മോദിയുടെ ഒത്താശയില്‍ കടല്‍ കടന്ന തട്ടിപ്പ് വീരന്മാര്‍ ഇവരാണ്…

ഡല്‍ഹി: നരേന്ദ്ര മോദി ഇന്ത്യന്‍ പ്രദാനമന്ത്രിയായി അധികാരത്തിലേറിയ ശേഷം കോടികളുടെ തട്ടിപ്പ് നടത്തി ബാങ്കുകളെയും സര്‍ക്കാരിനെയും കബളിപ്പിച്ച് കടന്നുകളഞ്ഞ വ്യവസായ കള്ളന്മാര്‍ ധാരാളമുണ്ട്. ഇഷ്ടക്കാര്‍ക്കും സ്വന്തക്കാര്‍ക്കും ബാങ്കുകള്‍ കൊള്ളയടിക്കാന്‍ അവസരം നല്‍കിയ മോദിക്ക് തെരഞ്ഞെടുപ്പില്‍ കര്‍ഷകരും സാധാരണക്കാരായ ജനങ്ങളും തന്നെ മറുപടി നല്‍കി.

ഇന്ത്യയിലെ ബാങ്കുകളില്‍ നിന്ന് കോടികളുടെ ലോണ്‍ എടുത്ത് മുങ്ങിയവരെ സഹായിക്കുന്ന സമീപനവും. മോദി ഒത്താശ ചെയ്തത് മുങ്ങിയവരുടെ ചരിത്രവും അവര്‍ ബാങ്കുകളെ കബളിപ്പിച്ചതും ഇങ്ങനെയായിരുന്നു.
നിതിന്‍ സന്ദേസര

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മോദിയുടെ സ്വന്തം സംസ്ഥാനത്താണ് നിതിന്‍ സന്ദേസര വെട്ടിപ്പ് നടത്തിയത്. ഗുജറാത്ത് വഡോദരയിലെ സ്റ്റെര്‍ലിങ് ബയോടെക് എന്ന ഔഷധനിര്‍മാണ കമ്പനിയുടമ നിതിന്‍ സന്ദേസര അഞ്ച് ബാങ്കുകളിലായി 5000 കോടി വായ്പയെടുത്ത് 2018 സെപ്റ്റംബറില്‍ നൈജീരിയയിലേക്ക് മുങ്ങി. വിജയ് മല്ല്യയ്ക്ക് സഹായം ചെയ്തതുപോലെ സി.ബി.ഐ സന്ദേസരയ്ക്കും രാജ്യം വിടാന്‍ സൗകര്യം ചെയ്തുവെന്ന ആരോപണം ശക്തമാണ്.

നീരവ് മോദി

പഞ്ചാബ് നാഷനല്‍ ബാങ്കില്‍ (പിഎന്‍ബി) 13,000 കോടിയിലേറെ രൂപയുടെ തിരിമറി നടത്തിയ വജ്രവ്യവസായി നീരവ് മോദിയും അമ്മാവന്‍ മെഹുള്‍ ചോക്സിയും 2018 ജനുവരി ആദ്യവാരം ഇന്ത്യ വിട്ടു. മോദി ഇപ്പോള്‍ ബ്രിട്ടനിലാണെന്നു കരുതപ്പെടുന്നു. ചോക്സി ആന്റിഗ്വയില്‍ പൗരത്വം നേടി. ദാവോസില്‍ നടന്ന ലോക സാമ്പത്തിക ഫോറം ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം 13,000 കോടിയുമായി മുങ്ങിയ നിരവ് മോദിയും ഉണ്ടായിരുന്നു.
വിജയ് മല്യ

