എന്ന് നിന്റെ മൊയ്‌തീന്‍ വന്‍വിജയം നേടിയപ്പോള്‍ പ്രേക്ഷകമനസുകളില്‍ ആഹ്‌ളാദം പെയ്‌തിറങ്ങി. ചിത്രം കണ്ടവര്‍ ജീവിച്ചിരിക്കുന്ന നായികയായ കാഞ്ചനമാലയെ കാണാന്‍ മുക്കത്തേക്ക് വണ്ടികയറി.
കോഴിക്കോട് മുക്കത്തെ ബി.പി. മൊയ്‌തീന്‍ സേവാമന്ദിറിലിരുന്ന് കാഞ്ചനമാല തന്നെ കാണാനെത്തിയവരുമായി സ്‌നേഹം പങ്കുവച്ചു. തന്റെ പ്രാണനാഥന്‍ ബി.പി. മൊയ്‌തീന്റെ ജീവനെടുത്ത മുക്കത്തെ ഇരുവിഴിഞ്ഞി പുഴയുടെ തീരത്തിരുന്ന് കാഞ്ചനമാല പ്രണയകാലത്തിലേക്ക് നടന്നുകയറി.
സ്‌നേഹവും ആര്‍ദ്രതയും വിസ്‌മൃതിയിലേക്കു വലിച്ചെറിയപ്പെടുന്ന വര്‍ത്തമാനകാലത്ത് എഴുപത്തിനാലാമത്തെ വയസിലും ഒരിക്കലും തിരിച്ചുവരാത്ത പ്രിയപ്പെട്ടവന്റെ ഓര്‍മ്മയില്‍ ജീവിക്കുന്ന കാഞ്ചനമാല ഇന്ന് മലയാളി മനസ്സുകളിലെ ജ്വലിക്കുന്ന പ്രണയനക്ഷത്രമാണ്.നാലുവര്‍ഷം മുമ്പ് ബി.പി. മൊയ്‌തീന്‍ കാഞ്ചനമാലയുടെ ആരുമല്ലെന്ന് കോടതി പറഞ്ഞപ്പോള്‍ തളര്‍ന്നുപോകാതെ തങ്ങള്‍ക്കു മാത്രം അനുഭവമുള്ള പ്രണയനാളുകളുടെ ഓര്‍മ്മകളെ നെഞ്ചിന്‍ കൂട്ടിലിട്ട് അരക്കിട്ടുറപ്പിച്ചു.
എന്ന് നിന്റെ മൊയ്‌തീന്‍ കാണാന്‍ ആളുകള്‍ ഒഴുകിയെത്തിയപ്പോള്‍ മലയാളത്തിലെ പ്രിന്റ് മീഡിയയും വിഷ്വല്‍ മീഡിയയും ചിത്രത്തെ കീറിമുറിച്ച് സമഗ്രമായ വിശകലനവുമായി രംഗത്തിറങ്ങി.ഈ സിനിമ വിജയവഴികളിലൂടെ കടന്നുപോകാതെ പരാജയപ്പെട്ടിരുന്നുവെങ്കില്‍ സംവിധായകന്റെ അവസ്‌ഥ എന്താവുമായിരുന്നു…? കാരണം ജീവിച്ചിരിക്കുന്ന ഒരാളുടെ കഥ സിനിമയാക്കുന്നുവെന്നറിഞ്ഞ് ചിത്രീകരണ ഘട്ടം മുതല്‍ പല രീതിയിലുള്ള ആരോപണങ്ങളും പ്രതിഷേധങ്ങളും ഉയര്‍ന്നുവെന്നത് യാഥാര്‍ത്ഥ്യമാണ്.
എന്ന് നിന്റെ മൊയ്‌തീന്‍ എന്ന ചിത്രത്തെക്കുറിച്ചുള്ള ഷൂട്ടിംഗ് റിപ്പോര്‍ട്ട് ആദ്യമായി പ്രസിദ്ധീകരിച്ചു വന്നത് സിനിമാമംഗളത്തിലാണ്. സിനിമാമംഗളത്തില്‍ വാര്‍ത്ത വന്നതോടെയാണ് ചിത്രീകരണം തുടങ്ങിയെന്ന കാര്യം പലരും അറിഞ്ഞത്.
