കോട്ടയം : കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിലെ ചില നേതാക്കള്‍ ജോസ് പക്ഷത്തേക്ക് ചേക്കേറാന്‍ നീക്കം നടത്തുന്നതായി സൂചന. ജോസ് കെ മാണിയുമായി അനൗദ്യോഗിക ചര്‍ച്ച നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ജോസഫ് വിഭാഗത്തിലും കോണ്‍ഗ്രസിലുമുള്ള അതൃപ്തരെ പാര്‍ട്ടിയിലെത്തിക്കാനാണ് ജോസ് കെ മാണിയുടെ ശ്രമം.
യുഡിഎഫില്‍ നിന്നും നേതാക്കളെ പാര്‍ട്ടിയിലേക്ക് തിരികെ എത്തിക്കാനുള്ള കേരള കോണ്‍ഗ്രസ് എമ്മിന്‍റെ നീക്കത്തില്‍ സിപിഎമ്മിന്‍റെ പൂര്‍ണ്ണ പിന്തുണയുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പ് കൂടി ലക്ഷ്യമിട്ടാണ് ഇപ്പോഴത്തെ പ്രവര്‍ത്തനം. ലോക്സഭാ തിരഞ്ഞടെുപ്പില്‍ കോട്ടയം സീറ്റ് കേരള കോണ്‍ഗ്രസിന് ലഭിച്ചേക്കും. അതിന് മുന്നോടിയായി മേഖലയില്‍ മുന്നണിയെ കൂടുതല്‍ ശക്തമാക്കാനാണ് നീക്കം.അതേസമയം, നേതാക്കള്‍ മാത്രം തിരികെ വരുന്നതില്‍ തന്ത്രപരമായ സമീപനം കേരള കോണ്‍ഗ്രസ് സ്വീകരിച്ചേക്കും. അണികളുടെ പിന്തുണയുള്ളവര്‍ക്ക് മാത്രമായിരിക്കും പ്രഥമ പരിഗണന. അണികളുടെ പിന്തുണയില്ലാത്ത പദവികള്‍ മാത്രം ലക്ഷ്യം വിട്ട് വരുന്നവരെ പരിഗണിക്കേണ്ടെന്ന പൊതുവികാരം പാര്‍ട്ടിക്ക് അകത്ത് ശക്തമാണ്.
കോണ്‍ഗ്രസില്‍ നിലനില്‍ക്കുന്ന പ്രതിസന്ധികളും മറ്റ് അസംതൃപ്തരേയും ചാക്കിടാനാണ് ലക്ഷ്യം. നേതാക്കള്‍ക്കൊപ്പം അണികളും പോരട്ടെയെന്നാണ് നിര്‍ദേശം. ഇത് സംബന്ധിച്ച് ജോസ് കെ മാണി സിപിഐഎം നേതാക്കളുമായി ചര്‍ച്ച നടത്തും. പത്തനംതിട്ടയിലേയും എറണാകുളത്തേയും ചില ജോസഫ് പക്ഷക്കാരായ നേതാക്കളുമായി ജോസ് കെ മാണി പ്രാഥമിക ചര്‍ച്ചകള്‍ തുടങ്ങിയിട്ടുണ്ടെന്നാണ് വിവരം. അടുത്തയാഴ്ച്ച ചേരുന്ന കേരള കോണ്‍ഗ്രസിന്റെ സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തില്‍ ഇക്കാര്യം ചര്‍ച്ചയാവും.
എക്കാലത്തും യുഡിഎഫിന്‍റെ ശക്തി സ്രോതസ്സായിരുന്ന മേഖലയാണ് മധ്യകേരളം. 2016 ലെ തിരഞ്ഞെടുപ്പില്‍ പോലും എറണാകുളത്തും കോട്ടയത്തും ഉള്‍പ്പടെ മേല്‍ക്കൈ നേടാന്‍ യുഡിഎഫിന് സാധിച്ചിരുന്നു. എന്നാല്‍ അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം യുഡിഎഫിന്‍റെ മേല്‍ക്കൈ എറണാകുളം ജില്ലയില്‍ മാത്രം ഒതുങ്ങി.
കേരള കോണ്‍ഗ്രസ് എമ്മിന്‍റെ മുന്നണി മാറ്റമാണ് മധ്യകേരളത്തിലെ യുഡിഎഫ് അനുകൂല രാഷ്ട്രീയത്തിന്‍റെ ഗതി മാറ്റി നിര്‍ണ്ണയിച്ചത്. കോട്ടയം ജില്ലാ പഞ്ചായത്ത് അധ്യക്ഷനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ ജോസഫ് വിഭാഗത്തെ പിന്തുണയ്ക്കുകയും അവരെ കൂടെ നിര്‍ത്തുകയും ചെയ്ത യുഡിഎഫ് ജോസ് വിഭാഗത്തിന്‍റെ ശക്തിയെ വിലകുറച്ച് കാണുകയോ തിരിച്ചറിയാതെ പോവുകയോ ചെയ്തു.
