ഡല്‍ഹി: ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു പ്രധാനമന്ത്രി ചീഫ് ജസ്റ്റിസ് കോടതി സന്ദര്‍ശിക്കുന്നത്. ആ നേട്ടം നരേന്ദ്ര മോദിക്ക് സ്വന്തം. കഴിഞ്ഞ ദിവസം രാത്രിയാണ് പ്രധാന മന്ത്രി നരേന്ദ്ര മോദി ചീഫ് ജസ്റ്റിസ് കോടതി സന്ദര്‍ശിച്ചത്. രാത്രി 9.30ഓടെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് സംഘടിപ്പിച്ച അത്താഴ വിരുന്നില്‍ പങ്കെടുക്കാനാണ് പ്രധാനമന്ത്രി സുപ്രീം കോടതിയിലെത്തിയത്. ഭരണഘടന ദിനത്തോട് അനുബന്ധിച്ചാണ് അത്താഴ വിരുന്ന് സംഘടിപ്പിച്ചത്.
ചീഫ് ജസ്റ്റിസ് ഗോഗോയ്, ജസ്റ്റിസ് മദന്‍ ബി. ലോക്കൂര്‍, ജസ്റ്റിസ് കുര്യന്‍ ജോസഫ് എന്നിവര്‍ ചേര്‍ന്ന് പ്രധാനമന്ത്രിയെ സ്വീകരിച്ചു. തുടര്‍ന്ന് പ്രധാനമന്ത്രി സുപ്രീം കോടതി ജഡ്ജിമാര്‍ക്കും അവരുടെ കുടുംബ അംഗങ്ങള്‍ക്ക് ഒപ്പം കുറച്ച് സമയം ചെലവഴിച്ചു. പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ ബാലഗോപാല്‍ ബി. നായരാണ് തന്റെ ഫെയ്‌സ്ബുക്കില്‍ ഇക്കാര്യം കുറിച്ചത്.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
‘ഇന്നലെ രാത്രി സുപ്രീം കോടതിയിലെ ചീഫ് ജസ്റ്റിസ് കോടതി മുറി സന്ദര്‍ശിക്കാന്‍ ഒരു അപ്രതീക്ഷിത അതിഥി എത്തി. മറ്റാരും അല്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി ആയിരുന്നു ആ അതിഥി. ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു പ്രധാനമന്ത്രി ചീഫ് ജസ്റ്റിസ് കോടതി സന്ദര്‍ശിക്കാന്‍ എത്തുന്നത് എന്നാണ് സുപ്രീം കോടതിയിലെ ചില ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇത് സത്യം ആണോ എന്ന് അറിയില്ല. പക്ഷേ സമീപകാല ചരിത്രത്തില്‍ ഒന്നും ഒരു പ്രധാനമന്ത്രി ചീഫ് ജസ്റ്റിസ് കോടതിയോ, ചീഫ് ജസ്റ്റിസിന്റെ ചേംബറോ സന്ദര്‍ശിക്കാന്‍ കോടതിയില്‍ എത്തിയിട്ടില്ല.
ഭരണഘടന ദിനത്തോട് അനുബന്ധിച്ച് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് സംഘടിപ്പിച്ച അത്താഴ വിരുന്നില്‍ പങ്കെടുക്കാന്‍ ആണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ രാത്രി 9.30 ഓടെ സുപ്രീം കോടതിയില്‍ എത്തിയത്. ചീഫ് ജസ്റ്റിസ് ഗോഗോയ്, ജസ്റ്റിസ് മദന്‍ ബി ലോക്കൂര്‍, ജസ്റ്റിസ് കുര്യന്‍ ജോസഫ് എന്നിവര്‍ ചേര്‍ന്ന് പ്രധാനമന്ത്രിയെ സ്വീകരിച്ചു. തുടര്‍ന്ന് പ്രധാനമന്ത്രി സുപ്രീം കോടതി ജഡ്ജിമാര്‍ക്കും അവരുടെ കുടുംബ അംഗങ്ങള്‍ക്ക് ഒപ്പം കുറച്ച് സമയം ചെലവഴിച്ചു.
ബംഗ്ലാദേശ്, മ്യാന്മാര്‍, തായ് ലാന്‍ഡ്, നേപ്പാള്‍, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളിലെ ചീഫ് ജസ്റ്റിസ് മാരും, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും, ഡല്‍ഹി ഹൈകോടതിയിലെ ചീഫ് ജസ്റ്റിസ് രാജേന്ദ്ര മേനോനും , ഏറ്റവും സീനിയര്‍ ആയ നാല് ജഡ്ജിമാര്‍, ലോക്സഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍, കേന്ദ്ര മന്ത്രിമാരായ അരുണ്‍ ജെയ്റ്റിലി, സുഷമ സ്വരാജ്, രവിശങ്കര്‍ പ്രസാദ് എന്നിവരും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് സംഘടിപ്പിച്ച അത്താഴ വിരുന്നില്‍ പങ്കെടുത്തു.
സുപ്രീം കോടതിയിലെ പുല്‍ത്തകിടിയില്‍ നടന്ന അത്താഴ വിരുന്നിന് ശേഷം ആണ് പ്രധാനമന്ത്രി ചീഫ് ജസ്റ്റിസ് ഗോഗോയ് ക്ക് ഒപ്പം ഒന്നാം നമ്പര്‍ കോടതി സന്ദര്‍ശിക്കാന്‍ എത്തിയത്. ഒന്നാം നമ്പര്‍ കോടതിക്ക് പുറമെ ചീഫ് ജസ്റ്റിസിന്റെ ചേംബറും പ്രധാനമന്ത്രി സന്ദര്‍ശിച്ചു. ചേംബറില്‍ ചീഫ് ജസ്റ്റിസ് ഒരുക്കിയ ചായ സല്‍ക്കാരത്തില്‍ പ്രധാനമന്ത്രിക്ക് പുറമെ ജസ്റ്റിസ് മാരായ മദന്‍ ബി ലോക്കൂര്‍, കുര്യന്‍ ജോസഫ്, നിയമ മന്ത്രി രവി ശങ്കര്‍ പ്രസാദ്, സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത എന്നിവരും പങ്കെടുത്തു.
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിന് ഇനി 100 ഓളം ദിവസം മാത്രമാണ് അവശേഷിക്കുന്നത്. അതിന് മുമ്പ് ചീഫ് ജസ്റ്റിസ് കോടതിയില്‍ നിന്ന് ഉണ്ടാകുന്ന സുപ്രധാനം ആയ ചില വിധികള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ചെലുത്താന്‍ പോകുന്ന സ്വാധീനം ചെറുത് ആയിരിക്കില്ല. പതിവിന് വിപരീതം ആയി കോടതിയില്‍ എത്തി ജഡ്ജിമാരുടെ ചടങ്ങില്‍ പങ്കെടുത്ത മോദിയുടെ നടപടി അത് കൊണ്ട് തന്നെ ശ്രദ്ധേയം ആണ്’.