സോഷ്യല്‍മീഡിയയിലെ ഒരു പ്രധാന ചര്‍ച്ചാ വിഷയമാണ് ബ്രസീലിയന്‍ സ്റ്റേറ്റ് പ്രതിനിധി മനുവേല തന്റെ കുഞ്ഞിനെ മുലയൂട്ടിയത്. തന്റെ സ്വന്തം കുഞ്ഞിന് ഒരമ്മ പാല് കൊടുക്കുന്നതില്‍ എന്താണ് തെറ്റെന്ന് പലരും ചിന്തിച്ചേക്കാം. എന്നാല്‍, ഒരു ചര്‍ച്ചയ്ക്കിടെയാണ് മാനുവേല തന്റെ കുഞ്ഞിനെ മുലയൂട്ടിയത്.
മനുവേല പ്രതിനിധീകരിക്കുന്ന ലെജിസ്ലേറ്റീവ് അസംബ്ലിയില്‍ നടക്കുന്ന ചര്‍ച്ചയ്ക്കിടയില്‍ തന്റെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുമ്പോഴും ഒരു രാഷ്ടതന്ത്രജ്ഞയായി പ്രവര്‍ത്തിക്കുമ്പോഴും താനൊരു അമ്മ കൂടിയാണെന്ന് തെളിയിക്കുകയാണ് ഇവര്‍. മറ്റെല്ലാ പ്രവര്‍ത്തിപേലെയും സമാനമാണ് ഇതും. തന്റെ കുഞ്ഞിന്റെ വിശപ്പിന് വില കൊടുക്കുന്ന ആ അമ്മ കുഞ്ഞിന്റെ വിശപ്പിന് മുന്നില്‍ മറ്റൊന്നിനെ കുറിച്ചും ബോധവതിയല്ല, എന്നാല്‍ അതിന്റെ പേരില്‍ തന്റെ ഉത്തരവാദിത്വങ്ങളില്‍നിന്ന് മാറി നില്‍ക്കുന്നുമില്ല.
സമൂഹത്തില്‍ അമ്മയ്ക്ക് ലഭിക്കുന്ന പരിഗണനയെ കുറിച്ച് ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ് ഈ ചിത്രം. അമ്മയുടേയും കുഞ്ഞിന്റെയും അവകാശങ്ങളെക്കുറിച്ചാണ് ഇപ്പോള്‍ ബ്രസീല്‍ ചര്‍ച്ചചെയ്യുന്നത്. ഈ ഫോട്ടോയെ മുന്‍ നിര്‍ത്തി ഇത്തരമൊരു ചര്‍ച്ച നമ്മുടെ സമൂഹവും ആവശ്യപ്പെടുന്നുണ്ട്.
കഴിഞ്ഞ ദിവസം തന്റെ എട്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കാന്‍ ആശുപത്രിയിലെത്തിയ ഗര്‍ഭിണിയ്ക്ക് ഡോക്ടര്‍മാരില്‍നിന്ന് പ്രസവമുറിയില്‍ മര്‍ദ്ദനമേല്‍ക്കേണ്ടി വന്ന വാര്‍ത്ത കണ്ടിരുന്നു. അതും ഒരു അമ്മയുടെ അവകാശത്തിന്റെയും കുഞ്ഞിന്റെ ജനനത്തിനുള്ള അവകാശത്തിന്റെയും ലംഘനമല്ലേ.
മുമ്പും ഇത്തരം ഫോട്ടോകള്‍ ആഫ്രിക്കന്‍, ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍നിന്ന് ഉയര്‍ന്നുവന്നിരുന്നു. മുന്‍ വെനസ്വേലന്‍ ഭരണാധികാരി ഹ്യൂഗോ ഷാവേസിനോട് പൊതുവേദിയില്‍ സംസാരിക്കുന്ന സ്ത്രീ അതേ സമയം തന്റെ കുഞ്ഞിന് മുല കൊടുത്തുകൊണ്ടിരിക്കുന്ന ചിത്രം ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. സമൂഹത്തിലെ സദാചാര ചിന്തകള്‍ക്ക് അപ്പുറമാണ് മാതൃത്വത്തിന്റെ വിലയെന്നും ഈ രണ്ട് ചിത്രങ്ങളും വിലയിരുത്തുന്നു.
ശരീരത്തിന്റെ നഗ്‌നതയ്ക്കപ്പുറം മാതൃ വാത്സല്യം കാണാന്‍ കഴിയുന്ന, സ്ത്രീയെ ശരീരത്തിനപ്പുറം മനസ്സിലാക്കാന്‍ കഴിയുന്ന സമൂഹത്തിന്റെ വളര്‍ച്ചയിലേക്ക് വാതിലുകള്‍ തുറക്കട്ടെ ഇത്തരം പ്രവൃത്തികളും ചിത്രങ്ങളും…