മുന്നണി വിട്ട് എല്‍ഡിഎഫില്‍ എത്തിയ കേരള കോണ്‍ഗ്രസ് എം തദ്ദേശ തിരഞ്ഞെടുപ്പില്‍ തന്നെ തങ്ങളുടെ ശക്തി വെളിപ്പെടുത്തി. കോട്ടയം ജില്ലാ പഞ്ചായത്ത് ഉള്‍പ്പടെ മധ്യകേരളത്തില്‍ ഇന്നുവരെ എല്‍ഡിഎഫിന് വലിയ തോതില്‍ കടന്ന് ചെല്ലാന്‍ കഴിയാതിരുന്ന യുഡിഎഫ് കേന്ദ്രങ്ങള്‍ എല്ലാം ഇത്തവണ മാറി ചിന്തിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പിലും ഇതിന്‍റെ തുടര്‍ച്ചയായിരുന്നു കണ്ടത്. പാലായില്‍ ജോസ് കെ മാണിക്ക് പരാജയം നേരിടേണ്ടി വന്നെങ്കിലും ഒരു പാര്‍ട്ടി എന്ന നിലയില്‍ കേരള കോണ്‍ഗ്രസിനും മുന്നണിയെന്ന നിലയില്‍ എല്‍ഡിഎഫിനും നിര്‍ണ്ണായകമായ നേട്ടം സ്വന്തമാക്കാന്‍ സാധിച്ചു. കോട്ടയത്ത് ആകെയുള്ള 9 സീറ്റില്‍ അഞ്ചിടത്തും വിജയിക്കാന്‍ എല്‍ഡിഎഫിന് സാധിച്ചു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 33.80 ശതമാനം മാത്രം വോട്ട് വിഹിതം ഉണ്ടായിരുന്ന ഇടതു മുന്നണി ഇത്തവണ അവരുടെ വോട്ടുവിഹിതം 43.70 ശതമാനമായി ഉയര്‍ത്തി. 10 ശതമാനത്തിന്‍റെ വര്‍ധനവ്. കോട്ടയത്തെ ഇടതുപക്ഷത്തിന്‍റെ റിക്കോര്‍ഡ് വോട്ട് വിഹിതമാണിത്. ഇടുക്കിയിലും മോശമല്ലാത്ത വര്‍ധനവുണ്ടായി .
പിജെ ജോസഫ്-ജോസ് കെ മാണി ബലാബലത്തിലും നേട്ടം ജോസിനും കൂട്ടര്‍ക്കും തന്നെ. മത്സരിച്ച 12 സീറ്റുകളില്‍ അഞ്ചിടത്ത് വിജയിക്കാന്‍ സാധിച്ചപ്പോള്‍ മറുവശത്ത് ജോസഫ് വിഭാഗത്തില്‍ നിന്നും വിജയിച്ചത് 2 പേര്‍ മാത്രം. രണ്ടാം പിണറായി സര്‍ക്കാറില്‍ ഒരു മന്ത്രിയും ചീഫ് വിപ്പ് പദവിയും കേരള കോണ്‍ഗ്രസ് എമ്മിന് ലഭിച്ചു.ഇതോടെ കേരള രാഷ്ട്രീയത്തിലെ ഏറ്റവും ശക്തരായ കേരള കോണ്‍ഗ്രസുകാര്‍ ആരെന്ന ചോദ്യത്തിന് തന്നെ പ്രസക്തിയില്ലാതായെന്നാണ് ജോസ് അനുകൂലികള്‍ വ്യക്തമാക്കുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ പാര്‍ട്ടി വിട്ട് പോയവരില്‍ വലിയൊരു വിഭാഗം നേതാക്കള്‍ കേരള കോണ്‍ഗ്രസ് എമ്മിലേക്ക് തിരികെ എത്താനും തയ്യാറായിട്ടുണ്ട്.ജോസഫ് വിഭാഗത്തില്‍ നിന്ന് മാത്രമല്ല, കോണ്‍ഗ്രസിലെ അസംതൃപ്തരും കേരള കോണ്‍ഗ്രസ് എമ്മിലൂടെ ഇടത് പക്ഷത്തേക്ക് ചേക്കാറാനുള്ള ശ്രമത്തിലാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് തോറ്റ ഒരു പ്രമുഖ നേതാവ് ഉള്‍പ്പടെ പാര്‍ട്ടി മാറാനുള്ള നീക്കത്തിലാണ്. ഇതിനോടകം തന്നെ ചില ചര്‍ച്ചകള്‍ നടന്ന് കഴിഞ്ഞിട്ടുണ്ട്.