ഇതോടെ ചിത്രത്തിനെതിരെയുള്ള ഒളിഞ്ഞും തെളിഞ്ഞുമുള്ള പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവന്നു.
പ്രധാന ലൊക്കേഷന്‍ പാലക്കാട് ഗവ. വിക്‌ടോറിയ കോളജ്
എന്ന് നിന്റെ മൊയ്‌തീന്റെ പ്രധാന ലൊക്കേഷനുകളിലൊന്ന് ഒട്ടേറെ സിനിമകളില്‍ നിറഞ്ഞുനില്‍ക്കുന്ന പാലക്കാട് ഗവ. വിക്‌ടോറിയ കോളജായിരുന്നു. വിക്‌ടോറിയ കോളജില്‍ ചിത്രീകരണം നടക്കുന്നുണ്ടെന്നറിഞ്ഞാണ് ചിത്രത്തിന്റെ പ്ര?ഡക്‌്ഷന്‍ കണ്‍ട്രോളര്‍ രാജു നെല്ലിമൂടിനെ വിളിച്ചത്.കോളജിലെത്തിയപ്പോള്‍ ജൂനിയര്‍ ആര്‍ട്ടിസ്‌റ്റുകളുടെ നല്ല തിരക്കായിരുന്നു. വിക്‌ടോറിയയിലെ മെന്‍സ് ഹോസ്‌റ്റല്‍ ലേഡീസ് ഹോസ്‌റ്റലാക്കി മാറ്റിയിരുന്നു. പഴയ കാലത്തെ സ്‌റ്റൈലിലുള്ള ജീപ്പും ഇവിടെ നിര്‍ത്തിയിരുന്നു.ബി.പി. മൊയ്‌തീന്റെയും കാഞ്ചനമാലയുടെയും പ്രണയകഥ എങ്ങനെയാണ് സിനിമയാക്കുന്നതെന്ന് ചോദിച്ചപ്പോള്‍ കഥ പറയുന്നത് സിനിമയെ ബാധിക്കുമോയെന്ന് ആര്‍.എസ്. വിമല്‍ ചോദിച്ചു.
കഥയുടെ ക്ലൈമാക്‌സ് ഒഴികെ ഔട്ട്‌ലൈന്‍ പറയുന്നതുകൊണ്ടു കുഴപ്പമില്ലെന്നും കഥ പറയുകയില്ലെന്ന് ശാഠ്യം പിടിച്ച പലരുടെയും സിനിമകള്‍ എട്ടുനിലയില്‍ പൊട്ടിയ കാര്യവും സൂചിപ്പിച്ചപ്പോള്‍ സംവിധായകന്‍ മൊയ്‌തീന്‍ -കാഞ്ചനമാല പ്രണയത്തെക്കുറിച്ച് സിനിമാമംഗളത്തോടു പറഞ്ഞു.
പൃഥ്വിരാജ് നാലു മണിക്കൂറിനുള്ളില്‍ കേട്ട കഥ…
പത്രപ്രവര്‍ത്തകനും ഡോക്യുമെന്ററി സംവിധായകനുമായ ആര്‍.എസ്. വിമല്‍ ബി.പി. മൊയ്‌തീന്റെയും കാഞ്ചനമാലയുടെയും പ്രണയകഥ സിനിമയാക്കാന്‍ തീരുമാനിച്ചപ്പോള്‍ മൊയ്‌തീനായി വിമലിന്റെ മനസ്സിലെത്തിയ മുഖം പൃഥ്വിരാജിന്റേതായിരുന്നു.
