ഡല്‍ഹി: സാധാരണക്കാരായ ജനങ്ങള്‍ക്ക് ആശ്വാസവുമായി പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. രാജ്യത്തെ 99 ശതമാനം സാധങ്ങളുടെയും നികുതി നിരക്ക് 18 ശതമാനത്തിന് താഴെയാക്കുമെന്നാണ് നരേന്ദ്ര മോദിയുടെ പ്രഖ്യാപനം. മുംബൈയില്‍ ഒരു ടെലിവിഷന്‍ ചാനല്‍ സംഘടിപ്പിച്ച പരിപാടിയില്‍ ആണ് ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. ജി.എസ്.ടിയില്‍ ഇളവു വരുത്തിയാണ് ഇത് സാധ്യമാക്കുകയെന്നും മോദി പറഞ്ഞു.
‘ജി.എസ്.ടി. പ്രാബല്യത്തില്‍ വരുന്നതിന് മുമ്പ് രാജ്യത്ത് രജിസ്റ്റര്‍ ചെയ്ത സംരംഭങ്ങളുടെ എണ്ണം 65 ലക്ഷമായിരുന്നു. എന്നാല്‍ ഇന്നതില്‍ 55 ലക്ഷത്തിന്റെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഏറ്റവും ഉയര്‍ന്ന ജി.എസ്.ടി. നിരക്കായ 28 ശതമാനം നികുതി ഏതാനും ആഡംബര വസ്തുക്കള്‍ക്കു മാത്രമായി ചുരുക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്’- മോദി പറഞ്ഞു.
വികസിതരാജ്യങ്ങളില്‍ ചെറിയ നികുതി പരിഷ്‌കാരംപോലും നടപ്പാക്കാന്‍ എളുപ്പമല്ല. ജി.എസ്.ടി. വന്നതോടെ വിപണിയില്‍ നിലവിലുണ്ടായിരുന്ന പല തടസങ്ങളും നീങ്ങിയെന്നും സമ്പദ് വ്യവസ്ഥ സുതാര്യമായി തീര്‍ന്നെന്നും മോദി പറഞ്ഞു. അഴിമതി സര്‍വവ്യാപിയായിരുന്ന ഇന്ത്യയില്‍ അതു തുടച്ചുനീക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.