എംഎല്‍എ രാജേന്ദ്രനെതിരെ കേസെടുത്ത എസ്‌ഐയെ സ്ഥലം മാറ്റി; ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്

മൂന്നാര്‍: എസ്.രാജേന്ദ്രന്‍ എംഎല്‍എയ്ക്കെതിരെ കേസെടുത്ത എസ്ഐയെ സ്ഥലം മാറ്റി. മൂന്നാര്‍ എസ്ഐ കെ.ജെ. വര്‍ഗീസിനെയാണ് കട്ടപ്പനയിലേക്ക് സ്ഥലം മാറ്റിയത്. മൂന്നാര്‍ ട്രൈബ്യൂണല്‍ കോടതി കെട്ടിടത്തില്‍ അതിക്രമിച്ച് കയറിയതിനാണ് എംഎല്‍എയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്.

അതേസമയം, സ്ഥലംമാറ്റം ശിക്ഷാനടപടിയല്ലെന്നാണ് പൊലീസ് വിശദീകരണം. എസ്.ഐ ആവശ്യപ്പെട്ടതനുസരിച്ചാണ് സ്ഥലംമാറ്റം നല്‍കിയതെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ വിശദീകരണം. എസ്.ഐയുടെ വീട് കട്ടപ്പനയ്ക്കടുത്ത പ്രദേശമായ മുണ്ടക്കയത്താണെന്നും എസ്.ഐ സ്ഥലംമാറ്റം ആവശ്യപ്പെട്ടിരുന്നുവെന്നുമാണ് പൊലീസ് പറയുന്നത്. എന്നാല്‍ കേസെടുത്തതിനുള്ള ശിക്ഷാനടപടി എന്ന തരത്തിലാണ് ഇപ്പോള്‍ ഈ സ്ഥലംമാറ്റം എന്നാണ് പൊലീസ് വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം.

ചൊവ്വാഴ്ച ഉച്ചയ്ക്കാണ് എസ്.രാജേന്ദ്രന്‍ എം.എല്‍.എ, ദേവികുളം തഹസീല്‍ദാര്‍ പി.കെ.ഷാജി, ഗവ.കോളേജിലെ അദ്ധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരുടെ നേതൃത്വത്തില്‍ ട്രൈബ്യൂണല്‍ കോടതിയിലെത്തിയത്. ഉരുള്‍പൊട്ടലില്‍ തകര്‍ന്ന ഗവ.കോളേജ് പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള സാദ്ധ്യത തേടിയാണ് ഇവരെത്തിയത്. ഈ സമയം ട്രൈബ്യൂണല്‍ അംഗം എന്‍.കെ.വിജയന്‍, ജീവനക്കാര്‍ എന്നിവര്‍ സ്ഥലത്തുണ്ടായിരുന്നു. കെട്ടിടത്തിന്റെ മുകള്‍നിലയിലെ മുറികളുടെ താക്കോല്‍ എം.എല്‍.എ ആവശ്യപ്പെട്ടു. ജീവനക്കാര്‍ താക്കോല്‍ കൊണ്ടുവരുന്നതിന് മുന്‍പ് സംഘത്തിലുണ്ടായിരുന്നവര്‍ പുട്ടുകള്‍ തകര്‍ന്ന് ഉപകരണങ്ങള്‍ പുറത്തേക്ക് എറിയുകയായിരുന്നു.

തുടര്‍ന്ന് മുകള്‍ നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന കോടതി മുറിയിലെ സാമഗ്രികള്‍ പുറത്തിട്ട ശേഷം എം.എല്‍.എയുടെ നേതൃത്വത്തില്‍ കസേരകള്‍ നിരത്തി വിദ്യാര്‍ത്ഥികളെ ഇരുത്തി, ക്ലാസ് എടുക്കുവാന്‍ അദ്ധ്യാപകര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഈ സംഭവങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയായിരുന്ന ജീവനക്കാരന്‍ സുമി ജോര്‍ജിനെ സംഘാംഗങ്ങള്‍ വളഞ്ഞിട്ട് മര്‍ദിക്കുകയും ചിത്രങ്ങളും, വീഡിയോയും ഡിലീറ്റ് ചെയ്യിപ്പിക്കുകയും ചെയ്തു.ഇതിനു ശേഷമാണ് സംഘം മടങ്ങിയതെന്ന് കോടതി ജീവനക്കാര്‍ അറിയിച്ചു.

Top