എന്നു നിന്റെ മൊയ്‌തീന്റെ തിരക്കഥയൊരുക്കാന്‍ സംവിധായകന്‍ വിമലിന് അഞ്ചുവര്‍ഷം വേണ്ടിവന്നു. കോഴിക്കോട് ക്രൗണ്‍ പ്ലാസയില്‍ വച്ചാണ് വിമല്‍ പൃഥ്വിരാജിനെ കണ്ടത്. സംവിധായകന്‍ വിമലിന് ‘എന്ന് നിന്റെ മൊയ്‌തീന്റെ’ പൂര്‍ണമായ തിരക്കഥ പൃഥ്വിരാജിന് വായിച്ചുകേള്‍പ്പിക്കാന്‍ നാലുമണിക്കൂര്‍ വേണ്ടിവന്നു.കാഞ്ചനമാലയെക്കുറിച്ച് വിമല്‍ സംവിധാനം ചെയ്‌ത ജലംകൊണ്ട് മുറിവേറ്റവള്‍ എന്ന ഡോക്യുമെന്ററിയും കണ്ടതോടെ മൊയ്‌തീനാകാന്‍ പൃഥ്വിരാജ് തയാറാവുകയായിരുന്നു.ജീവിച്ചിരിക്കുന്ന കാഞ്ചനമാലയുടെ ജീവിതകഥ കേട്ടപ്പോള്‍ ആവേശം തോന്നിയെന്നും ആ പ്രണയതീവ്രത പൂര്‍ണ്ണമായും ഉള്‍ക്കൊണ്ടാണ് കാഞ്ചനമാലയായി അഭിനയിക്കുന്നതെന്നും പാര്‍വ്വതി മേനോന്‍ സിനിമാമംഗളത്തോടു സൂചിപ്പിച്ചിരുന്നു.
മൊയ്‌തീന്റെ കഥ ആദ്യം വന്നത് സിനിമാമംഗളത്തില്‍…
2014 ഒക്‌ടോബര്‍ ആദ്യവാരം പുറത്തിറങ്ങിയ സിനിമാമംഗളത്തിലാണ് എന്ന് നിന്റെ മൊയ്‌തീന്റെ ഷൂട്ടിംഗ് റിപ്പോര്‍ട്ടും പടങ്ങളും പ്രസിദ്ധീകരിച്ചു വന്നത്. മറ്റു പ്രസിദ്ധീകരണങ്ങളില്‍ നിന്നും വ്യത്യസ്‌തമായി ഈ ചിത്രത്തെക്കുറിച്ചുള്ള ആദ്യറിപ്പോര്‍ട്ട് വന്നതും സിനിമാമംഗളത്തിലായിരുന്നു.സിനിമാമംഗളത്തില്‍ വാര്‍ത്ത വന്നതിന്റെ രണ്ടാമത്തെ ദിവസം കാഞ്ചനമാലയുടെ അടുത്ത ബന്ധുവായ ഒരാള്‍ എന്നെ വിളിച്ചു. സിനിമാമംഗളത്തില്‍ വാര്‍ത്ത വായിച്ചിട്ടാണ് വിളിക്കുന്നതെന്നും എന്ന് നിന്റെ മൊയ്‌തീന്റെ ചിത്രീകരണം എവിടെയാണ് നടക്കുന്നതെന്നും ചോദിച്ചു.കാര്യമെന്താണെന്ന് ഞാന്‍ അന്വേഷിച്ചപ്പോള്‍ കാഞ്ചനമാലയുടെ അനുവാദമില്ലാതെയാണ് അവരുടെ ജീവിതകഥ സിനിമയാക്കുന്നതെന്നും ഈ സിനിമ പുറത്തിറങ്ങാന്‍ അനുവദിക്കുകയില്ലെന്നും അയാള്‍ പറഞ്ഞു.
കാഞ്ചനമാലയുടെ സമ്മതത്തോടെയാണോ സിനിമ ചെയ്യുന്നതെന്ന ചോദ്യത്തിന് സംവിധായകന്‍ ആര്‍.എസ്. വിമലിന്റെ മറുപടി ഇങ്ങനെയായിരുന്നു.മലയാളത്തിലെ മുഖ്യധാരയിലുള്ള പല സംവിധായകരും മൊയ്‌തീന്റെയും കാഞ്ചനമാലയുടെയും പ്രണയകഥ സിനിമയാക്കണമെന്ന ആഗ്രഹവുമായി കാഞ്ചനമാലയെ സമീപിച്ചെങ്കിലും തങ്ങളുടെ പ്രണയകഥ സിനിമയാക്കാന്‍ കാഞ്ചനമാല സമ്മതിച്ചിരുന്നില്ല.കാഞ്ചനമാലയെക്കുറിച്ച് ഞാന്‍ സംവിധാനം ചെയ്‌ത ജലംകൊണ്ട് മുറിവേറ്റവള്‍ എന്ന ഡോക്യുമെന്ററി ഇഷ്‌ടപ്പെട്ടപ്പോഴാണ് മൊയ്‌തീന്‍-കാഞ്ചനമാല പ്രണയകഥ സിനിമയാക്കാന്‍ കാഞ്ചനമാല എനിക്ക് സമ്മതം തന്നത്.
