ന്യുഡൽഹി :കോൺഗ്രസ് മുക്ത ഭാരതമെന്നത് സ്വപനം മാത്രമായി ബിജെപിക്ക് മുന്നിലേക്ക് എത്തുന്നു .അഴിമതിയും വിലക്കയറ്റവും ബിജെപിയെ ഇന്ത്യൻ ജനതതിയുടെ മനസ്സിൽ നിന്നും അകറ്റിത്തുടങ്ങി എന്ന് കോൺഗ്രസ് .ബിജെപിയുടെ ഉരുക്കുകോട്ട ഗോരഖ്‌പൂരിൽ തുടക്കം കുറിച്ച രാഹുൽ ഗാന്ധി ഇന്ത്യ പിടിച്ചെടുക്കും എന്ന് പ്രതീക്ഷകൾ ഉയരുന്നു .ബിജെപി ദേശീയതലത്തിൽ ഇടറുമ്പോൾ അത് പ്രതീക്ഷ നൽകുക മറ്റൊരു കക്ഷിക്കുമല്ല കോൺഗ്രസിനാണ്. മോഡിയെ പുറത്താക്കി അധികാരം പിടിക്കാമെന്നു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് ഉറപ്പു നൽകുന്നതാണ് കർണാടക ഉപതെരഞ്ഞെടുപ്പിലെ, പ്രത്യേകിച്ച് ബെല്ലാരിയിലെ തെരഞ്ഞെടുപ്പ് ഫലം. കർണാടകയിൽ രാഹുൽ നടത്തിയ ഇടപെടലും വിട്ടുവീഴ്ചയുമാണ് അജയ്യമെന്നു കരുതിയ ബിജെപി കുതിപ്പിന് തടയിട്ടത്. കർണാടക ഉപതെരഞ്ഞെടുപ്പ് ഫലം രാജ്യത്താകെ കോൺഗ്രസിന് പ്രതീക്ഷയും ബിജെപിക്ക് നിരാശയും നൽകുന്നതാണ്.
കർണാടകയിലെ ജനവിധി വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകളിലും കോൺഗ്രസിന് ഗുണം ചെയ്യും. സർവേകൾ ചൂണ്ടിക്കാട്ടുന്നത് ബിജെപിയുടെ കൈവശം ഉള്ള രാജസ്ഥാനും മധ്യപ്രദേശും കോൺഗ്രസ് പിടിച്ചെടുക്കുമെന്നാണ്. ആഞ്ഞു പിടിച്ചാൽ ഛത്തിസ്ഗഡും കൂടെ പോരും. ഈ മൂന്ന് സംസ്ഥാനങ്ങളിലും ദേശീയ കക്ഷികളായ കോൺഗ്രസും ബിജെപിയും നേരിട്ട് ഏറ്റുമുട്ടുന്നു എന്നതാണ് പ്രത്യേകത. ഈ മത്സരത്തിൽ വിജയിച്ചാൽ കോൺഗ്രസിന്റെ പോരാട്ട വീര്യം പതിന്മടങ്ങാവും. രാഹുൽ ഗാന്ധി പ്രതിപക്ഷ സഖ്യത്തിന്റെ അനിഷേധ്യ നേതാവാകും. കാവിക്കോട്ടകളിൽ ആണ് കോൺഗ്രസ് മുന്നേറുന്നത് എന്ന് വന്നാൽ ബിജെപിയെ നേരിട്ട് എതിർത്ത് തോൽപ്പിക്കാൻ കോൺഗ്രസിന് മാത്രമേ കഴിയൂ എന്ന അവസ്ഥ വരും. ഇതും രാഹുൽ ഗാന്ധി എന്ന നേതാവിന് പ്രധാനമന്ത്രി പദത്തിലേക്കുള്ള സുഖമമായ പാതയൊരുക്കും.
ഉത്തർപ്രദേശിന് പിന്നാലെ കർണാടകയിലും പ്രതിപക്ഷ സഖ്യ മാജിക്ക് 2019 ലോക്സഭയിൽ വിജയം വരിക്കാൻ കോൺഗ്രസ്.
