പശുസംരക്ഷണ വിഷയത്തില്‍ കോണ്‍ഗ്രസിന് ഇരട്ടത്താപ്പെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസ് മധ്യപ്രദേശില്‍ പശുക്കളെ ആരാധിക്കാന്‍ പറയുകയും അതേസമയം, കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ബീഫ് കഴിക്കുകയാണെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.
”മധ്യപ്രദേശില്‍ വോട്ടര്‍മാരെ ചിന്താക്കുഴപ്പത്തിലാക്കാന്‍ ഗോക്കളെ കുറിച്ച് സംസാരിക്കുകയാണ് കോണ്‍ഗ്രസ്. അവര്‍ക്ക് പശുക്കളെ കുറിച്ച് സംസാരിക്കാം, അതവരുടെ അവകാശമാണ്. പക്ഷേ, കേരളത്തിലെ കോണ്‍ഗ്രസ് വ്യത്യസ്തമാണല്ലേ..?” മോദി ചോദിച്ചു.
മധ്യപ്രദേശില്‍ കോണ്‍ഗ്രസ് പശുക്കളെ സംരക്ഷിക്കുന്നതിനെ കുറിച്ച് സംസാരിക്കുന്നു. അതേസമയം, കേരളത്തിലെ കോണ്‍ഗ്രസ് അനുയായികള്‍ പരസ്യമായി പശുക്കളെ കൊന്ന് ചിത്രങ്ങള്‍ പ്രചരിപ്പിക്കുകയാണ്. ബീഫ് കഴിക്കുന്നത് അവരുടെ അവകാശമാണെന്നാണ് പറയുന്നത്.” പ്രധാനമന്ത്രി കുറ്റപ്പെടുത്തി.
തെരഞ്ഞെടുപ്പ് അടുത്തുനില്‍ക്കുന്ന മധ്യപ്രദേശിലെ ചിന്ദ്‍വാരയില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. കോണ്‍ഗ്രസ് നേതാക്കള്‍ നുണ പറയുന്ന കലയില്‍ വൈദഗ്ധ്യം നേടിയിരിക്കുകയാണെന്നും മോദി ആരോപിച്ചു. രാഹുല്‍ ഗാന്ധിയെ നാടുവാഴിയെന്ന് വിശേഷിപ്പിച്ച മോദി, ഗോസംരക്ഷണ വിഷയത്തില്‍ കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു.
നേരത്തെ മധ്യപ്രദേശ് തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ പശുവിനെ അറുത്തത് പ്രചരണ വിഷയമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ രംഗത്ത് വന്നിരുന്നു പ്രതിരോധത്തിലാകുന്നത് രാഹുൽ ഗാന്ധിയും കോൺഗ്രസും. കണ്ണൂരിലെ തായത്തെരുവില്‍ കെ സുധാകരന്റെ ഏറ്റവും അടുത്ത അനുയായിയും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ റിജിൽ മാക്കുറ്റിയും ടീമും യൂത്ത് പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് പരസ്യമായി പശുവിനെ കശാപ്പ് ചെയ്തത്. കേന്ദ്രസര്‍ക്കാരിന്റെ കശാപ്പ് നിരോധന ഉയത്തരവിനെതിരെയായിരുന്നു യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം. ഈ സംഭവമാണ് പ്രധാനമന്ത്രി തിരഞ്ഞെടുപ്പ് പ്രചരണായുധമാക്കിയത്.
മധ്യപ്രദേശ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ പശു സംരക്ഷണത്തിനായി നടപടികള്‍ സ്വീകരിക്കുമെന്ന് വാഗ്ദാനമുണ്ടായിരുന്നു. എന്നാല്‍ മധ്യപ്രദേശില്‍ പശു സംരക്ഷണം പറയുന്ന കോണ്‍ഗ്രസ് കേരളത്തില്‍ പശുവിനെ പരസ്യമായി കശാപ്പ് ചെയ്തുവെന്നാണ് പ്രധാനമന്ത്രിയുടെ വിമര്‍ശനം. കോണ്‍ഗ്രസിന്റെ രക്തത്തില്‍ തന്നെ ജനങ്ങളെ പറ്റിക്കുന്ന സ്വഭാവം അലിഞ്ഞു ചേര്‍ന്നതാണെന്നും മോഡി ആരോപിച്ചു. ഗോമൂത്രവും ചാണകവും വാണിജ്യാടിസ്ഥാനത്തില്‍ പുറത്തിറക്കുമെന്നാണ് മധ്യപ്രദേശില്‍ കോണ്‍ഗ്രസ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്ന്. മധ്യപ്രദേശില്‍ കോണ്‍ഗ്രസ് പശുവിനെ പ്രകീര്‍ത്തിക്കുകയാണ്. അവരുടെ പ്രകടന പത്രികയില്‍ പശുക്കള്‍ക്കായി പല പദ്ധതികളും പ്രഖ്യാപിച്ചു. പക്ഷേ ഇതേ കോണ്‍ഗ്രസ് തന്നെയല്ലേ കേരളത്തിലെ തെരുവില്‍ മാടുകളെ കഴുത്തറുത്ത് കൊന്നതും ബീഫ് തിന്നതും-പ്രധാനമന്ത്രി ചോദിച്ചു.