കൊച്ചി :മുന്‍ മിസ് കേരളയടക്കം മൂന്നു പേര്‍ വാഹനാപകടത്തില്‍ മരിച്ച കേസില്‍ അറസ്ററിലായ സൈജു എം. തങ്കച്ചണ് രാസ ലഹരി കടത്തിലെ മുഖ്യകണ്ണി.സൈജുവിൻെറ മൊബൈല്‍ ഫോണില്‍നിന്നു മയക്കുമരുന്ന് ഇടപാടുകള്‍ സംബന്ധിച്ചു നിര്‍ണായക വിവരങ്ങള്‍ ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിനു ലഭിച്ചു. സംഭവ ദിവസം ഇവരെ പിന്തുടര്‍ന്ന ആഡംബരക്കാറിന്റെ ഡ്രൈവറാണ് സൈജു . കേസിൽ അറസ്റ്റിലായ സൈജു എം. തങ്കച്ചനെ സംഭവസ്ഥലത്ത് എത്തിച്ചു തെളിവെടുത്തു. മോഡലുകളും സൈജുവും നിശാപാർട്ടിയിൽ പങ്കെടുത്ത ഫോർട്ട്കൊച്ചി നമ്പർ 18 ഹോട്ടൽ, അവിടെ നിന്നു മടങ്ങിയ മോഡലുകളും 2 സുഹൃത്തുക്കളും സഞ്ചരിച്ച കാറിനെ സൈജു പിന്തുടർന്നു തടഞ്ഞു നിർത്തിയ കുണ്ടന്നൂർ ജംക്‌ഷൻ, അപകടം സംഭവിച്ച പാലാരിവട്ടം ചക്കരപറമ്പ് ദേശീയപാത ബൈപാസ് എന്നിവിടങ്ങളിലാണു തെളിവെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്ത ശേഷം കൂടുതൽ ചോദ്യം ചെയ്യാനായി 3 ദിവസത്തേക്ക് അന്വേഷണ സംഘത്തിനു കസ്റ്റഡിയിൽ നൽകി.
കേസിൽ സൈജു ഒളിവിൽപോയതോടെ കൂടുതൽ വിവരങ്ങൾ പൊലീസ് ശേഖരിച്ചിരുന്നു. ബെംഗളൂരു കേന്ദ്രീകരിച്ചു കേരളത്തിലേക്കു രാസലഹരി മരുന്നു കടത്തുന്ന കോഴിക്കോട് റാക്കറ്റിന്റെ കണ്ണിയാണെന്ന സൂചനയും ലഭിച്ചു. നമ്പർ 18 ഹോട്ടലായിരുന്നു സൈജുവിന്റെ സ്ഥിരം താവളം. നിശാപാർട്ടികളുടെ തുടർച്ചയായി ഇവിടെ നേരം പുലരുംവരെ നടന്ന ‘ആഫ്റ്റർ പാർട്ടി’കൾക്കു വേണ്ടി ലഹരി എത്തിച്ചിരുന്നത് സൈജുവും കൂട്ടാളികളുമാണെന്ന് എക്സൈസ് എൻഫോഴ്സ്മെന്റിനു രഹസ്യവിവരം ലഭിച്ചിരുന്നു.
ഹോട്ടലിൽ നിന്ന് അമിത ലഹരിയിൽ പുറത്തുവന്ന യുവാക്കളെ രാത്രി വൈകി വാഹനം ഓടിക്കുന്നതിൽ നിന്നു പിന്തിരിപ്പിക്കാനാണു താൻ ശ്രമിച്ചതെന്നും ഈ ഉദ്ദേശ്യത്തോടെയാണു പിന്തുടർന്നതെന്നുമായിരുന്നു സൈജുവിന്റെ ആദ്യമൊഴി.എന്നാൽ, ഇവരുടെ വാഹനം സഞ്ചരിച്ച റോഡരികിൽ സ്ഥാപിച്ചിട്ടുള്ള സ്വകാര്യ നിരീക്ഷണ ക്യാമറകളിൽ നിന്ന് അന്വേഷണ സംഘം ശേഖരിച്ച ദൃശ്യങ്ങളാണു സൈജുവിന്റെ വാദത്തെ പൊളിച്ചത്. സൈജുവിനെതിരെ സാമ്പത്തിക വഞ്ചനാക്കുറ്റത്തിനു കാക്കനാട് സ്വദേശി നൽകിയ പരാതിയിൽ പാലാരിവട്ടം പൊലീസും കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്.
അറസ്റ്റിലായ സൈജു ഡിജെ പാര്‍ട്ടി നടന്ന നമ്പര്‍ 18 ഹോട്ടലില്‍ മാസത്തില്‍ രണ്ടു പ്രാവശ്യമെങ്കിലും എത്താറുണ്ടായിരുന്നുവെന്ന് അന്വേഷണ സംഘം പറയുന്നു. ഇന്റീരിയര്‍ ഡിസൈനറായി പ്രവര്‍ത്തിക്കുന്ന സൈജു ഹോട്ടലുടമ റോയി ജോസഫ് വയലാട്ടിന്റെ വിശ്വസ്തനായിരുന്നു. ഇയാള്‍ ഡിജെ പാര്‍ട്ടി നടക്കുന്ന ദിവസങ്ങളില്‍ ഹോട്ടലില്‍ എത്തിയിരുന്നതു ലഹരി വസ്തുക്കള്‍ കൈമാറാനായിരുന്നോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. മുന്‍ മിസ് കേരള അന്‍സി ഉള്‍പ്പെടെയുള്ളവരെ ആഫ്റ്റര്‍ പാര്‍ട്ടിക്കു സൈജു നിര്‍ബന്ധിച്ചതായും കണ്ടെത്തിയിരുന്നു.
ഇതിനു താല്‍പര്യമില്ലെന്ന് അവര്‍ വ്യക്തമാക്കിയെങ്കിലും വീണ്ടും നിര്‍ബന്ധിച്ചു കാറില്‍ പിന്തുടര്‍ന്നു. ഇതിനിടെയാണ് അപകടം നടന്നത്. ഹോട്ടലുടമ റോയിയുടെ നിര്‍ദേശപ്രകാരമാണ് ഇവരെ പിന്തുടര്‍ന്നതെന്നു സൈജു ആദ്യഘട്ട ചോദ്യം ചെയ്യലില്‍ സമ്മതിച്ചിരുന്നു.സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട മറ്റൊരു കേസിലും പാലാരിവട്ടം സ്റ്റേഷനില്‍ സൈജുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.