ന്യൂഡല്‍ഹി: യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എച്ച്.ആര്‍. മക്മാസ്റ്റര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യ അമേരിക്കയുടെ പ്രധാന പ്രതിരോധപങ്കാളിയായി തുടരുമെന്ന് മക്മാസ്റ്റര്‍ കൂടിക്കാഴ്ചയില്‍ ആവര്‍ത്തിച്ചു. ഇന്ത്യ-പാക് നയതന്ത്രബന്ധം, ദക്ഷിണേഷ്യന്‍ മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ എന്നീ കാര്യങ്ങള്‍ ഇരുവരും ചര്‍ച്ചചെയ്തു.
തീവ്രവാദം നേരിടാനുള്ള പ്രവര്‍ത്തനങ്ങള്‍, ഉഭയകക്ഷി പ്രാദേശിക പ്രശ്‌നങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്തതായി കൂടിക്കാഴ്ചയ്ക്കുശേഷം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അമേരിക്കന്‍ എംബസി അറിയിച്ചു. പ്രതിരോധരംഗത്തെ സഹകരണം ഇരുരാജ്യങ്ങള്‍ക്കും നിര്‍ണായകമാണ്. അഫ്ഗാനിസ്താന്‍ ഉള്‍പ്പെടെയുള്ള മേഖലയിലെ പ്രശ്‌നങ്ങള്‍ ഇരുരാജ്യങ്ങളും ചര്‍ച്ച ചെയ്തു. പാകിസ്താന്‍, അഫ്ഗാനിസ്താന്‍ തുടങ്ങിയ രാജ്യങ്ങള്‍കൂടി ഉള്‍പ്പെട്ട മേഖലാ കൂടിക്കാഴ്ചകളുടെ ഭാഗമായാണ് ഇന്ത്യയിലെത്തിയതെന്ന് എംബസി വ്യക്തമാക്കി.
പാകിസ്താന്‍ സന്ദര്‍ശനത്തിനുശേഷമാണ് മക്മാസ്റ്റര്‍ ഡല്‍ഹിയിലെത്തിയത്. പ്രധാനമന്ത്രി നവാസ് ഷെരീഫുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഇന്ത്യപാക് ബന്ധം ചര്‍ച്ചയായി.
ട്രംപ് സര്‍ക്കാരില്‍നിന്ന് ആദ്യമായാണ് ഒരു പ്രധാന ഉദ്യോഗസ്ഥന്‍ മോദി സര്‍ക്കാരുമായി ചര്‍ച്ച നടത്താനെത്തുന്നത്. പ്രധാനമന്ത്രിക്കൊപ്പം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍, വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കര്‍ എന്നിവരും പങ്കെടുത്തു.