മൊയ്‌തീന്റെയും കാഞ്ചനമാലയുടെയും ചരിത്രവിജയം…
തൊള്ളായിരത്തി അറുപതുകളില്‍ കോഴിക്കോട്ടെ മുക്കത്ത് ഒത്ത ഉയരവും സൗന്ദര്യവുമുള്ള ഫുട്‌ബോള്‍ പ്ലെയറായ ബി.പി. മൊയ്‌തീനെന്ന ഹീറോ ജീവിച്ചിരുന്നു. മൊയ്‌തീന്റെ അച്‌ഛന്‍ നാട്ടിലെ അറിയപ്പെടുന്ന കോണ്‍ഗ്രസുകാരനായിരുന്നു. പക്ഷേ മൊയ്‌തീന്‍ സോഷ്യലിസ്‌റ്റ് ചേരിയിലായിരുന്നു.
എം.ടി. വാസുദേവന്‍ നായരുമായി സൗഹൃദമുണ്ടായിരുന്ന ബി.പി. മൊയ്‌തീന്‍ മാതൃഭൂമിയുടെ സ്‌പോര്‍ട്‌സ് ലേഖകനായും പ്രവര്‍ത്തിച്ചു. ഇക്കാലത്ത് മുക്കത്ത് കാഞ്ചനമാലയെന്ന പെണ്‍കുട്ടിയും പൊതുരംഗത്ത് സജീവമായിരുന്നു.പൊതുസമൂഹത്തില്‍ അനീതികള്‍ക്കെതിരെ പ്രതികരിച്ചിരുന്ന റിബലുകളായിരുന്ന മൊയ്‌തീന്റെയും കാഞ്ചനമാലയുടെയും മനസ്സില്‍ പ്രണയം മുളപൊട്ടിയിരുന്നു.മൊയ്‌തീന്റെയും കാഞ്ചനമാലയുടെയും അച്‌ഛന്മാര്‍ നല്ല ചങ്ങാതിമാരായിരുന്നു. എങ്കിലും ഇരുവരുടെയും പ്രണയം അംഗീകരിക്കാന്‍ ഇരുവീട്ടുകാര്‍ക്കും കഴിയുമായിരുന്നില്ല.കാഞ്ചനമാല വീട്ടുതടങ്കലിലായി. കത്തുകള്‍ ആരും വായിക്കാതിരിക്കാന്‍ പത്തുവര്‍ഷം കൊണ്ട് ഇവര്‍ക്കു മാത്രം വായിക്കാനറിയാവുന്ന ഒരു ലിപി മൊയ്‌തീനും കാഞ്ചനമാലയും കണ്ടെത്തി.കാഞ്ചനമാല തുടര്‍ച്ചയായി ഇരുപത്തഞ്ചുവര്‍ഷം വീട്ടുതടങ്കലില്‍ കഴിഞ്ഞു. ഒരിക്കലും ഒന്നിക്കാനാവാതെ നാല്‍പ്പത്തിമൂന്നാമത്തെ വയസില്‍ മൊയ്‌തീനും മരിച്ചു. ഇന്ന് മൊയ്‌തീന്റെ ഓര്‍മ്മയില്‍ ജീവിക്കുന്ന കാഞ്ചനമാലയ്‌ക്ക് എഴുപത്തിനാലു വയസായി.
ചിത്രീകരണഘട്ടം മുതല്‍ വിവിധ കോണുകളില്‍ നിന്ന് ആരോപണമുയര്‍ന്ന ചിത്രമാണ് എന്ന് നിന്റെ മൊയ്‌തീന്‍. എന്നാല്‍ മലയാളികള്‍ ആരോപണങ്ങളുടെയൊക്കെ മുനയൊടിച്ച് എന്ന് നിന്റെ മൊയ്‌തീനെ ചരിത്രവിജയത്തിലേക്ക് ആനയിച്ചിരിക്കുന്നു.നന്മ നിറഞ്ഞ പ്രണയത്തിന് സല്യൂട്ട് നല്‍കിയാണ് മലയാളി പ്രേക്ഷകസമൂഹം മൊയ്‌തീനും കാഞ്ചനമാലയ്‌ക്കും ഹൃദയത്തില്‍ ഇടം നല്‍കിയിരിക്കുന്നത്.
കടപ്പാട്: മംഗളം