ന്യൂഡല്‍ഹി: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയും പ്രഹസനമായ സി.ബി.എസ്.ഇ പുനര്‍മൂല്യ നിര്‍ണയവും സര്‍ക്കാരിന്റെ പ്രതിഛായ മോശമാക്കിയ പശ്ചാത്തലത്തില്‍ മൂന്നാം മോദി മന്ത്രിസഭ ഉടന്‍ പുനഃസംഘടിപ്പിച്ചേക്കും. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ന് സീഷെല്‍സിലേക്ക് പോകുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ജൂണ്‍ 29ന് തിരിച്ചെത്തിയാലുടന്‍ പുനഃസംഘടന പ്രതീക്ഷിക്കാം.
നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് പതിനാറ് വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തതതും സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാനെ ഒഴിവാക്കി പൊതു സ്വീകാര്യതയുള്ള ധനമന്ത്രി നിര്‍മ്മല സീതാരാമനെ ആ സ്ഥാനത്തേക്ക് കൊണ്ടുവരാനാണ് സാദ്ധ്യത.എന്നാല്‍, ആരോഗ്യപരമായ കാരണങ്ങളാല്‍ വിശ്രമം അനുവദിക്കണമെന്ന നിര്‍മ്മല സീതാരാമന്റെ അഭ്യര്‍ത്ഥനയും ബി.ജെ.പി നേതൃത്വത്തിന് മുന്നിലുണ്ട്. ധനമന്ത്രിയായി മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് വന്നേക്കും. 2025 ഒക്ടോബര്‍ മുതല്‍ പ്രധാനമന്ത്രിയുടെ ഓഫീസിലെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ്.
എപ്സ്റ്റീന്‍ ഫയല്‍ വിവാദങ്ങളില്‍ കുടുങ്ങിയ പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരിയെയും ഒഴിവാക്കിയേക്കും. സിഖ് സമുദായത്തില്‍പ്പെട്ട ഹര്‍ദീപ് സിംഗ് പുരിയെ മാറ്റിയാല്‍ അടുത്ത വര്‍ഷം തിരഞ്ഞെടുപ്പ് നടക്കുന്ന പഞ്ചാബില്‍ നിന്നുള്ള ഒരാള്‍ക്ക് അവസരം ലഭിച്ചേക്കാം. റെയില്‍വേ സഹമന്ത്രിയായ രവ്നീത് സിംഗ് ബിട്ടുവിന്റെ രാജ്യസഭാംഗത്വം പുതുക്കാത്തതിനാല്‍ അദ്ദേഹത്തിന് പഞ്ചാബിലേക്ക് മടങ്ങേണ്ടിവരും. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കാര്യമായ റോള്‍ ലഭിച്ചേക്കും.കേന്ദ്ര റോഡ് ഗതാഗത, ഹൈവേ, കോര്‍പറേറ്റ് കാര്യ സഹമന്ത്രി ഹര്‍ഷ് മല്‍ഹോത്രയെ ഡല്‍ഹി ബി.ജെ.പി അദ്ധ്യക്ഷനായും കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരിയെ ഉത്തര്‍പ്രദേശ് അദ്ധ്യക്ഷനുമാക്കിയിരുന്നു. ഈ വകുപ്പുകളില്‍ പുതിയവര്‍ വരും. നിയമസഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് ഉത്തര്‍പ്രദേശിന് മികച്ച പ്രാതിനിധ്യം ലഭിച്ചേക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യാഴാഴ്ച രാഷ്ട്രപതി ഭവനില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ കേന്ദ്ര മന്ത്രിസഭ പുനഃസംഘടന ഉടന്‍ നടക്കുമെന്ന അഭ്യൂഹം ശക്തമായിട്ടുണ്ട്.
എം.പിമാരെ കൂടോടെ മാറ്റിയഛദ്ദ മുതല്‍ സുഖേന്ദു വരെആംആദ്മിയില്‍ നിന്ന് ഏഴ് എം.പിമാരുടെ കൂറുമാറ്റത്തിന് ചുക്കാന്‍ പിടിച്ച രാഘവ് ഛദ്ദ, നിലവില്‍ രാജ്യസഭാംഗമായ ജെ.ഡി.യു നേതാവും മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍, മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെയുടെ ശിവസേനയില്‍ നിന്ന് ആറ് എംപിമാരെ ചാടിക്കാന്‍ നേതൃത്വം നല്‍കിയതിനുള്ള ഉപഹാരമായി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയുടെ മകന്‍ ലോക്സഭാ എം.പി ശ്രീകാന്ത് ഷിന്‍ഡെ, തൃണമൂല്‍ വിട്ട സുഖേന്ദു ശേഖര്‍ റായി തുടങ്ങിയവര്‍ക്കും അവസരം ലഭിക്കുമെന്നാണ് സൂചന.
തൃണമൂല്‍ വിട്ട് എന്‍.സി.പി.ഐയില്‍ ലയിച്ച തൃണമൂല്‍ എംപിമാരും മന്ത്രിസ്ഥാനം ചോദിച്ചിട്ടുണ്ടെങ്കിലും പരിഗണിക്കുമോയെന്ന് വ്യക്തമല്ല
modi-govt-likely-to–on-monday


