അജ്മല്‍ കസബിന്റെ പിന്മുറക്കാരോ ഇന്ത്യയില്‍ ? മുംബൈയില്‍ കണ്ട ആയുധധാരിയുടെ രേഖാചിത്രം പോലീസ് പുറത്തുവിട്ടു, കനത്ത സുരക്ഷാ സംവിധാനത്തില്‍ മുംബൈ

 

മുംബൈയില്‍ ആയുധധാരികളെ കണ്ടെത്തിയെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സുരക്ഷാസേന തെരച്ചില്‍ തുടരുന്നു. ഇന്നലെ രാവിലെ ആറു മണിയോടെ മുംബൈയിലെ ഉറാനില്‍ ആയുധധാരികളെ കണ്ടെന്ന വിവരം രണ്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ് കൈമാറിയത്. കറുത്ത വേഷം ധരിച്ച ചിലര്‍ ആയുധങ്ങളുമായി സഞ്ചരിക്കുന്നത് കണ്ടെന്നായിരുന്നു വിദ്യാര്‍ത്ഥികള്‍ പറഞ്ഞത്. യുഇഎസ് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ പ്രിന്‍സിപ്പാളിനെയാണ് ആദ്യം വിവരം അറിയിച്ചത്. തുടര്‍ന്ന് പ്രിന്‍സിപ്പാള്‍ പൊലീസിനെ അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് നാവികസേന വിവരം മുംബൈ ഭീകരവിരുദ്ധ സേനയ്ക്കും മറ്റ് സുരക്ഷാ ഏജന്‍സികള്‍ക്കും കൈമാറുകയായിരുന്നു.

തുടര്‍ന്ന് നഗരത്തില്‍ ദേശീയ സുരക്ഷാ വിഭാഗത്തെ(എന്‍എസ്ജി) വിന്യസിച്ചു. നഗരത്തില്‍ നിന്ന് 47 കിലോമീറ്റര്‍ അകലെയുള്ള ഉറാനില്‍ തോക്കുധാരികളെ കണ്ടതായാണ് ഇന്നലെ റിപ്പോര്‍ട്ട് പുറത്തു വന്നത്. മഹാരാഷ്ട്രാ പോലീസും ഭീകരവിരുദ്ധ സേനയും നാവിക സേനയുമാണ് തെരച്ചില്‍ നടത്തുന്നത്. ഇതുവരെ ഒരു വിവരവും കിട്ടാത്ത സാഹചര്യത്തില്‍ ഒരാളുടെ രേഖാചിത്രം പോലീസ് തയ്യാറാക്കിയിട്ടുണ്ട്. 20 വയസ്സില്‍ താഴെ മാത്രം പ്രായം വരുന്ന മെലിഞ്ഞ ഒരാളുടെ ചിത്രമാണ് പോലീസ് പുറത്തുവിട്ടിട്ടുള്ളത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംശയകരമായി എന്തെങ്കിലും കണ്ടെത്തിയാല്‍ വിവരം ഉടന്‍ അറിയിക്കണമെന്ന് പൊതുജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഉറാന്റെ സമീപ പ്രദേശങ്ങളില്‍ സ്ഥിതി ചെയ്യുന്ന ജവഹര്‍ലാല്‍ തുറമുഖവും ഭാഭാ ആറ്റോമിക് റിസര്‍ച്ച് സെന്ററിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. എല്ലാ മേഖലകളും നിരീക്ഷണത്തിലാണ്. ഇന്നലെ രാവിലെയാണ് സംശയാസ്പദമായ സാഹചര്യത്തില്‍ നാലു പേരെ കണ്ടതായി പോലീസിന് വിവരം കിട്ടിയത്. രാവിലെ സായുധരായി മുഖംമറച്ച കറുത്ത വസ്ത്രം ധരിച്ച അഞ്ചു പേരെ ഐഎന്‍എസ് അഭിമന്യുവിന് സമീപം കണ്ടെത്തിയതായി ഉറാന്‍ എഡ്യൂക്കേഷന്‍ സൊസൈറ്റിയിലെ രണ്ടു വിദ്യാര്‍ത്ഥികള്‍ അധ്യാപകരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് മഹാരാഷ്ട്രാ പോലീസും നാവിക സേനയും വ്യാഴാഴ്ച രാത്രി വൈകിയും തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മുംബൈയിലെങ്ങും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

അതേസമയം കണ്ടെത്തിയത് തീവ്രവാദികളെയാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. പാകിസ്താന്‍കാര്‍ ധരിക്കുന്ന രീതിയിലുള്ള പത്താന്‍കോട്ട് ധരിച്ച അപരിചിതമായ ഭാഷയില്‍ സംസാരിക്കുന്ന തോക്കുധാരികളെന്നാണ് കുട്ടികള്‍ നല്‍കിയ മൊഴി. കഴിഞ്ഞ ഞായറാഴ്ചയാണ് വടക്കന്‍ കശ്മീരിലെ ഉറിയില്‍ സൈനിക ക്യാമ്പില്‍ നുഴഞ്ഞുകയറി തീവ്രവാദികള്‍ ആക്രമണം നടത്തിയത്.

മുംബൈ തുറമുഖത്തിന് എതിരായി സ്ഥിതി ചെയ്യുന്ന നേവിയുടെ ആയുധ ഡിപ്പോയായ ഐഎന്‍എസ് അഭിമന്യൂവിലും ജാഗ്രതാ നിര്‍ദ്ദേശം കൈമാറിയിട്ടുണ്ട്. 2008ല്‍ വന്‍ ആയുധ സന്നാഹവുമായെത്തിയ ലഷ്‌കര്‍ ഭീകരര്‍ മുംബൈയില്‍ ആക്രമണം നടത്തിയിരുന്നു. അന്ന് 150 പേരാണ് കൊല്ലപ്പെട്ടത്. മൂന്ന് ദിവസം നീണ്ടു നിന്ന പോരാട്ടത്തിനൊടുവില്‍ ഒമ്പത് തീവ്രവാദികളെ സൈന്യം വധിച്ചു. അജ്മല്‍ കസബ് എന്ന തീവ്രവാദി ജീവനോടെ പിടിയിലാവുകയും പിന്നീട് തൂക്കിക്കൊല്ലുകയും ചെയ്തു.

Top