ലോകസഭ തെരഞ്ഞെടുപ്പിൽ ദക്ഷിണേന്ത്യയിൽ പച്ച തൊടില്ലെന്ന തിരിച്ചറിവിലാണ് ബിജെപി. കർണാടകയാണ് ബിജെപിയുടെ ദക്ഷിണേന്ത്യയിലെ ശക്തികേന്ദ്രം. ഇവിടെ എല്ലാ സീറ്റിലും വിജയമാണ് ബി എസ് യെദ്യൂരപ്പ കേന്ദ്ര നേതൃത്വത്തിന് ഉറപ്പു നൽകിയത്. എന്നാൽ ആ ചിന്തകൾ ഫലം വന്നപ്പോൾ തകർന്നടിഞ്ഞു. ദക്ഷിണേന്ത്യയിൽ വിരലിൽ എണ്ണാവുന്ന സീറ്റുകളെ ബിജെപിക്ക് കിട്ടൂ എന്നുറപ്പായി. ഇതോടെ വീണ്ടും അധികാരത്തിൽ എത്താമെന്ന ബിജെപിയുടെ ആഗ്രഹങ്ങൾക്ക് മേൽ കരിനിഴൽ വീണിരിക്കുകയാണ്.
കർണാടകയിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 28ൽ 17ഉം ബിജെപിക്കായിരുന്നു. കോൺഗ്രസ് 9സീറ്റും ജനതാദൾ 2സീറ്റും നേടി. കോൺഗ്രസ് -ജെഡിഎസ് സഖ്യം നിലനിന്നാൽ ബിജെപിക്ക് പരമാവധി കിട്ടുക 7 സീറ്റ് ആകും. തമിഴ്‌നാട്ടിൽ കന്യാകുമാരി മണ്ഡലത്തിൽ മാത്രമാണ് ബിജെപിക്ക് പ്രതീക്ഷയുള്ളത്. കേരളത്തിൽ അക്കൌണ്ട് തുറക്കുക എളുപ്പമല്ല. ഗോവയിൽ രണ്ട് സീറ്റിൽ ഒന്ന് കിട്ടിയേക്കാം. ആന്ധ്രയിലും തെലങ്കാനയിലും സാധ്യതയില്ല. അങ്ങിനെയെങ്കിൽ ദക്ഷിണേന്ത്യയിൽ ബിജെപിയുടെ പക്കൽ ഉണ്ടാകുക വെറും 9 സീറ്റ് മാത്രം. അതായത് ഇന്ത്യയിൽ മഹാരാഷ്ട്ര വരെയുള്ള പാർട്ടിയായി ബിജെപി ചുരുങ്ങും.
അധികാരം നിലനിർത്താൻ അപ്പോൾ ബിജെപിക്ക് ഉത്തരേന്ത്യയെ വല്ലാതെ ആശ്രയിക്കേണ്ടി വരും. രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, തെലങ്കാന, മിസോറാം എന്നിവിടങ്ങളിൽ ആണ് അടുത്ത തെരഞ്ഞെടുപ്പ്. ഇതിൽ രാജസ്ഥാനിലും മധ്യപ്രദേശിലും ചത്തിസ്‌ഗഡിലും ബിജെപി ആണ് ഭരിക്കുന്നത്. മൂന്നിടങ്ങളിലും ശക്തമായ ഭരണ വിരുദ്ധ വികാരമാണ് നിലനിൽക്കുന്നത്. ഈ തെരഞ്ഞെടുപ്പിലും തിരിച്ചടി നേരിട്ടാൽ ലോകസഭ തെരഞ്ഞെടുപ്പിൽ ജയം ബിജെപിക്ക് ബാലികേറാമല ആകും. എൻ ഡി എ ഘടകകക്ഷികൾ വരെ ബിജെപിയെ തള്ളിപ്പറഞ്ഞേക്കാം. ചുരുക്കത്തിൽ കോൺഗ്രസ് മുക്ത ഭാരതത്തിനിറങ്ങിയ ബിജെപി സ്വന്തം നിലനില്പിനായി പെടാപ്പാടു പെടുന്ന ദിനങ്ങൾ ആണ് വരാൻ പോകുന്നത്.