ഡല്‍ഹി: വൃത്തിയുള്ള ഇന്ത്യ എന്ന ഗാന്ധിയുടെ സ്വപ്നം സഫലമാക്കുന്നതിനുള്ള പദ്ധതിയായ സ്വച്ഛതാ ഹി സേവാ മൂവ്മെന്റ് പ്രധാന മന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. മഹാത്മാ ഗാന്ധിയുടെ നൂറ്റി അന്‍പതാം ജന്മ വാര്‍ഷികത്തോട് അനുബന്ധിച്ച് നടപ്പാക്കുന്ന ഈ പദ്ധതി ചരിത്രപരമായ പദ്ധതിയാണെന്നും മോദി അഭിപ്രായപ്പെട്ടു.
ശൗചാലയങ്ങള്‍ പണിതതുകൊണ്ടു മാത്രം രാജ്യം വൃത്തിയുള്ളതാവില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. വൃത്തി എന്നത് ശീലത്തിന്റെ ഭാഗമായി മാറേണ്ടതുണ്ട്. ഗാന്ധിജിയുടെ നൂറ്റി അന്‍പതാം ജന്മവാര്‍ഷിക ദിനമായ ഒക്ടോബര്‍ രണ്ട് സ്വച്ഛഭാരത് മിഷന്റെ നാലാം വാര്‍ഷികം കൂടിയാണ്. സ്വച്ഛഭാരതത്തിനായി പ്രവര്‍ത്തിക്കുന്ന ഓരോരുത്തരെയും അഭിവാദ്യം ചെയ്യുന്നതായി മോദി പറഞ്ഞു.
#WATCH: Prime Minister Narendra Modi sweeps & cleans the premises of Baba Sahib Ambedkar Higher Secondary School in Delhi's Paharganj as a part of #SwachhataHiSeva movement. pic.twitter.com/sqjN7zxGmg
— ANI (@ANI) September 15, 2018
സ്വച്ഛതാ ഹി സേവാ മുവ്മെന്റില്‍ പങ്കാളിയാവാന്‍ കഴിഞ്ഞ ദിവസം മോദി ജനങ്ങളോട് അഭ്യര്‍ഥിച്ചിരുന്നു. രാജ്യത്തെ രണ്ടായിരത്തോളം പ്രമുഖ വ്യക്തികള്‍ക്ക് ഇക്കാര്യം അഭ്യര്‍ഥിച്ച് പ്രധാനമന്ത്രി കത്തയക്കുകയും ചെയ്തു. പദ്ധതിയുടെ ഭാഗമായി പ്രധാനമന്ത്രി ചൂലെടുത്ത് ഡല്‍ഹി പഹാഡ്ഗന്‍ജിലെ ബാബാ സാഹിബ് അംബേദ്കര്‍ സ്‌കൂള്‍ പരിസരം വൃത്തിയാക്കി. സ്‌കുളിലെ കുട്ടികളുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തി.
കേന്ദ്രമന്ത്രി രാജ്നാഥ് സിങ് ഫരിദാബാദിലും ധര്‍മേന്ദ്ര പ്രധാന്‍ വസന്തവിഹാറിലും രവിശങ്കര്‍ പ്രസാദ് പറ്റ്നയിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കി.