ജേഷ്ടനോടുള്ള വൈരാഗ്യം തീര്‍ക്കാന്‍ അനുജന്‍ നടത്തിയ കടുംകൈ പ്രയോഗം പോലീസിന് വമ്പന്‍ തലവേദനയായി മാറി. അമ്മയെ സഹോദരന്‍ കൊലപ്പെടുത്തിയെന്ന വ്യാജ സന്ദേശമാണ് പോലീസിനെ വട്ടം ചുറ്റിച്ചു കളഞ്ഞത്. പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സിലെ കണ്‍ട്രോള്‍ റൂമിലേക്കാണ് വ്യാജ സന്ദേശം വിളിച്ചറിയിച്ചത്. തുടര്‍ന്ന് മൊബൈല്‍ ഫോണ്‍സ്വിച്ച് ഓഫാക്കി സിം കാര്‍ഡ് ഊരി ഷര്‍ട്ടിന്റെ മടക്കില്‍ ഒളിപ്പിച്ച് വിവരം നല്‍കിയയാള്‍ മുങ്ങി. ഉന്നതങ്ങളില്‍ നിന്ന് കൊലപാതക സന്ദേശം ലഭിച്ചതോടെ ഉറവിടം തേടി വിഴിഞ്ഞം പൊലീസ് നെട്ടോട്ടമോടി.
മണിക്കൂറുകള്‍ നീണ്ട അലച്ചിലിനൊടുവില്‍ സന്ദേശമയച്ചയാളിനെ പിടികൂടിയതോടെയാണ് ഒടുവില്‍ കൊലപാതക നാടകത്തിന് തിരശ്ശീല വീണത്. ഇത് പോലീസിനും ആശ്വാസമായി. വിഴിഞ്ഞം ചൊവ്വര പനനിന്ന വടക്കതില്‍ വീട്ടില്‍ ജോസ് എന്ന് വിളിക്കുന്ന അജികുമാര്‍ (51) ആണ് സഹോദരന് പണികൊടുക്കുന്നതിനായി വ്യാജ സന്ദേശമയച്ചത്. മദ്യപാനത്തിന്റെ പേരില്‍ സഹോദരനുമായി പിണങ്ങിയ അജികുമാര്‍ കഴിഞ്ഞദിവസം രാവിലെയാണ് സഹോദരന്‍ അമ്മ ബേബിയെ കൊലപ്പെടുത്തി വീടിനുള്ളില്‍ തള്ളിയതായി പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് കണ്‍ട്രോള്‍ റൂം നമ്പറായ 112-ല്‍ വിളിച്ചു പറഞ്ഞത്.
കൂടാതെ ചൊവ്വര ക്ഷേത്രത്തിന് സമീപമാണ് സംഭവമെന്നും പറഞ്ഞു. തുടര്‍ന്ന് മൊബൈല്‍ ഫോണും സ്വിച്ച് ഓഫായതോടെ ദുരൂഹത വര്‍ദ്ധിച്ചു. ഒന്നര മാസത്തിനുള്ളില്‍ രണ്ട് കൊലപാതകം നടന്ന വിഴിഞ്ഞം സ്റ്റേഷന്‍ പരിധിക്കുള്ളില്‍ മൂന്നാമതും കൊലപാതകമെന്ന് കേട്ടതോടെ വിഴിഞ്ഞം പൊലീസും ഞെട്ടി.എസ്.ഐ.അജികുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസും രഹസ്യാന്വേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥരും ചൊവ്വര ഭാഗത്ത് രാവിലെ മുതല്‍ അരിച്ച് പെറുക്കി. മൊബൈല്‍ പ്രവര്‍ത്തനരഹിതമായതോടെ ഒരുവേള അന്വേഷണവും വഴിമുട്ടി. തുടര്‍ന്ന് കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ചഫോണ്‍ നമ്പര്‍ പരിശോധിച്ചതില്‍ നിന്ന് സിം കാര്‍ഡ് ബേബിയുടെ പേരിലാണെന്ന് പോലീസിന് മനസിലായി.
നാട്ടുകാരില്‍ ചിലരുടെയും ജനപ്രതിനിധിയുടെയും സഹായത്തോടെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ ബേബിയുടെ വീട് കണ്ട് പിടിച്ചു. അന്വേഷണവുമായി പൊലീസ് എത്തുമ്പോഴാണ് തന്നെക്കുറിച്ച് മകന്‍ വ്യാജസന്ദേശമറിയിച്ച കാര്യം അമ്മ അറിയുന്നത് തന്നെ. കൊലപാതകമല്ലെന്ന് മനസിലാക്കി ആശ്വാസത്തിലായ പൊലീസ് അജികുമാറിനെ തപ്പിയിറങ്ങി. തിരച്ചിലിനൊടുവില്‍ വീടിന് സമീപത്തു നിന്ന് തന്നെ ഇയാളെ പിടികൂടി ഇയാളെ സ്റ്റേഷനില്‍ എത്തിച്ചു. കേരള പോലീസ് ആക്ട് 117 ഡി പ്രകാരം പോലീസിനെ വ്യാജസന്ദേശമയച്ച് പറ്റിച്ചതിന് കേസെടുത്ത് സ്റ്റേഷന്‍ ജാമ്യത്തില്‍ ഇയാളെ വിട്ടയച്ചതായി പോലീസ് പറഞ്ഞു.