കൊച്ചി: കരിപ്പൂർ സ്വർണക്കള്ളക്കടത്ത് കേസിൽ മുഹമ്മദ് ഷാഫി കസ്റ്റംസിന് മുന്നിൽ ഹാജരായി. രാവിലെ പതിനൊന്നു മണിയോടെയാണ് ഓഫിസിൽ എത്തിയത്. സ്വര്‍ണക്കടത്തിലെ പ്രധാന പ്രതിയെന്ന് സംശയിക്കുന്ന അര്‍ജുന്‍ ആയങ്കിയെ ഒളിവില്‍ താമസിക്കാന്‍ മുഹമ്മദ് സഹായിച്ചെന്നാണ് കസ്റ്റംസ് പറയുന്നത്. മുഹമ്മദിന്റെ വീട്ടില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു.കഴിഞ്ഞ ആഴ്ച്ച സ്വർണക്കടത്ത് കേസിൽ കസ്റ്റംസിന് മുന്നിൽ ചോദ്യം ചെയ്യലിന് വിധേയനാകാൻ എത്തിയ മുഹമ്മദ് ഷാഫിയെ തിരിച്ചയച്ചിരുന്നു. പറഞ്ഞ ദിവസം വന്നാൽ മതിയെന്നായിരുന്നു അന്വേഷണ സംഘം പറഞ്ഞത്.
അതിനു മുൻപ് ഹാജരാകാൻ നോട്ടീസ് നൽകിയെങ്കിലും മുഹമ്മദ് ഷാഫി കസ്റ്റംസിൽ ഹാജരായിരുന്നില്ല. വയറു വേദനയാണ് കാരണം പറഞ്ഞത്. എത്താനാകില്ലെന്ന് ഷാഫിയുടെ അഭിഭാഷകൻ കസ്റ്റംസിനെ അറിയിക്കുകയായിരുന്നു. അടുത്ത ദിവസം ഹാജരാകുമെന്നാണ് പറഞ്ഞെങ്കിലും തിങ്കളാഴ്ച മതിയെന്ന് കാണിച്ചു കസ്റ്റംസ് നോട്ടീസ് അയച്ചിരുന്നു.
ഇത് വകവെയ്ക്കാതെയാണ് ഷാഫി അടുത്ത ദിവസം കമ്മീഷണർ ഓഫിസിൽ പതിനൊന്നു മണിയോടെ അഭിഭാഷകനൊപ്പം എത്തിയത്. എന്നാൽ പത്തു മിനിറ്റിനകം തന്നെ തിരിച്ചെത്തി, വന്ന കാറിൽ തന്നെ മടങ്ങുകയായിരുന്നു. നേരത്തെ ഷാഫിയുടെ വീട്ടിൽ കസ്റ്റംസ് നേരത്തെ പരിശോധന നടത്തുകയും ഇലക്ട്രോണിക് വസ്തുക്കൾ അടക്കം പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
കേസിലെ മുഖ്യപ്രതികളായ മുഹമ്മദ് ഷെഫീഖിനെയും അർജുൻ ആയങ്കിയെയും ചോദ്യം ചെയ്തതിൽ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഷാഫിയോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് അയച്ചത്. ടി പി വധക്കേസിൽ പ്രതിയായ ഷാഫി നിലവിൽ പരോളിലാണ്. മറ്റൊരു പ്രതിയായ കൊടി സുനിയെയും ജയിലിൽ ചോദ്യം ചെയ്യാനുള്ള ഒരുക്കത്തിലാണ് കസ്റ്റംസ്. കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിൽ കണ്ണൂർ സംഘത്തിന്റെ രക്ഷിതാക്കൾ കൊടി സുനിയും ഷാഫിയുമാണെന്നാണ് കോടതിയിൽ സമർപ്പിച്ച കസ്റ്റംസ് റിപ്പോർട്ട്.
അതേ സമയം കരിപ്പൂർ സ്വർണ്ണക്കള്ളക്കടത്ത് കേസിൽ രണ്ട് പേർ കൂടി സ്റ്റംസ് കസ്റ്റഡിയിൽ ആയി. മുഹമ്മദ് ഷാഫി, അർജുൻ ആയങ്കി എന്നിവർക്ക് സിംകാർഡ് എടുത്തു നൽകിയവർ ആണ് കസ്റ്റഡിയിൽ ആയത്. ഇന്നലെ രാത്രി കൊച്ചിയിൽ നിന്നാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്.പാനൂർ സ്വദേശി അജ്മൽ, ഇയാളുടെ സുഹൃത്തായ ആഷിഖ് എന്നിവരാണ് ആണ് കസ്റ്റഡിയിൽ ആയത് പാനൂരിലെ സകീനയുടെ മകൻ ആണ് അജ്മൽ. സക്കീനയെ ഇന്നലെ ചോദ്യം ചെയ്തിരുന്നു.
ഇതിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവരെ രാത്രി തന്നെ കസ്റ്റഡിയിലെടുത്തത്. ഇവരോട് പതിനഞ്ചാം തീയതി ഹാജരാകാൻ ആയിരുന്നു നേരത്തെ കസ്റ്റംസ് ആവശ്യപ്പെട്ടിരുന്നത. സക്കീനയുടെ മേൽവിലാസവും ഉപയോഗിച്ചുകൊണ്ട് ഇവർ അർജുനും മുഹമ്മദ് ഷാഫിക്കും സിംകാർഡുകൾ തരപ്പെടുത്തി കൊടുത്തു എന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. സക്കീനയും ഇത് ശരിവെച്ച മൊഴിനൽകിയിട്ടുണ്ട്. കളക്കടത്ത് സംഘവുമായി ഇവർക്ക് നേരിട്ടോ അല്ലാതെയോ ബന്ധമുണ്ടോ എന്നാണ് കസ്റ്റംസ് പരിശോധിക്കുന്നത്. ഇതിൻറെ ഭാഗമായാണ് ഇരുവരെയും ഇന്ന് ഷാഫിക്കൊപ്പം ചോദ്യം ചെയ്യുന്നത്.