വിവിധ ബാങ്കുകള്‍ക്ക് 9000 കോടിയിലേറെ രൂപയുടെ കടബാധ്യതയുമായി മദ്യവ്യവസായിയും രാജ്യസഭാംഗവുമായ വിജയ് മല്യ 2016 മാര്‍ച്ചില്‍ രാജ്യംവിട്ടു. ഇപ്പോള്‍ ലണ്ടനില്‍. താമസിയാതെ ഇന്ത്യയില്‍ തിരിച്ചെത്തുമെന്ന് പറയപ്പെടുന്നു. ബാങ്കുകള്‍ക്ക് പണം തിരികെ നല്‍കാമെന്നും അത് സ്വീകരിക്കണമെന്നും കുറച്ച് ആഴ്ചകള്‍ക്ക് മുമ്പാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ലണ്ടനിലേയ്ക്ക് പോകും മുമ്പ് കേന്ദ്ര ധന മന്ത്രി അരുണ്‍ ജയ്റ്റ്‌ലിയെ കണ്ട് പോകുന്ന കാര്യം അറിയിച്ചിരുന്നതായി മല്യ വെളിപ്പെടുത്തിയിരുന്നു.

ജതിന്‍ മേത്ത

മുംബൈയിലെ വിന്‍സം ഡയമണ്ട് ആന്‍ഡ് ജ്വല്ലറി ഉടമ ജതിന്‍ മേത്ത 14 ബാങ്കുകളില്‍നിന്നു നേടിയ 6800 കോടി രൂപയുടെ വായ്പ തിരിച്ചടയ്ക്കാതെ 2013ല്‍ ഭാര്യയ്ക്കൊപ്പം രാജ്യംവിട്ടു. സിംഗപ്പൂരിലേക്കും അവിടെനിന്നു ദുബായിലേക്കും താമസം മാറ്റി. പിന്നീടു കരീബിയന്‍ ദ്വീപു സമൂഹമായ സെന്റ് കിറ്റ്സ് ആന്‍ഡ് നെവിസിലെ പൗരത്വം സ്വീകരിച്ചുവെന്നും റിപ്പോര്‍ട്ട്.

ലളിത് മോദി

ധനവിനിമയത്തിലെ തിരിമറികളുടെ പേരില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രാജ്യാന്തരതലത്തില്‍ നോട്ടിസ് പുറപ്പെടുവിച്ചിട്ടുളള ഐപിഎല്‍ മുന്‍ മേധാവി ലളിത് മോദി 2010 മുതല്‍ ലണ്ടനിലാണ്.

ആശിശ് ജോബന്‍പുത്ര

മുംബൈയില്‍ വസ്ത്രകയറ്റുമതി രംഗത്തു പ്രവര്‍ത്തിക്കുന്ന എബിസി കോട്സ്പിന്‍ ഉടമ ആശിശ് ജോബന്‍പുത്രയും ഭാര്യയും 2014-15 കാലയളവില്‍ നടത്തിയ സാമ്പത്തിക തിരിമറിയില്‍ 800 കോടിയാണ് എസ്ബിഎയ്ക്കും ബാങ്ക് ഓഫ് ബറോഡയ്ക്കും നഷ്ടമായത്.

റിതേഷ് ജയ്ന്‍

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍പ്പെട്ട റിതേഷ് ജയ്ന്‍ 1500 കോടിയോളം രൂപയാണു വ്യാജകമ്പനിയുടെ പേരില്‍ കടത്തിയത്. ഇയാള്‍ ഗള്‍ഫ് മേഖലയിലേക്കു കടന്നെന്നു കരുതുന്നു.

സാധാരണക്കാരും കര്‍ഷകരും ചെറിയൊരു ബാങ്ക് വായ്പ കിട്ടാന്‍ പോലും വളരെ വലിയ ബുദ്ധിമുട്ട് അനുഭവിക്കുകയും തിരിച്ചടവ് ഒരിക്കലെങ്കിലും മുടങ്ങിയാല്‍ ബുദ്ധിമുട്ടിലാകുകയും ചെയ്യുന്ന രാജ്യത്താണ് സഹസ്രകോടികളുമായി കോര്‍പ്പറേറ്റുകള്‍ മുങ്ങുന്നത്. ഭരണകൂടവും കോര്‍പ്പറേറ്റുകളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടുകളാണ് ഇത്തരം വമ്പന്‍ കുത്തകകള്‍ക്ക് പൊതുജനങ്ങളുടെ പണവും അടിച്ചുമാറ്റി മുങ്ങാനുള്ള സാഹചര്യം ഒരുക്കി നല്‍കുന്നത്.

Top