തങ്ങൾ നൽകുന്ന സൂചന. ഇതിനിടെ കൂടുതൽ മന്ത്രിമാരുടെ ഓഡിയോ സംഭാഷണ ശകലങ്ങൾ തങ്ങളുടെ പക്കലുണ്ടെന്ന സൂചനയാണ് മംഗലം പുറത്തുവിടുന്നത്. എംഎൽഎമാരും മന്ത്രിമാരും ഇത്തരത്തിൽ കുടുങ്ങിയിട്ടുണ്ടെന്നും സൂചന ലഭിച്ചിട്ടുണ്ട്. ചില രാഷ്ട്രീയ സിനിമാ മേഖലയിലെ പ്രമുഖരുടെ അശ്ലീല ദൃശ്യങ്ങളും കൈവശമുണ്ടെന്നും ഉടൻ പുറത്തു വിടുമെന്നും മംഗളം ചാനലുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
Top