ടിപി രക്തസാക്ഷിത്വ ദിനമടുത്തു !..ഒഞ്ചിയത്ത് ആര്‍എംപി പ്രവര്‍ത്തകന് വെട്ടേറ്റു

കോഴിക്കോട്: കോഴിക്കോട് ഒഞ്ചിയത്ത് ആര്‍എംപി പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം. കുന്നുമ്മക്കര സ്വദേശി വിഷ്ണുവിനെ അക്രമി സംഘം വെട്ടി പരിക്കേല്‍പ്പിച്ചു. ഇയാളെ വടകര സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.തിങ്കളാഴ്ച രാത്രി പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. മെയ് നാലിന് നടക്കുന്ന ടിപി ചന്ദ്രശേഖരന്‍ രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ചുള്ള പ്രചാരണ പോസ്റ്ററുകള്‍ ഒഞ്ചിയത്തും പരിസര പ്രദേശങ്ങളിലും ഒട്ടിച്ച് മടങ്ങവെയാണ് ആക്രമണമുണ്ടായത്.ആര്‍എംപി പ്രവര്‍ത്തകരായ വിഷ്ണു,ധനേഷ് എന്നിവരെ രണ്ട് ബൈക്കുകളിലായി എത്തിയ ആറംഗ സംഘം ആക്രമിക്കുകയായിരുന്നു. വിഷ്ണുവിനെ വെട്ടി പരിക്കേല്‍പ്പിക്കുകയും ധനേഷിനെ മര്‍ദ്ദിക്കുകയും ചെയ്തു.

മര്‍ദ്ദനമേറ്റ ധനേഷും ചികിത്സയിലാണ്.ടിപി ചന്ദ്രശേഖരന്‍ അനുസ്മരണ യോഗത്തിന് മുന്നോടിയോയി പ്രദേശത്ത് സംഘടര്‍ഷമുണ്ടാക്കാനുള്ള സിപിഎം നീക്കമാണ് ആക്രമണത്തിന് പിന്നിലെന്ന് കെകെ രമ പ്രതികരിച്ചു. എന്നാല്‍ ആരോപണം സിപിഎം ജില്ലാ നേതൃത്വം നിഷേധിച്ചു.ഒരാഴ്ച  മുന്‍പാണ് പ്രവാസിയായ വിഷ്ണു നാട്ടിലെത്തിയത്. സര്‍ക്കാരിനെ വിമര്‍ശിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റിടാറുള്ള വിഷ്ണുവിന് നേരെ ഭീഷണി ഉള്ളതായി ആര്‍എംപി പ്രവര്‍ത്തകര്‍ പറഞ്ഞു. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ട്.സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top