അധികമായി ഉയരുന്ന ഭീഷണിയുടെയും സുരക്ഷ കുറവാണെന്ന അവലോകനത്തിന്റെയും പശ്ചാത്തലത്തിൽ ആർഎസ്എസ് സർ സംഘ ചാലക് മോഹൻ ഭഗവതിന്റെ സുരക്ഷ വർദ്ധിപ്പിച്ചു. ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗിനുമുള്ള അഡ്വാൻസ് സെക്യൂരിറ്റി ലെയ്‌സൺ (എഎസ്എൽ) സുരക്ഷയാണ് ഭഗവതിന് നൽകിയിരിക്കുന്നത്.
മുമ്പ് Z+ സുരക്ഷയായിരുന്നു മോഹൻ ഭാഗവതിന് നൽകിയിരുന്നത്. Z+ നൊപ്പം ASL സുരക്ഷ ലഭിക്കുന്നവരായ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, രാഹുൽ ഗാന്ധി, സോണിയ ഗാന്ധി, പ്രിയങ്ക വാദ്ര എന്നിവരുടെ പട്ടികയിൽ ഇനിമുതൽ മോഹൻ ഭഗവതും ഉൾപ്പെടും.
ഈ പ്രോട്ടോകോൾ പ്രകാരം മോഹൻ ഭഗവതിന് ജില്ലാ ഭരണകൂടങ്ങളും പൊലീസും ആരോഗ്യ വകുപ്പുകളും ഡെപ്യൂട്ടേഷനിൽ എത്തിയ ഉദ്യോഗസ്ഥരും ഗാർഡുകളും ഉൾപ്പെടെയുള്ളവരാണ് സുരക്ഷയിൽ സജീവ പങ്കാളിത്തം വഹിക്കുന്നത്. മൾട്ടി-ലേയേർഡ് സെക്യൂരിറ്റി റിംഗുകൾ, പ്രീ-വിസിറ്റ് റിവ്യൂ റിഹേഴ്സലുകളും ഈ സുരക്ഷാ സംവിധാനത്തിൽ ഉൾപ്പെടുന്നതാണ്. ഇത് കൂടാതെ, ഹെലികോപ്റ്ററുകളും ഉണ്ടായിരിക്കുന്നതാണ്.
പ്രധാനമന്ത്രിയടെ സുരക്ഷയുമായി മോഹൻ ഭാഗവതിന്റെ സുരക്ഷയെ താരതമ്യം ചെയ്യാൻ സാധിക്കില്ലെന്നാണ് സംരക്ഷകരുടെ സുരക്ഷ മേൽനോട്ടം വഹിക്കുന്ന ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറയുന്നത്. ഇന്ത്യയുടെ പ്രധാനമന്ത്രിക്ക് വ്യത്യസ്ത തലത്തിലുള്ള സുരക്ഷകളാണ് ലഭിക്കുന്നത്. പ്രധാനമന്ത്രിയുടെ സുരക്ഷയിൽ എസ്‌പിജി, എസ്പിഎൽ തുടങ്ങിയ വിഭാഗങ്ങളും ഉൾപ്പെടുന്നുണ്ട്.